Friday, June 6, 2014

കുട്ടിക്കടത്തിന്റെ കാണാപ്പുറങ്ങൾ

   
   ഇന്നലത്തെ പത്ര താളുകളിലെ ആ ചിത്രം എന്നെ ഇപ്പോഴും വേട്ടയാടുന്നു. ഒരു വനിതാ പോലിസ്കാരി ഇരുന്നോറോളം കുട്ടികളെ വളഞ്ഞു നിർത്തി അതിന്റെ ഒത്ത നടുവിൽ ഒരു സൈഡ് ലേക്ക് കൈ ചൂണ്ടി ആക്രോശിക്കുന്ന ചിത്രവും യതീം ഖാനയിലെക്കുള്ള കുട്ടിക്കടത്തിന്റെ പൊലിപ്പിച്ച വാർത്തയും. ആ പോലീസ് കാരിയുടെ മുഖത്ത് ഒരല്പം പോലും ദയയുടെ അംശം പോലും കാണാനില്ല. മറിച്ചു നിരന്നു നില്കുന്ന കുട്ടികൾ എല്ലാം ഭയന്ന് വിറച്ചു നില്കുന്ന ചിത്രം..!

                              400 കുട്ടികളെ കേരളത്തിലേക്ക് കടത്തി പോൽ. വിദ്യാഭ്യാസം ആയിരുന്നു ആ കുട്ടികളുടെ ലക്ഷ്യം എന്നത് തന്നെയാണ് മലയാള ഭൂവിലുള്ള ഒട്ടു മിക്ക ബുദ്ധിജീവികളുടെയും അവസാന പക്ഷം. അത് അങ്ങിനെ മനസ്സിലാക്കാൻ ഐൻസ്റ്റൈൻറെ ബുദ്ധി വേണമെന്നില്ലല്ലോ. ആ കൂട്ടത്തിലെ പകുതി പേരും അതേ സ്ഥാപനത്തിലെ വിദ്യാർഥികൾ ആയിരുന്നു എന്നത് മാത്രം കേട്ടാൽ മതി. എന്നിട്ടും കൊണ്ടുവന്നവരെക്കൾ വെട്ടയാടപ്പെട്ടത്‌ ആ കൊച്ചു കുട്ടികൾ ആയിരുന്നു. നമ്മുടെ നാട്ടിലെ കുട്ടികളുടെ കാര്യം ആലോചിച്ചാൽ മനസ്സിലാവും അവര്ക്ക് എത്ര കണ്ടു പോലീസിനെ പേടിയാണെന്ന്. ആ സംഭവത്തിന്‌ ശേഷം അതിലെ കുട്ടികളിൽ കുറച്ചു പേര് പനി വന്നു ആശുപത്രിയിലും ആയതിൽ നിന്ന് പോലീസ് അവരോടു എങ്ങിനെ പെരുമാറിയിട്ടുണ്ടാവും എന്ന് ഊഹിചെടുക്കാം. ( പേടിച്ചു മൂത്രമൊഴിക്കാത്ത കുഞ്ഞുങ്ങൾ അതിലുണ്ടാവുമോ ആവൊ..? ).

                 എത്ര തലങ്ങും വിലങ്ങും വായിച്ചിട്ടും എനിക്ക് മനസ്സിലാവാത്ത കാര്യം ആ കുഞ്ഞുങ്ങൾ ചെയ്ത കുറ്റമാണ്. തന്റെ ചേട്ടന്മാർ പഠിക്കുന്ന പോലെ പഠിക്കണം എന്ന് ആഗ്രഹിച്ചതാണോ അവര് ചെയ്ത തെറ്റ്..? സ്കൂളിൽ ചേർത്തിയ ദിവസം മുതൽ സ്കൂൾ ബാഗ്‌ മുതുകത്തു നിന്ന് മാറ്റാത്ത, പാതി രാത്രി എഴുന്നേറ്റു " നാളെ സ്കൂളിൽ കൊണ്ടോവോ..? " എന്ന് ചോദിക്കുന്ന 4 വയസുകാരിയുടെ അച്ഛനായ എനിക്ക്, ആ കൂട്ടത്തിലെ ഓരോ കുട്ടിയുടെയും ആഗ്രഹവും ആവേശവും മനസ്സിലാവുന്ന പോലെ ഓരോ അച്ഛനും മനസ്സിലാവും. അതിനു പക്ഷെ സംഭോഗത്തിന്റെ ഉപോല്പന്നം ആയി കുഞ്ഞുങ്ങളെ കാണുന്ന പരിഷ്കൃത കേരളത്തിന്റെ പിതൃ ധർമ്മം പോര...!

            പത്രങ്ങളിൽ ഈ വാർത്ത‍ വന്നു നിറഞ്ഞത്‌ മുതൽ, ഇതിനെ എങ്ങിനെ വിലയിരുത്തിയാലാണ് തൻറെ രാഷ്ട്രീയ, മത നേതൃ മുന്നേറ്റം സാധ്യമാവുക എന്ന് നോക്കിയാണ് ഓരോ നേതാവും പ്രതികരിച്ചത്. പോലീസ് പിന്നെ തങ്ങളുടെ തലയ്ക്കു വെളിവ് കുറവാണെന്ന് പണ്ട് മുതലേ ആവർത്തിച്ചു തെളിയിക്കുന്നവരാണ്. നാണമില്ലാതെ മത നേതാക്കളും രാഷ്ട്രീയ നേതാക്കളും വരെ തങ്ങളുടെ "വിലയിരുത്തലുകൾ' നടത്തിയപ്പോൾ ആഭ്യന്തര മന്ത്രി വരെ മനുഷ്യത്വമില്ലാത്ത വിശകലങ്ങൾ നടത്തിയത് നാം കണ്ടു. കുഞ്ഞുങ്ങൾ മതം ഏതായികൊള്ളട്ടെ..അവരുടെ സ്വപ്‌നങ്ങൾ ഒന്നായിരുന്നു. ആഗ്രഹങ്ങൾ ഒന്നായിരുന്നു. കുഞ്ഞുങ്ങളെ കൊണ്ടുവന്നവർ തെറ്റ് ചെയ്തവരെങ്കിൽ അവരെ മാതൃക പരമായി ശിക്ഷിക്കട്ടെ. കേരളമെന്ന സ്വപ്നഭൂമിയിൽ എത്തുന്ന വരെ നെഞ്ചിലും മനസ്സിലും ആവേശത്തിന്റെ വീർപ്പുമുട്ടലുമായി പുതിയ സ്കൂൾ തേടി വന്ന ആ പിഞ്ചു മനസ്സുകളെ കൊത്തി വലിക്കുന്നത് നിർത്താൻ ഇനിയെന്താണ് വേണ്ടത്.?

പത്തു പെറ്റാലും പട്ടി പെറ്റാലും മാവ് വീണാലും മ്ലാവ് വീണാലും ആർത്ത് ചിലച്ചു വരുന്ന അജിതമാരുടെയും സാറമാരുടെയും നിഴൽപോലും ഈ മനുഷ്യകുഞ്ഞുങ്ങളുടെ അടുത്ത് വന്നില്ല. ജുവനെയിൽ ബുദ്ധിജീവികളുടെ കസർത്തും കുഞ്ഞുങ്ങളുടെ ഭീതി മാറ്റിയില്ല. സാംസ്കാരിക നായകന്മാർ ഒന്നടങ്കം ഏത് മാളത്തിൽ പോയൊളിച്ചു..? "സംഭവം മതമല്ലേ..ജനങ്ങള് തങ്ങളെ കല്ലെറിയില്ലേ..? പിന്നെ ഈ ജനങ്ങൾ തങ്ങളെ സാംസ്കാരിക നായകർ എന്ന് എങ്ങിനെ വിളിക്കും..?? "  ത്ഫൂൂ... നാണമില്ലല്ലോ... മനുഷ്യത്വത്തെ കൂട്ടികൊടുത്തു പ്രശസ്തി നേടാൻ ശ്രമിക്കുന്ന വിവരമുള്ള കൊടിച്ചിപ്പട്ടികൾ..! നിങ്ങൾ ഓരോരുത്തരുടെയും പ്രകൃതി-ജന്തു-മനുഷ്യ സ്നേഹം പ്രശസ്തിയുടെ പടവുകൾ കേറാൻ മാത്ത്രമുള്ളതാണെന്ന് ഇന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

        സാംസ്കാരിക കേരളമേ..ലജ്ജിക്കൂ..! നിന്നെ പ്രധിനിധാനം ചെയ്യുന്നത് ഈ നപുംസകങ്ങൾ ആണല്ലോ..!

           


Wednesday, April 30, 2014

ഇൻവിറ്റേഷൻ



തുറന്നു വെച്ച ഓഫീസിൻറെ ചില്ല് വാതിൽ ചാരിനിന്ന് അവൻ തിമിർത്തു പെയ്യുന്ന മഴ നോക്കി നിന്നു.  മഴയെ കീറി മുറിച്ചു പായുന്ന തീവണ്ടി ഇന്ന് തൻറെ ചിന്തകളെ പോലെ നിശ്ശബ്ദമായതായി അവനു തോന്നി. പിന്നിൽ അശ്വതിയുടെ കാൽപെരുമാറ്റം കേട്ടപ്പോഴാണ് എവിടെയൊക്കെയോ മേഞ്ഞു നടന്നിരുന്ന  സ്വബോധത്തെ പെറുക്കി കൂട്ടി എടുത്തു തിരിഞ്ഞു നിന്നു അവളോട്‌ ചിരിച്ചെന്നു വരുത്തി.
ഹായ് ഉണ്ണി,
എന്തെ അശ്വതി..?
നല്ല മഴ..
ഉം..
ഒട്ടും മുഖവുര ഇല്ലാതെ അവൾ തുടർന്നു, എൻറെ വിവാഹമാണ്..
ആ..ഞാൻ അറിഞ്ഞു.  ഏപ്രിൽ 28 നു അല്ലേ..
അതെ, ഉണ്ണി വരണം..
ഇല്ല..ഞാൻ ഉണ്ടാവില്ല..എനിക്ക്... അവൻ വാക്കുകൾക്ക് വേണ്ടി പരതി,
അത് പറ്റില്ല, ഗിഫ്റ്റ് തരേണ്ടി വരും എന്ന് കരുതീട്ടല്ലേ..?
വീണ്ടും മഴയിലേക്ക്‌ നോക്കി അവൻ അതിനു മറുപടി നല്കി. അല്ല, അത് വേണേൽ ഞാൻ ഇപ്പൊ തരാം.
എന്നാ താ.. ഇപ്പൊ തന്നേക്ക്‌.
അവൻ തിരിഞ്ഞു അൽപ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
എന്താ തരണില്ലേ...?
ഉം..
അവൻ അവളുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.. പറയാതെ വെച്ച ഒരു വർഷത്തെ പ്രണയം വലതു കൈ കൊണ്ട് അവളുടെ നിറുകയിൽ  തുടച്ചു കളഞ്ഞു അവൻ ആർത്തുപെയുന്ന മഴയിലേക്കിറങ്ങി നടന്നു. മഴയുടെ പുകമറയിൽ അവൻ അലിഞ്ഞില്ലാതാവുന്നത് വരെ അശ്വതി അവനെ കണ്ടു. ഇടക്കെപ്പോഴോ വഴി തെറ്റി വന്നൊരു മഴതുള്ളി അവളുടെ കണ്ണുകളിൽ വീണു കവിളിലൂടെ ഒലിച്ചിറങ്ങി.