Thursday, November 14, 2013

സച്ചിൻ...പ്രിയപ്പെട്ട സച്ചിൻ...


ഞാൻ കാണുന്ന ക്രിക്കറ്റിൽ എന്നും അങ്ങുണ്ടായിരുന്നു...
അങ്ങിനെയല്ലെങ്കിൽ, അങ്ങുണ്ടായിരുന്ന ക്രിക്കറ്റ്‌ ആണ് ഞാൻ എന്നും കണ്ടിരുന്നത്‌...ഞാൻ ഇഷ്ടപ്പെട്ടിരുന്നത്...
ഞാൻ ക്രിക്കറ്റ്‌ കളിച്ചത് അങ്ങ് അത് കളിച്ചിരുന്നത് കൊണ്ട് മാത്രമാണ്..
കളിക്കളത്തിലെ ഓരോ അനക്കങ്ങളിലും ഞാൻ അങ്ങയെ പോലെയാവാൻ ആഗ്രഹിച്ചു..ശ്രമിച്ചു..
അങ്ങയുടെ ചിരിയും നടത്തവും സംസാരവും ഞാൻ അപ്പാടെ പകർത്തിക്കൊണ്ടിരുന്നു..
അങ്ങയെപ്പോലെ ഒരിക്കലും ആവാൻ കഴിയില്ലെന്ന യാഥാർത്ഥ്യ ബോധത്തിനൊടുവിൽ അങ്ങ് ദൈവം ആണെന്ന് തിരിച്ചറിഞ്ഞു..
കളിക്കളത്തിനപ്പുറത്ത് സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് അനവധി പേരെ നേരിട്ട് സ്വധീനിച്ചപ്പോൾ എന്നെപ്പോലെയുള്ള അനേകായിരങ്ങളെ പരോക്ഷമായി  അങ്ങ് സ്വാധീനിച്ചു...
ക്രിക്കറ്റിൽ വാഴ്തപ്പെട്ടിരുന്ന ആൾ ദൈവ ബിംബങ്ങൾ ഓരോന്നായി ഉപജാപങ്ങളിലും അഴിമതികളിലും തകർന്നടിഞ്ഞപ്പോൾ അങ്ങയുടെ ശിരസ്സ്‌ എന്നും ഉയര്ന്നു തന്നെ നിന്നു....അതുവഴി ഞങ്ങളുടെ താല്പര്യങ്ങളും പ്രതീക്ഷകളും...
അങ്ങയോടു എതിർ കളിക്കാർ അപക്വമായും അപമാര്യദയോടും പെരുമാറിയപ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും രക്തം തിളച്ചു.. പക്ഷെ അങ്ങ് അവർക്ക് ബാറ്റ് കൊണ്ട് മറുപടി നല്കി...പക്വത എന്തെന്നും മര്യാദയെന്തെന്നും പഠിപ്പിച്ചു..
അങ്ങ് ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ കൂടെ ഞങ്ങളോരോരുത്തരുടെയും ഹൃദയത്തിലേക്ക് നടന്നു കയറുകയായിരുന്നു...ക്രിക്കറ്റിൽ നിന്നു പടിയിറങ്ങുമ്പോൾ ചരിത്രത്തിലും ലക്ഷക്കണക്കിന്‌ വരുന്ന എന്നെപോലെയുള്ളവരുടെ ഹൃദയത്തിലും മായ്ക്കാനാവാത്ത വിധം അങ്ങയുടെ കാലടികൾ പതിഞ്ഞിരിക്കുന്നത് അങ്ങറിയാതിരിക്കാൻ തരമില്ല...
സമാനതകളില്ലാത്ത പ്രതിഭയും വ്യക്തിയും പൗരനും ആയ അങ്ങില്ലാത്ത ക്രിക്കറ്റ്‌ ഞങ്ങളുടെ ചിന്തയുടെ അപ്പുറത്താണ്...
1989 കളിലെ ക്രിക്കറ്റ്‌ ന്റെ ജനപ്രീതി ഇന്ത്യയിൽ ഇന്നത്തെ നിലയിലെക്കുയർത്തിയത് അങ്ങയുടെ സാന്നിധ്യം ഒന്ന് മാത്രമാണെന്ന് വിശ്വസിക്കുന്നവൻ ഞാൻ മാത്രമാവില്ല..
അങ്ങില്ലാത്ത ക്രിക്കറ്റ്‌ കാണില്ലെന്ന് വീമ്പടിക്കാൻ ഞാനില്ലെങ്കിലും അങ്ങയുടെ കളികളുടെ ഷെഡ്യൂൾ മനസ്സിൽ പലയാവർത്തി തെളിയുന്ന പോലെ ഇനി ഇന്ത്യയുടെ മത്സരങ്ങൾ തെളിയില്ലെന്നുറപ്പ്..
ഇതൊക്കെ പറയുന്നത് ഞാൻ മാത്രമാവില്ല...ഇത് എന്നെപോലെയുള്ള ലക്ഷക്കണക്കിന്‌ പേർക്ക് പറയാനുള്ളതാണ്..അവർ പറഞ്ഞതാണ്..ആവർത്തനം വിരസമെങ്കിലും എനിക്കും അങ്ങയോടു പറയാനുള്ളത് ഇതൊക്കെ തന്നെയാണ്...
അല്ലെങ്കിലും ദൈവത്തിനോട് നമുക്കെല്ലാവർക്കും പറയാൻ ഉണ്ടാവുന്നത് ഒന്നുതന്നെ ആണല്ലോ...

2 comments: