Saturday, December 28, 2013

സാധാരണക്കാരന്റെ പ്രത്യേയശാസ്ത്രം


കാലാ കാലങ്ങളിൽ പാർടികൾ ഉണ്ടാവുന്നതും പിളരുന്നതും അണയുന്നതും നമ്മുടെ രാഷ്ട്രത്തിന് പുതുമയല്ല. പുതിയതായി ജനിച്ചു വീഴുന്ന പാർട്ടികൾക്ക് ഒരു കാര്യത്തിൽ എന്നും സമാനതയുണ്ടായിരുന്നു. ജനങ്ങൾക്ക്‌ വേണ്ടിയോ രാഷ്ട്രത്തിന് വേണ്ടിയോ ആയിരുന്നില്ല ഇവയൊന്നും ജനിച്ചത്‌. ചിലപ്പോഴൊക്കെ അധികാര മോഹഭംഗങ്ങൾ ആണ് പുതിയ പാർട്ടികൾ ജനിക്കാൻ കാരണമായിട്ടുള്ളതെങ്കിൽ മറ്റുചിലപ്പോൾ ന്യൂനപക്ഷമെന്നൊ ഭൂരിപക്ഷമെന്നൊ, ജാതിയോ മതമോ, ഭാഷയോ പ്രദേശമോ തിരഞ്ഞെടുത്തു വിഘടിപ്പിച്ചു സ്വയം അധികാരത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ഇവര ചെയ്തു കൊണ്ടിരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയെയും പേര് പറയാൻ എനിക്ക് തല്പര്യമില്ലാത്തപ്പോഴും ഇത് വരെ ഉള്ളതും ഉണ്ടായിരുന്നതും എല്ലാം ഈ ജനുസ്സിൽ പെടുന്നവ മാത്രം ആയിരുന്നു.
ഹിന്ദുവിന്റെ നന്മയും ഉന്നമനവും രാഷ്ട്ര രക്ഷയും ലക്ഷ്യമിടുന്ന പാര്ട്ടി ഓരോ ഹിന്ദുവിന്റെയും ചിന്തയും പ്രവൃത്തിയും സങ്കുഞ്ചിതമാക്കുന്നു. മറ്റൊരു മതക്കാരനും രക്ഷപ്പെടെരുത് എന്നോ അവർക്കാർക്കും ഉന്നമനവും നന്മയും ഉണ്ടാവരുതെന്നോ ഇവിടെ ഒരു ഹിന്ദു പോലും കരുതുന്നുണ്ടാവില്ല. മുസ്ലിം ഉന്നമനത്തിന്റെ ബ്രാൻഡ്‌ അംബസ്സഡോർമാരായ ദേശീയ പാർട്ടി പോലും നിലനിലക്കുന്നതു മുസ്ലിംകൾക്ക് നല്ല കാലം വരും എന്ന മലർപൊടിക്കാരന്റെ സ്വപ്നം സജീവമായി നിലനിർത്താൻ പറ്റുന്നത് കൊണ്ടാണ്. തുല്ല്യദൂര സിദ്ധാന്തം വിജയകരമായി പാലിക്കുന്നത് കൊണ്ട് ഒന്നിലധികം തോണികളിൽ കാലൂന്നി കൂട്ടത്തോടെ പൊട്ടന്മാരക്കുന്ന പുരാതന പാർട്ടികൾ അത് കൂസലന്ന്യേ ചെയ്തു കൊണ്ടിരിക്കുന്നു. ആം ആദ്മി പാർട്ടിയുടെ നിലപാടുകളിൽ ഒരു പ്രത്യേക വിഭാഗത്തിനോ തൊഴിലിനോ പരിഗണ ഇല്ലെന്നിരിക്കെ അവർ ലക്ഷ്യമിടുന്നത് ഭാരതത്തിലെ മുഴുവൻ പൌരന്മാരെയും ആണെന്ന് വ്യക്തം. അങ്ങിനെയെങ്കിൽ ഭിന്നിപ്പിച്ചു ഭരിക്കുന്നവർക്കും  ഭരിക്കാൻ ശ്രമിക്കുന്നവർക്കും ഇനി എന്ത് പ്രസക്തിയാണുള്ളത് ?
 ആം ആദ്മി പാർട്ടി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഒരു സാധാരണക്കാരന് താൻ നല്കുന്ന നികുതികൾ രാഷ്ട്രനന്മക്കും  ജന പുരോഗതിക്കും  വിനിയോഗിക്കപ്പെടും എന്ന ഉറപ്പ് നല്കുകയും അഴിമതി മുക്തമായ ഭരണം ഉണ്ടാവുമെന്നുള്ള പ്രതീക്ഷ നല്കുകയും ചെയുന്നു. ആം ആദ്മി ഗവർമെന്റിന്റെ ഭാവി എന്തായാലും അവർ തുടങ്ങി വെച്ചിട്ടുള്ളത്‌ ആരോഗ്യകരമായ ഒരു സമൂലമാറ്റത്തിന്റെ നാന്ദിയാണ്.
സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത് മുതൽ ആം ആദ്മി കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനഹിതമറിയുകയും അതനുസരിച്ച് സ്ഥാനാർഥികളെ നിർണ്ണയിക്കുകയും ചെയ്യുമ്പോൾ നിർണയിച്ചവരുടെ യോഗ്യത അവർ ഉറപ്പ് വരുത്തുന്നുണ്ടെന്നു നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. ജനഹിതം അറിഞ്ഞു തിരഞ്ഞെടുത്ത യോഗ്യരും സുതാര്യരും ആയ സ്ഥാനാർഥികൾക്ക് എതിരാളികളെ നിർത്തുമ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികൾ ഇനി ഒരല്പം ആലോചിക്കേണ്ടി വരും. സ്ഥാനാർഥിയാവുന്ന  ഒരാളുടെ യോഗ്യത ജനങ്ങൾ മാനിക്കുന്ന കാലത്ത്  യോഗ്യരായ ഭരണകർത്താക്കൾ വരും, യോഗ്യതയുള്ള ഭരണം വരും.  കള്ളനും കൊള്ളരുതാത്തവനും,  പെണ്പിടിയനും കൊലയാളിയും സാധാരണക്കാരെ ഭരിക്കുകയും അവരുടെ സ്വത്തു കൊള്ളയടിക്കുകയും പോരാത്തതിനു അവരുടെ നെഞ്ചത്ത് കുതിരകേറുകയും ചെയ്യുന്ന ആനുകാലിക രാഷ്ട്രീയത്തിന് ആം ആദ്മി അഥവാ സാധാരണ മനുഷ്യൻ കൊടുത്ത കനത്ത പ്രഹരമാണിത്. ആം ആദ്മി പാർട്ടിയുടെ ഉദ്ധേശ ലക്ഷ്യങ്ങൾ ച്ചുഴിഞ്ഞന്വേഷിക്കുന്നതിനു മുൻപ് കുത്തഴിഞ്ഞു കിടന്നിരുന്ന ഒരു വ്യവസ്ഥയുടെ പുനരുദ്ധാരണം ആയി ഇതിനെ കാണാം. രാഷ്ട്രീയം എന്നാൽ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും വേറെ വേറെയാണെന്ന തെറ്റിദ്ധാരണയുടെ ഉന്മൂല നാശവും, രാഷ്ട്രീയം എന്നാൽ ഓരോ പൗരനും തന്റെ രാഷ്ട്രത്തോടുള്ള കടപ്പടാണെന്ന വ്യക്തമായ സന്ദേശവും നല്കുന്നു ആം ആദ്മി പാർട്ടി.

Saturday, November 16, 2013

ശല്യപ്പെടുത്തരുത്... അവൻ മാന്യനാണ്..!

മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടി ഭയന്നാണ് ഇന്ന് ബസിൽ ഓഫീസിൽ പോവാം എന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയെയോ ജന സമ്പർക്കത്തിനെയോ എനിക്ക് പേടിയില്ല. പക്ഷെ ഒരു മുഖ്യമന്ത്രിയുടെ കാറിന്റെ വരെ ചില്ലും നെഞ്ചുംകൂടും പൊട്ടിക്കുവാൻ ഈ സമ്പർക്ക കലാപരിപാടി ഹേതുവായെങ്കിൽ എന്നെ പോലെ ഒരു പാവത്തിന്റെ നെഞ്ചുംകൂടിനും കാറിന്റെ ചില്ലിനും എന്ത് ഗ്യാരണ്ടി ആണ് ഉള്ളതെന്ന ഭയം അസ്ഥാനത്തല്ലല്ലോ. കൈ കാണിച്ചപ്പോൾ വിശാല മനസ്കനായ ആ ബസ്‌ ഡ്രൈവർ, തന്റെ പ്രയാണം റോഡിൻറെ ഒരു സൈഡിലൂടെ ആക്കിത്തന്നു. വിശാല മനസ്ഥിതിയിൽ ഡ്രൈവറോട് മത്സരിച്ചു കൊണ്ടിരിക്കുന്ന കിളി എന്നെ കണ്ടതും ഡോർ തുറന്നു വെച്ച് തന്നു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല. കീലേരി കുഞ്ഞിക്കണ്ണനെ ധ്യാനിച്ച് ഒറ്റച്ചാട്ടത്തിന് ബസിൽ കേറിപ്പറ്റി. താരതമ്യേനെ തിരക്ക് കുറഞ്ഞ ബസ്സെങ്കിലും സീറ്റ്‌ മുഴുവൻ ഫുൾ.
കയ്യിൽ തടഞ്ഞ കമ്പിത്തൂണിനും സീറ്റിനും ഇടയിലായി നിലയുറച്ചപ്പോൾ സമാധാനം. ചാരി നില്കുന്ന സീറ്റിൽ ഇരിക്കുന്ന മാന്യൻ ഒന്നിളകി ഞാൻ ഇവിടെ ഇരിപ്പുണ്ട് എന്നറിയിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചു ഞാൻ ഇവിടെ നിൽപുണ്ടെന്ന് ഞാനും അറിയിച്ചു കൊണ്ട് അവരെ തൊടാതിരിക്കാൻ ശ്രദ്ധിച്ചു. ബസ്‌ ഡ്രൈവറുടെ സ്പോർട്സ്മാൻ സ്പിരിറ്റ്‌ കൂടുംബോഴോഴികെ ഞാൻ സ്റ്റഡി ആയിത്തന്നെ നിന്നു.
റോഡ്‌ കാഴ്ചകളിൽ മുഴുകി നിന്ന എന്നെ പിറകിൽ നിന്നു ശക്തമായി ആരോ തള്ളിയതും എന്റെ തല കമ്പിയിൽ ഇടിച്ചതും വളരെ പെട്ടെന്നായിരുന്നു. നില്പ് ഭദ്രമാക്കി സംഭവിച്ചതെന്തെന്ന് നോക്കിയപ്പോൾ പിന്നിൽ പിറുപിറുത്തു കൊണ്ട് മാന്യൻ ഒന്നുകൂടി ഇളകിയിരുന്നു. തന്റെ ചാരിത്ര്യം ഈയുള്ളവൻ കുണ്ടി കൊണ്ട് കരണ്ട് കൊണ്ടിരിക്കുന്നു എന്ന തോന്നൽ ആവാം ആ മാന്യനെ എന്നെ പിടിച്ചു തള്ളുവാൻ പ്രേരിപ്പിച്ചതെന്ന് ഞാൻ അനുമാനിച്ചു. ജീവനിൽ കൊതിയുള്ളത് കൊണ്ടും ഡ്രൈവറെ ഇനിയും വിശ്വസിക്കാൻ ധൈര്യമില്ലാത്തത് കൊണ്ടും നില്പ് അല്പം ബാക്കിലേക്ക്‌ മാറ്റി ഒരു സീറ്റ്‌ ഒഴിയുന്നതും കാത്തു നിന്നു. മാന്യന്റെ  അരികത്തായി ഒരു സീറ്റ്‌ ഒഴിഞ്ഞതും അത് കയ്യേറാൻ ഞാൻ ചെന്നതും അദ്ദേഹത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. അടുപ്പിച്ചടുപ്പിച് പണിഞ്ഞ സീറ്റിൽ നിന്നു മാന്യൻ അനങ്ങാൻ തയ്യാറായില്ല. ഇനി ഇപ്പൊ ഇരിക്കണമെങ്കിൽ മാന്യന്റെ കടന്നു വേണം നടുവിലെ സീറ്റിൽ എത്താൻ. ഇനി എന്റെ കാല് മാന്യന്റെ കാലിൽ തട്ടുമ്പോൾ അവരുടെ പ്രതികരണം എന്താവും എന്ന ഒരു ചെറു ഭീതിയോടെ ചാടി കടന്നു സീറ്റിൽ ഒരല്പം സ്ഥലം കിട്ടി. മൂന്നു പേർക്കു ഇരിക്കാവുന്ന സീറ്റിൽ രണ്ടു പേരുടെ സ്ഥലം മാന്യൻ കയ്യേറി കൈ മുട്ട് മടക്കി വെച്ച് ലാവിഷായി ഇരിക്കുന്നു. ചന്തി സീറ്റിൽ ഉറപ്പിച്ച് മുന്നോട്ടു മടങ്ങി ഞാൻ ഒരു പരുവത്തിൽ ഇരുന്നു മാന്യന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് അവക്ഞ്ഞ അല്ലെങ്കിൽ പുച്ഛം എന്ന ഭാവത്തിന്റെ വിവിധ സബ്-ഭാവങ്ങൾ വിരിയുന്നത് ഞാൻ കണ്ടു.
വഴിയിൽ ബസ്‌ നിർത്തിയപ്പോൾ ഇരച്ചു കയറിയ പെണ്കൂട്ടം അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം ശബ്ദ മുഖരിതമാക്കി. ഞെക്കി ഞെരുങ്ങി ഇരുന്നിരുന്ന എനിക്ക് അവരുടെ വായിൽനോക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സൌകര്യമില്ലയിരുന്നത് കൊണ്ട് അതിനു തുനിഞ്ഞില്ല.പക്ഷെ എന്തുകൊണ്ടെന്നറിയില്ല സാവകാശം എന്റെ സീറ്റിൽ യഥേഷ്ടം സ്ഥലം വന്നു നിറയുന്നുണ്ടായിരുന്നു.എന്താണ് ഇതിന്റെ ഗുട്ടൻസ് എന്നറിയാൻ മാന്യനെ നോക്കിയപ്പോഴാണ് ഗുട്ടൻസിന്റെ നീണ്ട കൈകൾ കണ്ടത്. എന്നെ ഞെരുക്കി അകത്തേക്ക് ലാവിഷായി ഇരുന്ന മാന്യൻ ഇപ്പോൾ കുനിഞ്ഞു കഷ്ടപ്പെട്ട് മുന്നിലെ സീറ്റിൽ കൈ വെച്ച് ചാരി നില്കുന്ന പെണ്ണിനെ തോണ്ടാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. തൊണ്ട് കിട്ടിയവർ കിട്ടാത്തവർക്ക് വേണ്ടി അവിടം വിടുന്നു.മാറി മാറി വരുന്നവരെ മാന്യൻ തന്റെ മാന്യത അറിയിച്ചു കൊണ്ടേ ഇരിക്കുന്നു.
ഞാൻ ശ്രദ്ധിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണോ എന്തോ അയാൾ കൈ പിന്നോട്ട് വലിച്ചു ഒന്നൂടെ അമർന്നിരുന്നു എന്നെ നോക്കി. നേരത്തെ കണ്ട അതേ നോട്ടം..പുച്ഛം കലർന്ന ആ നോട്ടത്തിനു ഒരു ആത്മഗതം പോലെ ഞാൻ മറുപടി പറഞ്ഞു..." ശരി...മാന്യാ.."

Thursday, November 14, 2013

സച്ചിൻ...പ്രിയപ്പെട്ട സച്ചിൻ...


ഞാൻ കാണുന്ന ക്രിക്കറ്റിൽ എന്നും അങ്ങുണ്ടായിരുന്നു...
അങ്ങിനെയല്ലെങ്കിൽ, അങ്ങുണ്ടായിരുന്ന ക്രിക്കറ്റ്‌ ആണ് ഞാൻ എന്നും കണ്ടിരുന്നത്‌...ഞാൻ ഇഷ്ടപ്പെട്ടിരുന്നത്...
ഞാൻ ക്രിക്കറ്റ്‌ കളിച്ചത് അങ്ങ് അത് കളിച്ചിരുന്നത് കൊണ്ട് മാത്രമാണ്..
കളിക്കളത്തിലെ ഓരോ അനക്കങ്ങളിലും ഞാൻ അങ്ങയെ പോലെയാവാൻ ആഗ്രഹിച്ചു..ശ്രമിച്ചു..
അങ്ങയുടെ ചിരിയും നടത്തവും സംസാരവും ഞാൻ അപ്പാടെ പകർത്തിക്കൊണ്ടിരുന്നു..
അങ്ങയെപ്പോലെ ഒരിക്കലും ആവാൻ കഴിയില്ലെന്ന യാഥാർത്ഥ്യ ബോധത്തിനൊടുവിൽ അങ്ങ് ദൈവം ആണെന്ന് തിരിച്ചറിഞ്ഞു..
കളിക്കളത്തിനപ്പുറത്ത് സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് അനവധി പേരെ നേരിട്ട് സ്വധീനിച്ചപ്പോൾ എന്നെപ്പോലെയുള്ള അനേകായിരങ്ങളെ പരോക്ഷമായി  അങ്ങ് സ്വാധീനിച്ചു...
ക്രിക്കറ്റിൽ വാഴ്തപ്പെട്ടിരുന്ന ആൾ ദൈവ ബിംബങ്ങൾ ഓരോന്നായി ഉപജാപങ്ങളിലും അഴിമതികളിലും തകർന്നടിഞ്ഞപ്പോൾ അങ്ങയുടെ ശിരസ്സ്‌ എന്നും ഉയര്ന്നു തന്നെ നിന്നു....അതുവഴി ഞങ്ങളുടെ താല്പര്യങ്ങളും പ്രതീക്ഷകളും...
അങ്ങയോടു എതിർ കളിക്കാർ അപക്വമായും അപമാര്യദയോടും പെരുമാറിയപ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും രക്തം തിളച്ചു.. പക്ഷെ അങ്ങ് അവർക്ക് ബാറ്റ് കൊണ്ട് മറുപടി നല്കി...പക്വത എന്തെന്നും മര്യാദയെന്തെന്നും പഠിപ്പിച്ചു..
അങ്ങ് ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ കൂടെ ഞങ്ങളോരോരുത്തരുടെയും ഹൃദയത്തിലേക്ക് നടന്നു കയറുകയായിരുന്നു...ക്രിക്കറ്റിൽ നിന്നു പടിയിറങ്ങുമ്പോൾ ചരിത്രത്തിലും ലക്ഷക്കണക്കിന്‌ വരുന്ന എന്നെപോലെയുള്ളവരുടെ ഹൃദയത്തിലും മായ്ക്കാനാവാത്ത വിധം അങ്ങയുടെ കാലടികൾ പതിഞ്ഞിരിക്കുന്നത് അങ്ങറിയാതിരിക്കാൻ തരമില്ല...
സമാനതകളില്ലാത്ത പ്രതിഭയും വ്യക്തിയും പൗരനും ആയ അങ്ങില്ലാത്ത ക്രിക്കറ്റ്‌ ഞങ്ങളുടെ ചിന്തയുടെ അപ്പുറത്താണ്...
1989 കളിലെ ക്രിക്കറ്റ്‌ ന്റെ ജനപ്രീതി ഇന്ത്യയിൽ ഇന്നത്തെ നിലയിലെക്കുയർത്തിയത് അങ്ങയുടെ സാന്നിധ്യം ഒന്ന് മാത്രമാണെന്ന് വിശ്വസിക്കുന്നവൻ ഞാൻ മാത്രമാവില്ല..
അങ്ങില്ലാത്ത ക്രിക്കറ്റ്‌ കാണില്ലെന്ന് വീമ്പടിക്കാൻ ഞാനില്ലെങ്കിലും അങ്ങയുടെ കളികളുടെ ഷെഡ്യൂൾ മനസ്സിൽ പലയാവർത്തി തെളിയുന്ന പോലെ ഇനി ഇന്ത്യയുടെ മത്സരങ്ങൾ തെളിയില്ലെന്നുറപ്പ്..
ഇതൊക്കെ പറയുന്നത് ഞാൻ മാത്രമാവില്ല...ഇത് എന്നെപോലെയുള്ള ലക്ഷക്കണക്കിന്‌ പേർക്ക് പറയാനുള്ളതാണ്..അവർ പറഞ്ഞതാണ്..ആവർത്തനം വിരസമെങ്കിലും എനിക്കും അങ്ങയോടു പറയാനുള്ളത് ഇതൊക്കെ തന്നെയാണ്...
അല്ലെങ്കിലും ദൈവത്തിനോട് നമുക്കെല്ലാവർക്കും പറയാൻ ഉണ്ടാവുന്നത് ഒന്നുതന്നെ ആണല്ലോ...