Friday, June 6, 2014

കുട്ടിക്കടത്തിന്റെ കാണാപ്പുറങ്ങൾ

   
   ഇന്നലത്തെ പത്ര താളുകളിലെ ആ ചിത്രം എന്നെ ഇപ്പോഴും വേട്ടയാടുന്നു. ഒരു വനിതാ പോലിസ്കാരി ഇരുന്നോറോളം കുട്ടികളെ വളഞ്ഞു നിർത്തി അതിന്റെ ഒത്ത നടുവിൽ ഒരു സൈഡ് ലേക്ക് കൈ ചൂണ്ടി ആക്രോശിക്കുന്ന ചിത്രവും യതീം ഖാനയിലെക്കുള്ള കുട്ടിക്കടത്തിന്റെ പൊലിപ്പിച്ച വാർത്തയും. ആ പോലീസ് കാരിയുടെ മുഖത്ത് ഒരല്പം പോലും ദയയുടെ അംശം പോലും കാണാനില്ല. മറിച്ചു നിരന്നു നില്കുന്ന കുട്ടികൾ എല്ലാം ഭയന്ന് വിറച്ചു നില്കുന്ന ചിത്രം..!

                              400 കുട്ടികളെ കേരളത്തിലേക്ക് കടത്തി പോൽ. വിദ്യാഭ്യാസം ആയിരുന്നു ആ കുട്ടികളുടെ ലക്ഷ്യം എന്നത് തന്നെയാണ് മലയാള ഭൂവിലുള്ള ഒട്ടു മിക്ക ബുദ്ധിജീവികളുടെയും അവസാന പക്ഷം. അത് അങ്ങിനെ മനസ്സിലാക്കാൻ ഐൻസ്റ്റൈൻറെ ബുദ്ധി വേണമെന്നില്ലല്ലോ. ആ കൂട്ടത്തിലെ പകുതി പേരും അതേ സ്ഥാപനത്തിലെ വിദ്യാർഥികൾ ആയിരുന്നു എന്നത് മാത്രം കേട്ടാൽ മതി. എന്നിട്ടും കൊണ്ടുവന്നവരെക്കൾ വെട്ടയാടപ്പെട്ടത്‌ ആ കൊച്ചു കുട്ടികൾ ആയിരുന്നു. നമ്മുടെ നാട്ടിലെ കുട്ടികളുടെ കാര്യം ആലോചിച്ചാൽ മനസ്സിലാവും അവര്ക്ക് എത്ര കണ്ടു പോലീസിനെ പേടിയാണെന്ന്. ആ സംഭവത്തിന്‌ ശേഷം അതിലെ കുട്ടികളിൽ കുറച്ചു പേര് പനി വന്നു ആശുപത്രിയിലും ആയതിൽ നിന്ന് പോലീസ് അവരോടു എങ്ങിനെ പെരുമാറിയിട്ടുണ്ടാവും എന്ന് ഊഹിചെടുക്കാം. ( പേടിച്ചു മൂത്രമൊഴിക്കാത്ത കുഞ്ഞുങ്ങൾ അതിലുണ്ടാവുമോ ആവൊ..? ).

                 എത്ര തലങ്ങും വിലങ്ങും വായിച്ചിട്ടും എനിക്ക് മനസ്സിലാവാത്ത കാര്യം ആ കുഞ്ഞുങ്ങൾ ചെയ്ത കുറ്റമാണ്. തന്റെ ചേട്ടന്മാർ പഠിക്കുന്ന പോലെ പഠിക്കണം എന്ന് ആഗ്രഹിച്ചതാണോ അവര് ചെയ്ത തെറ്റ്..? സ്കൂളിൽ ചേർത്തിയ ദിവസം മുതൽ സ്കൂൾ ബാഗ്‌ മുതുകത്തു നിന്ന് മാറ്റാത്ത, പാതി രാത്രി എഴുന്നേറ്റു " നാളെ സ്കൂളിൽ കൊണ്ടോവോ..? " എന്ന് ചോദിക്കുന്ന 4 വയസുകാരിയുടെ അച്ഛനായ എനിക്ക്, ആ കൂട്ടത്തിലെ ഓരോ കുട്ടിയുടെയും ആഗ്രഹവും ആവേശവും മനസ്സിലാവുന്ന പോലെ ഓരോ അച്ഛനും മനസ്സിലാവും. അതിനു പക്ഷെ സംഭോഗത്തിന്റെ ഉപോല്പന്നം ആയി കുഞ്ഞുങ്ങളെ കാണുന്ന പരിഷ്കൃത കേരളത്തിന്റെ പിതൃ ധർമ്മം പോര...!

            പത്രങ്ങളിൽ ഈ വാർത്ത‍ വന്നു നിറഞ്ഞത്‌ മുതൽ, ഇതിനെ എങ്ങിനെ വിലയിരുത്തിയാലാണ് തൻറെ രാഷ്ട്രീയ, മത നേതൃ മുന്നേറ്റം സാധ്യമാവുക എന്ന് നോക്കിയാണ് ഓരോ നേതാവും പ്രതികരിച്ചത്. പോലീസ് പിന്നെ തങ്ങളുടെ തലയ്ക്കു വെളിവ് കുറവാണെന്ന് പണ്ട് മുതലേ ആവർത്തിച്ചു തെളിയിക്കുന്നവരാണ്. നാണമില്ലാതെ മത നേതാക്കളും രാഷ്ട്രീയ നേതാക്കളും വരെ തങ്ങളുടെ "വിലയിരുത്തലുകൾ' നടത്തിയപ്പോൾ ആഭ്യന്തര മന്ത്രി വരെ മനുഷ്യത്വമില്ലാത്ത വിശകലങ്ങൾ നടത്തിയത് നാം കണ്ടു. കുഞ്ഞുങ്ങൾ മതം ഏതായികൊള്ളട്ടെ..അവരുടെ സ്വപ്‌നങ്ങൾ ഒന്നായിരുന്നു. ആഗ്രഹങ്ങൾ ഒന്നായിരുന്നു. കുഞ്ഞുങ്ങളെ കൊണ്ടുവന്നവർ തെറ്റ് ചെയ്തവരെങ്കിൽ അവരെ മാതൃക പരമായി ശിക്ഷിക്കട്ടെ. കേരളമെന്ന സ്വപ്നഭൂമിയിൽ എത്തുന്ന വരെ നെഞ്ചിലും മനസ്സിലും ആവേശത്തിന്റെ വീർപ്പുമുട്ടലുമായി പുതിയ സ്കൂൾ തേടി വന്ന ആ പിഞ്ചു മനസ്സുകളെ കൊത്തി വലിക്കുന്നത് നിർത്താൻ ഇനിയെന്താണ് വേണ്ടത്.?

പത്തു പെറ്റാലും പട്ടി പെറ്റാലും മാവ് വീണാലും മ്ലാവ് വീണാലും ആർത്ത് ചിലച്ചു വരുന്ന അജിതമാരുടെയും സാറമാരുടെയും നിഴൽപോലും ഈ മനുഷ്യകുഞ്ഞുങ്ങളുടെ അടുത്ത് വന്നില്ല. ജുവനെയിൽ ബുദ്ധിജീവികളുടെ കസർത്തും കുഞ്ഞുങ്ങളുടെ ഭീതി മാറ്റിയില്ല. സാംസ്കാരിക നായകന്മാർ ഒന്നടങ്കം ഏത് മാളത്തിൽ പോയൊളിച്ചു..? "സംഭവം മതമല്ലേ..ജനങ്ങള് തങ്ങളെ കല്ലെറിയില്ലേ..? പിന്നെ ഈ ജനങ്ങൾ തങ്ങളെ സാംസ്കാരിക നായകർ എന്ന് എങ്ങിനെ വിളിക്കും..?? "  ത്ഫൂൂ... നാണമില്ലല്ലോ... മനുഷ്യത്വത്തെ കൂട്ടികൊടുത്തു പ്രശസ്തി നേടാൻ ശ്രമിക്കുന്ന വിവരമുള്ള കൊടിച്ചിപ്പട്ടികൾ..! നിങ്ങൾ ഓരോരുത്തരുടെയും പ്രകൃതി-ജന്തു-മനുഷ്യ സ്നേഹം പ്രശസ്തിയുടെ പടവുകൾ കേറാൻ മാത്ത്രമുള്ളതാണെന്ന് ഇന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

        സാംസ്കാരിക കേരളമേ..ലജ്ജിക്കൂ..! നിന്നെ പ്രധിനിധാനം ചെയ്യുന്നത് ഈ നപുംസകങ്ങൾ ആണല്ലോ..!

           


Wednesday, April 30, 2014

ഇൻവിറ്റേഷൻ



തുറന്നു വെച്ച ഓഫീസിൻറെ ചില്ല് വാതിൽ ചാരിനിന്ന് അവൻ തിമിർത്തു പെയ്യുന്ന മഴ നോക്കി നിന്നു.  മഴയെ കീറി മുറിച്ചു പായുന്ന തീവണ്ടി ഇന്ന് തൻറെ ചിന്തകളെ പോലെ നിശ്ശബ്ദമായതായി അവനു തോന്നി. പിന്നിൽ അശ്വതിയുടെ കാൽപെരുമാറ്റം കേട്ടപ്പോഴാണ് എവിടെയൊക്കെയോ മേഞ്ഞു നടന്നിരുന്ന  സ്വബോധത്തെ പെറുക്കി കൂട്ടി എടുത്തു തിരിഞ്ഞു നിന്നു അവളോട്‌ ചിരിച്ചെന്നു വരുത്തി.
ഹായ് ഉണ്ണി,
എന്തെ അശ്വതി..?
നല്ല മഴ..
ഉം..
ഒട്ടും മുഖവുര ഇല്ലാതെ അവൾ തുടർന്നു, എൻറെ വിവാഹമാണ്..
ആ..ഞാൻ അറിഞ്ഞു.  ഏപ്രിൽ 28 നു അല്ലേ..
അതെ, ഉണ്ണി വരണം..
ഇല്ല..ഞാൻ ഉണ്ടാവില്ല..എനിക്ക്... അവൻ വാക്കുകൾക്ക് വേണ്ടി പരതി,
അത് പറ്റില്ല, ഗിഫ്റ്റ് തരേണ്ടി വരും എന്ന് കരുതീട്ടല്ലേ..?
വീണ്ടും മഴയിലേക്ക്‌ നോക്കി അവൻ അതിനു മറുപടി നല്കി. അല്ല, അത് വേണേൽ ഞാൻ ഇപ്പൊ തരാം.
എന്നാ താ.. ഇപ്പൊ തന്നേക്ക്‌.
അവൻ തിരിഞ്ഞു അൽപ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
എന്താ തരണില്ലേ...?
ഉം..
അവൻ അവളുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.. പറയാതെ വെച്ച ഒരു വർഷത്തെ പ്രണയം വലതു കൈ കൊണ്ട് അവളുടെ നിറുകയിൽ  തുടച്ചു കളഞ്ഞു അവൻ ആർത്തുപെയുന്ന മഴയിലേക്കിറങ്ങി നടന്നു. മഴയുടെ പുകമറയിൽ അവൻ അലിഞ്ഞില്ലാതാവുന്നത് വരെ അശ്വതി അവനെ കണ്ടു. ഇടക്കെപ്പോഴോ വഴി തെറ്റി വന്നൊരു മഴതുള്ളി അവളുടെ കണ്ണുകളിൽ വീണു കവിളിലൂടെ ഒലിച്ചിറങ്ങി.

Saturday, December 28, 2013

സാധാരണക്കാരന്റെ പ്രത്യേയശാസ്ത്രം


കാലാ കാലങ്ങളിൽ പാർടികൾ ഉണ്ടാവുന്നതും പിളരുന്നതും അണയുന്നതും നമ്മുടെ രാഷ്ട്രത്തിന് പുതുമയല്ല. പുതിയതായി ജനിച്ചു വീഴുന്ന പാർട്ടികൾക്ക് ഒരു കാര്യത്തിൽ എന്നും സമാനതയുണ്ടായിരുന്നു. ജനങ്ങൾക്ക്‌ വേണ്ടിയോ രാഷ്ട്രത്തിന് വേണ്ടിയോ ആയിരുന്നില്ല ഇവയൊന്നും ജനിച്ചത്‌. ചിലപ്പോഴൊക്കെ അധികാര മോഹഭംഗങ്ങൾ ആണ് പുതിയ പാർട്ടികൾ ജനിക്കാൻ കാരണമായിട്ടുള്ളതെങ്കിൽ മറ്റുചിലപ്പോൾ ന്യൂനപക്ഷമെന്നൊ ഭൂരിപക്ഷമെന്നൊ, ജാതിയോ മതമോ, ഭാഷയോ പ്രദേശമോ തിരഞ്ഞെടുത്തു വിഘടിപ്പിച്ചു സ്വയം അധികാരത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ഇവര ചെയ്തു കൊണ്ടിരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയെയും പേര് പറയാൻ എനിക്ക് തല്പര്യമില്ലാത്തപ്പോഴും ഇത് വരെ ഉള്ളതും ഉണ്ടായിരുന്നതും എല്ലാം ഈ ജനുസ്സിൽ പെടുന്നവ മാത്രം ആയിരുന്നു.
ഹിന്ദുവിന്റെ നന്മയും ഉന്നമനവും രാഷ്ട്ര രക്ഷയും ലക്ഷ്യമിടുന്ന പാര്ട്ടി ഓരോ ഹിന്ദുവിന്റെയും ചിന്തയും പ്രവൃത്തിയും സങ്കുഞ്ചിതമാക്കുന്നു. മറ്റൊരു മതക്കാരനും രക്ഷപ്പെടെരുത് എന്നോ അവർക്കാർക്കും ഉന്നമനവും നന്മയും ഉണ്ടാവരുതെന്നോ ഇവിടെ ഒരു ഹിന്ദു പോലും കരുതുന്നുണ്ടാവില്ല. മുസ്ലിം ഉന്നമനത്തിന്റെ ബ്രാൻഡ്‌ അംബസ്സഡോർമാരായ ദേശീയ പാർട്ടി പോലും നിലനിലക്കുന്നതു മുസ്ലിംകൾക്ക് നല്ല കാലം വരും എന്ന മലർപൊടിക്കാരന്റെ സ്വപ്നം സജീവമായി നിലനിർത്താൻ പറ്റുന്നത് കൊണ്ടാണ്. തുല്ല്യദൂര സിദ്ധാന്തം വിജയകരമായി പാലിക്കുന്നത് കൊണ്ട് ഒന്നിലധികം തോണികളിൽ കാലൂന്നി കൂട്ടത്തോടെ പൊട്ടന്മാരക്കുന്ന പുരാതന പാർട്ടികൾ അത് കൂസലന്ന്യേ ചെയ്തു കൊണ്ടിരിക്കുന്നു. ആം ആദ്മി പാർട്ടിയുടെ നിലപാടുകളിൽ ഒരു പ്രത്യേക വിഭാഗത്തിനോ തൊഴിലിനോ പരിഗണ ഇല്ലെന്നിരിക്കെ അവർ ലക്ഷ്യമിടുന്നത് ഭാരതത്തിലെ മുഴുവൻ പൌരന്മാരെയും ആണെന്ന് വ്യക്തം. അങ്ങിനെയെങ്കിൽ ഭിന്നിപ്പിച്ചു ഭരിക്കുന്നവർക്കും  ഭരിക്കാൻ ശ്രമിക്കുന്നവർക്കും ഇനി എന്ത് പ്രസക്തിയാണുള്ളത് ?
 ആം ആദ്മി പാർട്ടി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഒരു സാധാരണക്കാരന് താൻ നല്കുന്ന നികുതികൾ രാഷ്ട്രനന്മക്കും  ജന പുരോഗതിക്കും  വിനിയോഗിക്കപ്പെടും എന്ന ഉറപ്പ് നല്കുകയും അഴിമതി മുക്തമായ ഭരണം ഉണ്ടാവുമെന്നുള്ള പ്രതീക്ഷ നല്കുകയും ചെയുന്നു. ആം ആദ്മി ഗവർമെന്റിന്റെ ഭാവി എന്തായാലും അവർ തുടങ്ങി വെച്ചിട്ടുള്ളത്‌ ആരോഗ്യകരമായ ഒരു സമൂലമാറ്റത്തിന്റെ നാന്ദിയാണ്.
സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത് മുതൽ ആം ആദ്മി കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനഹിതമറിയുകയും അതനുസരിച്ച് സ്ഥാനാർഥികളെ നിർണ്ണയിക്കുകയും ചെയ്യുമ്പോൾ നിർണയിച്ചവരുടെ യോഗ്യത അവർ ഉറപ്പ് വരുത്തുന്നുണ്ടെന്നു നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. ജനഹിതം അറിഞ്ഞു തിരഞ്ഞെടുത്ത യോഗ്യരും സുതാര്യരും ആയ സ്ഥാനാർഥികൾക്ക് എതിരാളികളെ നിർത്തുമ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികൾ ഇനി ഒരല്പം ആലോചിക്കേണ്ടി വരും. സ്ഥാനാർഥിയാവുന്ന  ഒരാളുടെ യോഗ്യത ജനങ്ങൾ മാനിക്കുന്ന കാലത്ത്  യോഗ്യരായ ഭരണകർത്താക്കൾ വരും, യോഗ്യതയുള്ള ഭരണം വരും.  കള്ളനും കൊള്ളരുതാത്തവനും,  പെണ്പിടിയനും കൊലയാളിയും സാധാരണക്കാരെ ഭരിക്കുകയും അവരുടെ സ്വത്തു കൊള്ളയടിക്കുകയും പോരാത്തതിനു അവരുടെ നെഞ്ചത്ത് കുതിരകേറുകയും ചെയ്യുന്ന ആനുകാലിക രാഷ്ട്രീയത്തിന് ആം ആദ്മി അഥവാ സാധാരണ മനുഷ്യൻ കൊടുത്ത കനത്ത പ്രഹരമാണിത്. ആം ആദ്മി പാർട്ടിയുടെ ഉദ്ധേശ ലക്ഷ്യങ്ങൾ ച്ചുഴിഞ്ഞന്വേഷിക്കുന്നതിനു മുൻപ് കുത്തഴിഞ്ഞു കിടന്നിരുന്ന ഒരു വ്യവസ്ഥയുടെ പുനരുദ്ധാരണം ആയി ഇതിനെ കാണാം. രാഷ്ട്രീയം എന്നാൽ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും വേറെ വേറെയാണെന്ന തെറ്റിദ്ധാരണയുടെ ഉന്മൂല നാശവും, രാഷ്ട്രീയം എന്നാൽ ഓരോ പൗരനും തന്റെ രാഷ്ട്രത്തോടുള്ള കടപ്പടാണെന്ന വ്യക്തമായ സന്ദേശവും നല്കുന്നു ആം ആദ്മി പാർട്ടി.

Saturday, November 16, 2013

ശല്യപ്പെടുത്തരുത്... അവൻ മാന്യനാണ്..!

മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടി ഭയന്നാണ് ഇന്ന് ബസിൽ ഓഫീസിൽ പോവാം എന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയെയോ ജന സമ്പർക്കത്തിനെയോ എനിക്ക് പേടിയില്ല. പക്ഷെ ഒരു മുഖ്യമന്ത്രിയുടെ കാറിന്റെ വരെ ചില്ലും നെഞ്ചുംകൂടും പൊട്ടിക്കുവാൻ ഈ സമ്പർക്ക കലാപരിപാടി ഹേതുവായെങ്കിൽ എന്നെ പോലെ ഒരു പാവത്തിന്റെ നെഞ്ചുംകൂടിനും കാറിന്റെ ചില്ലിനും എന്ത് ഗ്യാരണ്ടി ആണ് ഉള്ളതെന്ന ഭയം അസ്ഥാനത്തല്ലല്ലോ. കൈ കാണിച്ചപ്പോൾ വിശാല മനസ്കനായ ആ ബസ്‌ ഡ്രൈവർ, തന്റെ പ്രയാണം റോഡിൻറെ ഒരു സൈഡിലൂടെ ആക്കിത്തന്നു. വിശാല മനസ്ഥിതിയിൽ ഡ്രൈവറോട് മത്സരിച്ചു കൊണ്ടിരിക്കുന്ന കിളി എന്നെ കണ്ടതും ഡോർ തുറന്നു വെച്ച് തന്നു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. കീലേരി കുഞ്ഞിക്കണ്ണനെ ധ്യാനിച്ച് ഒറ്റച്ചാട്ടത്തിന് ബസിൽ കേറിപ്പറ്റി. താരതമ്യേനെ തിരക്ക് കുറഞ്ഞ ബസ്സെങ്കിലും സീറ്റ്‌ മുഴുവൻ ഫുൾ.
കയ്യിൽ തടഞ്ഞ കമ്പിത്തൂണിനും സീറ്റിനും ഇടയിലായി നിലയുറച്ചപ്പോൾ സമാധാനം. ചാരി നില്കുന്ന സീറ്റിൽ ഇരിക്കുന്ന മാന്യൻ ഒന്നിളകി ഞാൻ ഇവിടെ ഇരിപ്പുണ്ട് എന്നറിയിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചു ഞാൻ ഇവിടെ നിൽപുണ്ടെന്ന് ഞാനും അറിയിച്ചു കൊണ്ട് അവരെ തൊടാതിരിക്കാൻ ശ്രദ്ധിച്ചു. ബസ്‌ ഡ്രൈവറുടെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ കൂടുംബോഴോഴികെ ഞാൻ സ്റ്റഡി ആയിത്തന്നെ നിന്നു.
റോഡ്‌ കാഴ്ചകളിൽ മുഴുകി നിന്ന എന്നെ പിറകിൽ നിന്നു ശക്തമായി ആരോ തള്ളിയതും എന്റെ തല കമ്പിയിൽ ഇടിച്ചതും വളരെ പെട്ടെന്നായിരുന്നു. നില്പ് ഭദ്രമാക്കി സംഭവിച്ചതെന്തെന്ന് നോക്കിയപ്പോൾ പിന്നിൽ പിറുപിറുത്തു കൊണ്ട് മാന്യൻ ഒന്നുകൂടി ഇളകിയിരുന്നു. തന്റെ ചാരിത്ര്യം ഈയുള്ളവൻ കുണ്ടി കൊണ്ട് കരണ്ട് കൊണ്ടിരിക്കുന്നു എന്ന തോന്നൽ ആവാം ആ മാന്യനെ എന്നെ പിടിച്ചു തള്ളുവാൻ പ്രേരിപ്പിച്ചതെന്ന് ഞാൻ അനുമാനിച്ചു. ജീവനിൽ കൊതിയുള്ളത് കൊണ്ടും ഡ്രൈവറെ ഇനിയും വിശ്വസിക്കാൻ ധൈര്യമില്ലാത്തത് കൊണ്ടും നില്പ് അല്പം ബാക്കിലേക്ക്‌ മാറ്റി ഒരു സീറ്റ്‌ ഒഴിയുന്നതും കാത്തു നിന്നു. മാന്യന്റെ  അരികത്തായി ഒരു സീറ്റ്‌ ഒഴിഞ്ഞതും അത് കയ്യേറാൻ ഞാൻ ചെന്നതും അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. അടുപ്പിച്ചടുപ്പിച് പണിഞ്ഞ സീറ്റിൽ നിന്നു മാന്യൻ അനങ്ങാൻ തയ്യാറായില്ല. ഇനി ഇപ്പൊ ഇരിക്കണമെങ്കിൽ മാന്യന്റെ കടന്നു വേണം നടുവിലെ സീറ്റിൽ എത്താൻ. ഇനി എന്റെ കാല് മാന്യന്റെ കാലിൽ തട്ടുമ്പോൾ അവരുടെ പ്രതികരണം എന്താവും എന്ന ഒരു ചെറു ഭീതിയോടെ ചാടി കടന്നു സീറ്റിൽ ഒരല്പം സ്ഥലം കിട്ടി. മൂന്നു പേർക്കു ഇരിക്കാവുന്ന സീറ്റിൽ രണ്ടു പേരുടെ സ്ഥലം മാന്യൻ കയ്യേറി കൈ മുട്ട് മടക്കി വെച്ച് ലാവിഷായി ഇരിക്കുന്നു. ചന്തി സീറ്റിൽ ഉറപ്പിച്ച് മുന്നോട്ടു മടങ്ങി ഞാൻ ഒരു പരുവത്തിൽ ഇരുന്നു മാന്യന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് അവക്ഞ്ഞ അല്ലെങ്കിൽ പുച്ഛം എന്ന ഭാവത്തിന്റെ വിവിധ സബ്-ഭാവങ്ങൾ വിരിയുന്നത് ഞാൻ കണ്ടു.
വഴിയിൽ ബസ്‌ നിർത്തിയപ്പോൾ ഇരച്ചു കയറിയ പെണ്കൂട്ടം അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം ശബ്ദ മുഖരിതമാക്കി. ഞെക്കി ഞെരുങ്ങി ഇരുന്നിരുന്ന എനിക്ക് അവരുടെ വായിൽനോക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സൌകര്യമില്ലയിരുന്നത് കൊണ്ട് അതിനു തുനിഞ്ഞില്ല.പക്ഷെ എന്തുകൊണ്ടെന്നറിയില്ല സാവകാശം എന്റെ സീറ്റിൽ യഥേഷ്ടം സ്ഥലം വന്നു നിറയുന്നുണ്ടായിരുന്നു.എന്താണ് ഇതിന്റെ ഗുട്ടൻസ് എന്നറിയാൻ മാന്യനെ നോക്കിയപ്പോഴാണ് ഗുട്ടൻസിന്റെ നീണ്ട കൈകൾ കണ്ടത്. എന്നെ ഞെരുക്കി അകത്തേക്ക് ലാവിഷായി ഇരുന്ന മാന്യൻ ഇപ്പോൾ കുനിഞ്ഞു കഷ്ടപ്പെട്ട് മുന്നിലെ സീറ്റിൽ കൈ വെച്ച് ചാരി നില്കുന്ന പെണ്ണിനെ തോണ്ടാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. തൊണ്ട് കിട്ടിയവർ കിട്ടാത്തവർക്ക് വേണ്ടി അവിടം വിടുന്നു.മാറി മാറി വരുന്നവരെ മാന്യൻ തന്റെ മാന്യത അറിയിച്ചു കൊണ്ടേ ഇരിക്കുന്നു.
ഞാൻ ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണോ എന്തോ അയാൾ കൈ പിന്നോട്ട് വലിച്ചു ഒന്നൂടെ അമർന്നിരുന്നു എന്നെ നോക്കി. നേരത്തെ കണ്ട അതേ നോട്ടം..പുച്ഛം കലർന്ന ആ നോട്ടത്തിനു ഒരു ആത്മഗതം പോലെ ഞാൻ മറുപടി പറഞ്ഞു..." ശരി...മാന്യാ.."

Thursday, November 14, 2013

സച്ചിൻ...പ്രിയപ്പെട്ട സച്ചിൻ...


ഞാൻ കാണുന്ന ക്രിക്കറ്റിൽ എന്നും അങ്ങുണ്ടായിരുന്നു...
അങ്ങിനെയല്ലെങ്കിൽ, അങ്ങുണ്ടായിരുന്ന ക്രിക്കറ്റ്‌ ആണ് ഞാൻ എന്നും കണ്ടിരുന്നത്‌...ഞാൻ ഇഷ്ടപ്പെട്ടിരുന്നത്...
ഞാൻ ക്രിക്കറ്റ്‌ കളിച്ചത് അങ്ങ് അത് കളിച്ചിരുന്നത് കൊണ്ട് മാത്രമാണ്..
കളിക്കളത്തിലെ ഓരോ അനക്കങ്ങളിലും ഞാൻ അങ്ങയെ പോലെയാവാൻ ആഗ്രഹിച്ചു..ശ്രമിച്ചു..
അങ്ങയുടെ ചിരിയും നടത്തവും സംസാരവും ഞാൻ അപ്പാടെ പകർത്തിക്കൊണ്ടിരുന്നു..
അങ്ങയെപ്പോലെ ഒരിക്കലും ആവാൻ കഴിയില്ലെന്ന യാഥാർത്ഥ്യ ബോധത്തിനൊടുവിൽ അങ്ങ് ദൈവം ആണെന്ന് തിരിച്ചറിഞ്ഞു..
കളിക്കളത്തിനപ്പുറത്ത് സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് അനവധി പേരെ നേരിട്ട് സ്വധീനിച്ചപ്പോൾ എന്നെപ്പോലെയുള്ള അനേകായിരങ്ങളെ പരോക്ഷമായി  അങ്ങ് സ്വാധീനിച്ചു...
ക്രിക്കറ്റിൽ വാഴ്തപ്പെട്ടിരുന്ന ആൾ ദൈവ ബിംബങ്ങൾ ഓരോന്നായി ഉപജാപങ്ങളിലും അഴിമതികളിലും തകർന്നടിഞ്ഞപ്പോൾ അങ്ങയുടെ ശിരസ്സ്‌ എന്നും ഉയര്ന്നു തന്നെ നിന്നു....അതുവഴി ഞങ്ങളുടെ താല്പര്യങ്ങളും പ്രതീക്ഷകളും...
അങ്ങയോടു എതിർ കളിക്കാർ അപക്വമായും അപമാര്യദയോടും പെരുമാറിയപ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും രക്തം തിളച്ചു.. പക്ഷെ അങ്ങ് അവർക്ക് ബാറ്റ് കൊണ്ട് മറുപടി നല്കി...പക്വത എന്തെന്നും മര്യാദയെന്തെന്നും പഠിപ്പിച്ചു..
അങ്ങ് ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ കൂടെ ഞങ്ങളോരോരുത്തരുടെയും ഹൃദയത്തിലേക്ക് നടന്നു കയറുകയായിരുന്നു...ക്രിക്കറ്റിൽ നിന്നു പടിയിറങ്ങുമ്പോൾ ചരിത്രത്തിലും ലക്ഷക്കണക്കിന്‌ വരുന്ന എന്നെപോലെയുള്ളവരുടെ ഹൃദയത്തിലും മായ്ക്കാനാവാത്ത വിധം അങ്ങയുടെ കാലടികൾ പതിഞ്ഞിരിക്കുന്നത് അങ്ങറിയാതിരിക്കാൻ തരമില്ല...
സമാനതകളില്ലാത്ത പ്രതിഭയും വ്യക്തിയും പൗരനും ആയ അങ്ങില്ലാത്ത ക്രിക്കറ്റ്‌ ഞങ്ങളുടെ ചിന്തയുടെ അപ്പുറത്താണ്...
1989 കളിലെ ക്രിക്കറ്റ്‌ ന്റെ ജനപ്രീതി ഇന്ത്യയിൽ ഇന്നത്തെ നിലയിലെക്കുയർത്തിയത് അങ്ങയുടെ സാന്നിധ്യം ഒന്ന് മാത്രമാണെന്ന് വിശ്വസിക്കുന്നവൻ ഞാൻ മാത്രമാവില്ല..
അങ്ങില്ലാത്ത ക്രിക്കറ്റ്‌ കാണില്ലെന്ന് വീമ്പടിക്കാൻ ഞാനില്ലെങ്കിലും അങ്ങയുടെ കളികളുടെ ഷെഡ്യൂൾ മനസ്സിൽ പലയാവർത്തി തെളിയുന്ന പോലെ ഇനി ഇന്ത്യയുടെ മത്സരങ്ങൾ തെളിയില്ലെന്നുറപ്പ്..
ഇതൊക്കെ പറയുന്നത് ഞാൻ മാത്രമാവില്ല...ഇത് എന്നെപോലെയുള്ള ലക്ഷക്കണക്കിന്‌ പേർക്ക് പറയാനുള്ളതാണ്..അവർ പറഞ്ഞതാണ്..ആവർത്തനം വിരസമെങ്കിലും എനിക്കും അങ്ങയോടു പറയാനുള്ളത് ഇതൊക്കെ തന്നെയാണ്...
അല്ലെങ്കിലും ദൈവത്തിനോട് നമുക്കെല്ലാവർക്കും പറയാൻ ഉണ്ടാവുന്നത് ഒന്നുതന്നെ ആണല്ലോ...

Tuesday, July 17, 2012

പൂങ്കുടി പാലത്തിനിക്കരെ...

പതിനഞ്ചു വര്‍ഷത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം ചാലിയാറിന്റെ മാറിലേക്ക്‌ തിമര്‍ത്തു പെയ്യുന്ന മഴയെ നോക്കിക്കാണുകയാണ് ഞാന്‍.ആര്‍ത്തലച്ചു പെയുന്ന മഴയെയും വഹിച്ചു കൊണ്ട് ആരെയും നോവിക്കാതെയുള്ള ചാലിയാറിന്റെ ഒഴുക്ക് കണ്ടിട്ട് പതിനഞ്ചു വര്‍ഷത്തിലേറെ ആയിരിക്കുന്നു. അന്ന് പക്ഷെ ചാലിയാറിന് ഇതിലേറെ ഒഴുക്കുണ്ടായിരുന്നു. വികസനത്തിന്റെ നീണ്ട നാവുകള്‍ പുഴയ്ക്കു കുറുകെ  രെഗുലെടരുകളും പാലങ്ങളും പണിതപ്പോള്‍ തുടച്ചു നീക്കപ്പെട്ട ഒരുപാട് കാര്യങ്ങളില്‍ ഒന്ന് ഈ ചാലിയാറിന്റെ സ്വതന്ത്രമായ ഒഴുക്കായിരുന്നു എന്ന്‍ ഞാന്‍ അല്ലാതെ മറ്റാരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ. ചാലിയാറിന്റെ തീരത്തെ ഈ ഗ്രാമത്തിന്റെ മുഖം ഇത്ര വിക്രുതമായത് എന്നുമുതല്‍ ആയിരുന്നു...? രാത്രി പത്തുമണിക്ക് കടത്തുകാരന്‍ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് വീട്ടിലെത്തിയിരുന്ന അച്ചനെ പോലെ തന്നെയായിരുന്നു  ഓരോ പൂങ്കുടിക്കാരനും..!. വിശാലമായ ചാലിയാര്‍ നീന്തികടന്നിരുന്ന ഒന്നോ രണ്ടോ പെരോഴിച്ച്...! പോക്കര്‍ഹാജിയുടെ  മരുതികാര്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ അത്ഭുതത്തോടെ നോക്കി നിന്നിരുന്നവര്‍....നിഷ്കളങ്കര്‍..!. പൂങ്കുടിക്കാര്‍ക്ക് വേണ്ടതെല്ലാം അവര്‍ക്ക് സ്വന്തം. ഒരു എല്‍പി സ്കൂള്‍..ഒരു യുപി സ്കൂള്‍...ഒരു  ഹൈ സ്കൂള്‍.കശുള്ളവനും ഇല്ലാത്തവനും പഠിക്കേണ്ടത് ഇവിടെ. ദൈവത്തിന്റെ സ്വന്തം നാടായിരുന്നു പൂങ്കുടി എന്നത് ഇപ്പോള്‍  പ്രായം തന്ന പക്ക്വതയുടെ തിരിച്ചറിവ്..!
                       എന്നെ തിരിച്ചറിഞ്ഞവര്‍  മൂന്നു പേര്‍..! കൂടുതല്‍ പേരെ എന്നെ തിരിച്ചറിയുന്നത്‌ ഇപ്പോള്‍ ഞാന്‍ ഭയക്കുന്നു. എത്ര മാറിയാലും ഈ വരാന്ദയില്‍  നിന്ന് കാണുന്ന ചാലിയാറിന്റെ കാഴ്ചക്ക് മാത്രം മങ്ങലേറ്റിട്ടില്ല. പുഴയിലേക്ക് തള്ളിനിന്നിരുന്ന ആ പച്ച പുല്മേടില്‍ പകലു കന്നുകാലികള്‍ സൌര്യവിഹാരം  നടത്തിയിരുന്നെങ്കിലും രാത്രികളില്‍ അവിടെ നിലാവിന്റെ വെള്ളി വെളിച്ചം മാത്രമായിരുന്നു.ഇന്ന് ഒളിച്ചും പതുങ്ങിയും മണല്‍ കടത്താന്‍ വരുന്ന ലോറികളുടെ മഞ്ഞയും ചുവപ്പും ലൈറ്റുകളും പതുങ്ങിയ മുരള്‍ച്ചയും..! സ്കൂള്‍ വിട്ടു വരുമ്പോള്‍ ഉന്നം നോക്കി എറിഞ്ഞുടച്ചിരുന്ന  ഒരേ ഒരു വിളക്കുമരത്തിന്റെ സ്ഥാനത്തു എണ്ണിയാലൊടുങ്ങാത്ത വിളക്ക് മരങ്ങള്‍..! ഇതില്‍ ഏതായിരുന്നു എന്നെ ഉന്നം നോക്കിയെറിയാന്‍ പഠിപ്പിച്ചത് ? ഏറെക്കാലം താലോലിച്ച ഓര്‍മ്മകളെ  ഒന്നുകൂടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പിന്നിട്ട വഴികളിലൂടെ ഒരു അതിവേഗ യാത്ര...സ്കൂളുകള്‍, വേലയുധേട്ടന്റെ ചായക്കട...( വേലായുധേട്ടന്‍...എന്നെ തിരിച്ചറിഞ്ഞ മൂന്നുപേരില്‍ ഒരാള്‍..)..
                        വഴിയിലെ ആ വീട് കണ്ടാണ്‌ ഞാന്‍ അവളെ  ഓര്‍ത്തത്‌.. ..ഷൈനി ..! കൂടെ പഠിച്ചവരില്‍ മനസ്സില്‍ മായാതെ നില്‍കുന്ന സുന്ദരി. അവളെ  ഒരിക്കലെങ്കിലും പ്രണയിക്കാത്ത ഒരു ആണ്‍കുട്ടി പോലും അന്ന് ആ സ്കൂളില്‍ ഇല്ലായിരുന്നു. മനസ്സുകൊണ്ട് അവളും ഉദാരമതി. അവളും എല്ലാരേയും പ്രണയിച്ചു. ഞാന്‍ അവളെ പ്രണയിക്കാതെ പോയത് അവളോട്‌ ഇഷ്ടം തോന്നാത്തത് കൊണ്ടല്ല. പക്ഷെ ഇടക്കാലത്ത് അവള്‍ എന്റെ ചേട്ടന്റെ കാമുകി ആയതു കൊണ്ടായിരുന്നു. കാലം എല്ലാ ഓര്‍മ്മകളെയും മാറ്റിയിട്ടില്ല. ചിലതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിന്റെ കോണില്‍  എവിടെയൊക്കെയോ ഉണ്ട്. ആ വീട്ടിലേക്കു ഒന്ന് എത്തിനോക്കി. അവളുടെ മുഖത്തിന്‌ കാലം വരുത്തിയ മാറ്റം അറിയാന്‍  ചെറിയൊരു ആഗ്രഹം. എത്തി നോക്കി മുഖം തിരിച്ചത് പുറത്തു പോയി തിരിച്ചു വരുന്ന അവളുടെ മുഖത്തേക്ക്..! തന്റെ വീട്ടിലേക്കു എത്തിനോക്കുന്ന ഈ ഞരമ്പ്‌ രോഗി എതെട എന്നാ മട്ടില്‍ അവള്‍ എന്നെ തറപ്പിച്ചു നോക്കി കൊണ്ടിരിക്കുന്നു. ജാള്യത മറച്ചു ഞാന്‍ തന്നെ തുടങ്ങി. "ഷൈനി അല്ലെ? " വല്യ ഭാവ വ്യതാസം ഒന്നും ഇല്ലാതെ ഉം  എന്നാ ഒരു മൂളല്‍ മാത്രം. " എന്നെ അറിയോ..."  അവളുടെ മുഖത്തെ ഭാവം തെല്ലോന്നയഞ്ഞു ..മറുപടിയും വന്നു." എഡാ.നീ എന്താ ഇവിടെ." എന്റെ മറുപടിയെക്കളും  വേഗത്തില്‍ അവള്‍ അവളുടെ കഥ പറഞ്ഞു തീര്‍ത്തു..! പ്രേമ വിവാഹവും, വിവാഹ മോചനവും പിന്നീടുള്ള ജീവിതവും എല്ലാം ആ നില്‍പ്പില്‍ അവള്‍ പറഞ്ഞു തീര്‍ത്തു..ബൈ പറഞ്ഞു പിരിയുന്നതിനു മുന്‍പ് അവളുടെ ഒരു രാത്രിയുടെ വില അവള്‍ തന്നെ പറഞ്ഞപ്പോള്‍ അവളോട്‌  തോന്നിയ വികാരം..അത്  എന്തായിരുന്നു എന്ന് ഇപ്പോഴും അറിയില്ല. എത്ര ദിവസം ഇവിടെ  ഉണ്ടാവും എന്നാ ചോദ്യത്തിന് ഇന്ന് മടങ്ങും എന്ന് പറഞ്ഞത്  മടങ്ങാന്‍ വേണ്ടിയായിരുന്നില്ലല്ലോ.. മൂന്നു ദിവസം കൊണ്ട് പൂങ്കുടി മനസ്സില്‍ വെറുപ്പ്‌ പടര്‍ത്തിയിരിക്കുന്നു. മടങ്ങണം..! ഇത്എനിക്കറിയുന്ന പൂങ്കുടി അല്ല..
                           തിരിച്ചു പോക്കിന്റെ വഴിയില്‍, പൂങ്കുടി പാലത്തിനു നടുവില്‍ കാര്‍ നിര്‍ത്തി, ഞാന്‍ താലോലിച്ചിരുന്ന പൂങ്കുടിയെ തിരിഞ്ഞു നോക്കി. നിഷ്കളങ്കയായ അവളുടെ മാറിലേക്ക്‌ ഊര്‍ന്നിറങ്ങി, അവളിലെ നന്മയെ ഊറ്റിക്കുടിക്കുന്ന പൂങ്കുടി പാലത്തിന്റെ ഒത്ത നടുക്ക് കാര്‍ക്കിച്ചു തുപ്പി ഞാന്‍ എന്റെ പ്രധിഷേധം അര്‍പ്പിച്ചു. ഇനിയൊരു തിരിച്ചുവരവില്ലെന്നുറപ്പിച്ചു, എന്റെ ഓര്‍മ്മകളെ അവിടെ തന്നെ കുഴിച്ചു മൂടി , പാലത്തിനെ പിറകിലാക്കി ഞാനെന്റെ കാര്‍ മുന്നോട്ടെടുത്തു.

Thursday, May 31, 2012

ജീവിതം വേ..പ്രണയം റേ....

ഉയിരും നീയെ...ഉടലും നീയെ...
ഉണര്‍വ്വും നീയെ...തായേ...
ഉണ്ണികൃഷ്ണന്‍ പാടുകയാണ്... കണ്ണടച്ച് കേട്ടുകൊണ്ടെയിരുന്നു..അടുത്ത ജന്മത്തിലെങ്കിലും ഒരു ഉണ്ണികൃഷ്ണന്‍ ആവനെമെന്നോ അല്ലെങ്കില്‍ അവരെ നേരിട്ടറിയണം എന്ന് തോന്നി. അധികമാരും ഇല്ലായിരുന്നു ആ യാത്രയില്‍. എന്നെ പോലെ തന്നെ കണ്ണടച്ച് ആ പാട്ട് ആസ്വദിച്ച് കേട്ട് കൊണ്ടിരുന്ന അവളെ ഞാന്‍ പാട്ടിനിടക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ കണ്ടിരുന്നു. ഇപ്പോഴും കണ്ണടച്ച് തന്നെ ഇരിക്കുന്നു. അവളുടെ വിരലുകള്‍ ഞാന്‍ കേള്‍ക്കാത്ത ഏതോ പാട്ടിനു അപ്പോഴും താളം പിടിച്ചു കൊണ്ടേയിരുന്നു. അവളെത്തന്നെ നോക്കിയിരുന്ന ഞാന്‍ അവള്‍ കണ്ണ് തുറന്നതും എന്നെ നോക്കിയതും ഞാന്‍ അറിയാതെ പോയതെങ്ങിനെ ? അവളുടെ ഒരു ചിരിയാണ് ഞാന്‍ അവളെത്തന്നെയാണ് നോക്കുന്നതെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. തിരിച്ചൊരു ചിരി ചിരിച്ചു ഞാന്‍ എന്റെ ചിന്തകളില്‍ ആണ്ടു. ഇനിയും ഒരു പാട് ദൂരമുണ്ട് ലകഷ്യസ്ഥാനത് എത്താന്‍. ഞാന്‍ ഡ്രൈവ് ചെയ്യാത്ത യാത്രകള്‍ എന്നും എനിക്ക് വിരസമാണ്. മനസ്സില്‍ അതെ പാട്ട് തന്നെ മൂളികൊണ്ടിരുന്നു. " എത്ര നന്നായാണ് ഉണ്ണി പാടുന്നെ...അല്ലെ..."  എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ ചോദ്യം.  മൂളലിന്റെ ഖനം കൂടിയപ്പോള്‍ ആ പാട്ടിന്റെ സുഖം നശിക്കുന്നുവെന്ന തോന്നലാവും അവളെ എന്നോട് മിണ്ടിച്ചത്. അതേതായാലും നന്നായി. യാത്രക്കൊരു കൂട്ടായല്ലോ. തിരിച്ചു ചോദിച്ചു.." ഉണ്ണികൃഷ്ണനെ അറിയുമോ...? " അല്പം അഹങ്കാരത്തോടെ അവളുടെ മറുപടിയും വന്നു.." അമ്മക്ക് അറിയാം..അമ്മയുമായി കൂട്ടാണ്.." എനിക്ക് അവരോടു അസൂയ തോന്നി. അടുത്ത ജന്മത്തില്‍ ഞാന്‍ നേടണമെന്ന് കരുതിയ ഭാഗ്യം ഇവര്‍ ഈ ജന്മത്തില്‍ തന്നെ നേടിയിരിക്കുന്നു. ഹും...എന്നിരുത്തി മൂളി. അവളുടെ മുഖത്ത് ആ പുഞ്ചിരി മായാതെ നില്കുന്നു. ഭാഗ്യവതി. കൂട്ടിനു ഒരു പുഞ്ചിരി എന്നും സ്വന്തമായുള്ളവള്‍. പിന്നെയും ഞാന്‍ എന്തൊക്കെയോ ചോദിച്ചു. ചെറിയ ഉത്തരങ്ങളില്‍ അവളവളുടെ മറുപടി പിശുക്കി. ഇറങ്ങാന്‍ നേരം അവളുടെ അഡ്രസ്‌ ചോദിച്ച എന്നോട് അത് സ്ട്രിക്ട്ലി പേര്‍സണല്‍ എന്ന് പറഞ്ഞു ഒരല്പം ആക്രാന്ത രാമന്‍ ആയതിന്റെ ജാള്യത എന്നില്‍ ബാക്കിയാക്കി അവള്‍ നടന്നകന്നു. 
                        പിന്നെയും വഴിയോരത്ത് വെച്ചും യാത്രകളില്‍ വെച്ചും ഞാന്‍ അവളെ കണ്ടു,സംസാരിച്ചു. പരിചയം സൗഹൃദം ആയി. ഞാന്‍ ഇത് വരെ കാണാത്ത ഒരു സ്ത്രീത്വത്തിന്റെ മറ്റൊരു ഭാവമായി അവളെന്റെ മനസ്സില്‍ അനവസരത്തില്‍ മിന്നി മായാന്‍ തുടങ്ങി. ആരെന്നോ എന്തെന്നോ എവിടെയോ എന്നറിയാത്ത അവള്‍ രംഗബോധമില്ലാതെ എന്റെ മനസ്സിലേക്ക് കയറിയും ഇറങ്ങിയും പോയി. അവളുമായി സംസാരിച്ചു കൊണ്ടിരുന്ന ഒരു ദിവസം അവളുടെ സെല്‍ ഫോണ്‍ ചിലച്ചതും അപ്പുറത്ത് അവളുടെ ഒരു സുഹൃത്ത്‌ മിണ്ടിയതും എനിക്ക് അവളുടെ സെല്‍ നമ്പര്‍ വരമായി ലഭിക്കാന്‍ കാരണമായി. കാണാതിരുന്ന ദിവസങ്ങളില്‍ എന്റെ എസ് എം എസ്സുകളും കല്ലുകളും അവളെ തേടി മുടങ്ങാതെ എത്തി. പണ്ടെന്നോ എന്നെ ആക്രാന്ത രാമന്‍ ആക്കിയ അവളുടെ അഡ്രസ്സും ഞാന്‍ ക്രമേണ അറിഞ്ഞു. തമ്മില്‍ കാണാത്ത ദിവസങ്ങളുടെ എണ്ണം കുറയുകയും അവധി ദിവസങ്ങളില്‍ ടെലിഫോണ്‍ എനിക്ക് പറയാനുള്ളത് അവളില്‍ എത്തിക്കുകയും ചെയ്തു. എന്റെ മനസ്സ് ഞാന്‍ പോലും അറിയാതെ അവളെ പ്രണയിക്കുകയായിരുന്നു. ഇതറിഞ്ഞാണോ അവള്‍ മറ്റൊരു യാത്രയില്‍ അവളെപ്പറ്റി എന്നോട് കൂടുതല്‍ പറഞ്ഞത് ? അറിയില്ല. ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന സന്തുഷ്ട കുടുംബം. അന്നവള്‍ പതിവിലും കൂടുതല്‍ സംസാരിച്ചിരുന്നു. ഭര്‍ത്താവിന്റെ ജോലിയെക്കുറിച്ചും മക്കളുടെ പഠനവും എല്ലാം അവളുടെ സംസാരത്തില്‍ നിറഞ്ഞു. കുഞ്ഞു കുഞ്ഞു സന്തോഷങ്ങളില്‍ അവളുടെ കണ്ണുകള്‍ വിടരുന്നതും നുറുങ്ങു നോവുകളില്‍ കണ്ണുകള്‍ നിറയുന്നതും ഞാന്‍ നോക്കി നിന്നു. എനിക്കെന്തോ പറയാനുണ്ടായിരുന്നു അവളോട്‌. ഇറങ്ങി വഴിപിരിയുന്നതിനു മുന്‍പ് അവളോട്‌ പറഞ്ഞു " എന്റെ സൌഹൃദം മരിച്ചിരിക്കുന്നു..ബാക്കിയാവുന്നത് നിന്നോടുള്ള പ്രണയമാണ്.." എന്റെ മുഖത്തേക്ക് അല്‍പ നേരം നോക്കി തിരിഞ്ഞു നടന്നു. പറയേണ്ടായിരുന്നു എന്ന തോന്നല്‍ എന്നിലെ കുറ്റബോധത്തിന് വളമായി. എന്റെ എടുത്തുചാട്ടം അവളെ എനിക്ക് നഷ്ടപ്പെടുത്തും എന്ന ഭയം എന്നില്‍ കൂടി കൂടി വരികയും ചെയ്തു.  
                       എന്റെ പ്രണയാഭ്യര്‍ത്ഥന കൊണ്ട് ലോകം അവസാനിച്ചില്ല. ഒന്നും സംഭവിക്കാതെ അന്നും പകല്‍ ജനിച്ചു. അന്ന്, അവളുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂടുതലുണ്ടായിരുന്നുവോ..? എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു വരാറുള്ളവല്‍ ഇന്ന് എന്നെ കണ്ടിട്ടും മറ്റെവിടെയോ നോക്കി വരുന്നതെന്തിനു ? ഒരുമിച്ചു നടന്നു. ഇന്നലെ നടന്നതൊന്നും വിഷയമായില്ല. ഒരു ടീനജുകാരിയുടെ പ്രണയ പാരവശ്യങ്ങള്‍ അവളിലുണ്ടാവില്ലെന്നും അങ്ങിനെ ഒരു മറുപടി കിട്ടില്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് ഇന്നലെ അങ്ങിനെ ഒക്കെ പറഞ്ഞത്. എന്നത്തേയും പോലെ ദിവങ്ങള്‍ തുടര്‍ന്നും പോയി. എസ് എം എസ്സുകളുടെ ഉള്ളടക്കത്തില്‍ വന്ന മാറ്റമല്ലാതെ ഞങ്ങളുടെ പ്രണയം ഞങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. കാലം ഞങ്ങളുടെ ജീവിതങ്ങളെ ഉരുക്കിയിണക്കി ഒന്നായി മാറ്റിയിരിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും പറയാതെ തന്നെ മനസ്സിലാകുന്ന ജീവിതം. പരസ്പരം മനസ്സിലാക്കിയ ഒരു പാട് കാലം.
                            ഇന്ന് ഉത്തരവാദിത്തങ്ങള്‍ അവളെ മാറ്റിക്കൊണ്ടിരിക്കുന്നു. അവളിലെ അമ്മയും ഭാര്യവും സജീവമായപ്പോള്‍ യാത്രകളുടെ എണ്ണം കുറഞ്ഞു. ഇടയ്ക്കു എപ്പോഴെങ്കിലും ഉള്ള കണ്ടുമുട്ടലുകളുടെ ഇടവേളകളുടെ ദൈര്‍ഘ്യം കൂടി. എനിക്ക് അവളെ കണ്ടേ തീരൂ. ഉത്തരവാദിതങ്ങള്‍ക്ക് വേണ്ടി ബലിയിടാന്‍ ഉള്ളതല്ല എന്റെ സ്വപ്‌നങ്ങള്‍. പണ്ട് പറഞ്ഞ അഡ്രസ്‌ തപ്പിയെടുത്തു ചെന്ന് കാണാന്‍ തന്നെ തീരുമാനിച്ചു. വീടറിയില്ലെങ്കിലും അറിയാവുന്ന വഴികള്‍. നാളെ ഞായറാഴ്ചയാണ്. നാളെ തന്നെയാവട്ടെ. കാലത്ത് തന്നെ ഇറങ്ങി. യാത്രയിലത്രയും ഓര്‍മ്മകളുടെ റീ വൈണ്ടിംഗ്. കാര്‍ മെയിന്‍ റോഡില്‍ നിര്‍ത്തി അഡ്രസ്‌ പ്രകാരം ഈ ഇടവഴി ചെന്ന് നില്കുന്നത് അവളുടെ മുറ്റത്താണ്. ഇറങ്ങി നടന്നു. അവള്‍ എപ്പോഴോ പറഞ്ഞ വീടിന്റെ ഒരു രൂപം ഉണ്ട് മനസ്സില്‍. ആ ദൂരെ കാണുന്നത് തന്നെയാവും. അടുത്ത് എത്തുന്നതിനനുസരിച്ചു എന്റെ നെഞ്ഞിടിപ്പ്‌ കൂടി വന്നു. എന്ത് പറയും..ഞാന്‍ എങ്ങിനെ എന്നെ അവളുടെ ഭര്‍ത്താവിനു എന്നെ പരിചയപ്പെടുത്തും..? ഉത്തരം കിട്ടാത്ത ഒരു പാട് സംശയങ്ങള്‍ എന്നില്‍ തലപൊക്കി. ഉത്തരുമുള്ള ഒരു ചോദ്യമുണ്ട്..അവള്‍.! അവളെ കാണാന്‍ വേണ്ടിയാണു ഈ വരവ് തന്നെ. ബാക്കിയെല്ലാം എന്തെങ്കിലും ആവട്ടെ. നടത്തത്തിനു വേഗം കൂട്ടി. കഴുത്തറ്റം വരുന്ന ആ മതിലിനോട് അടുക്കാന്‍ പോവുന്നു.അവിടെ എത്തുന്നതിനു മുന്‍പേ എനിക്ക് പരിചയമുള്ള ആ പൊട്ടിച്ചിരി ഞാന്‍ കേട്ടു. നെഞ്ചിനകത്ത് സന്തോഷത്തിന്റെ തിര തള്ളല്‍. മതിലിനു മുകളിലൂടെ എനിക്ക് അവളെ കാണാം. അവളുടെ ചിരി കേള്‍ക്കാം. എന്നെ കാണാതെ ഞാന്‍ കുറച്ചു നേരം അവളെ കണ്ടിരിക്കട്ടെ. വളരെ വിരളമാണ് അവളുടെ ഈ പൊട്ടിച്ചിരികള്‍. ഇടയ്ക്കു മാത്രം കാണാന്‍ പറ്റുന്നത്. അകത്തു കേറുന്നതിനു മുന്‍പ് ഇതൊന്നു കാണട്ടെ. അവളുടെ അടുത്തേക്ക് ഓടി വരുന്ന മകനിലും ഉണ്ട്  ആ പൊട്ടിച്ചിരിയുടെ ബാക്കി പകുതി. ഇതെല്ലം കണ്ടു ആ ചാരുപടിയില്‍ ചാരി ഇരുന്നു ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ സ്വന്തം ഭര്‍ത്താവ്. ഒരു പാട് സന്തോഷം ഉള്ള കുടുംബം. ആദ്യത്തെ ദിവസം അവളോട്‌ തോന്നിയ അതേ അസൂയ അന്നും അവളോട്‌ തോന്നി. അവളുടെ സന്തോഷങ്ങളെ അവിടെ തന്നെ ചേര്‍ത്തുവെച്ചു, ഇനിയൊരിക്കലും ആ സന്തോഷങ്ങളുടെ ഇടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹമില്ലാതെ... ഇടവഴിയില്‍ എനിക്ക് നേരെ നടന്നുവരുന്ന അപരിചിതനില്‍ നിന്നും കറുത്ത കണ്ണട കൊണ്ട് ഞാന്‍ എന്റെ കണ്ണിനെ മറച്ചു മെയിന്‍ റോഡ്‌ ലകഷ്യമാക്കി നടന്നു.