Saturday, December 28, 2013

സാധാരണക്കാരന്റെ പ്രത്യേയശാസ്ത്രം


കാലാ കാലങ്ങളിൽ പാർടികൾ ഉണ്ടാവുന്നതും പിളരുന്നതും അണയുന്നതും നമ്മുടെ രാഷ്ട്രത്തിന് പുതുമയല്ല. പുതിയതായി ജനിച്ചു വീഴുന്ന പാർട്ടികൾക്ക് ഒരു കാര്യത്തിൽ എന്നും സമാനതയുണ്ടായിരുന്നു. ജനങ്ങൾക്ക്‌ വേണ്ടിയോ രാഷ്ട്രത്തിന് വേണ്ടിയോ ആയിരുന്നില്ല ഇവയൊന്നും ജനിച്ചത്‌. ചിലപ്പോഴൊക്കെ അധികാര മോഹഭംഗങ്ങൾ ആണ് പുതിയ പാർട്ടികൾ ജനിക്കാൻ കാരണമായിട്ടുള്ളതെങ്കിൽ മറ്റുചിലപ്പോൾ ന്യൂനപക്ഷമെന്നൊ ഭൂരിപക്ഷമെന്നൊ, ജാതിയോ മതമോ, ഭാഷയോ പ്രദേശമോ തിരഞ്ഞെടുത്തു വിഘടിപ്പിച്ചു സ്വയം അധികാരത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ഇവര ചെയ്തു കൊണ്ടിരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയെയും പേര് പറയാൻ എനിക്ക് തല്പര്യമില്ലാത്തപ്പോഴും ഇത് വരെ ഉള്ളതും ഉണ്ടായിരുന്നതും എല്ലാം ഈ ജനുസ്സിൽ പെടുന്നവ മാത്രം ആയിരുന്നു.
ഹിന്ദുവിന്റെ നന്മയും ഉന്നമനവും രാഷ്ട്ര രക്ഷയും ലക്ഷ്യമിടുന്ന പാര്ട്ടി ഓരോ ഹിന്ദുവിന്റെയും ചിന്തയും പ്രവൃത്തിയും സങ്കുഞ്ചിതമാക്കുന്നു. മറ്റൊരു മതക്കാരനും രക്ഷപ്പെടെരുത് എന്നോ അവർക്കാർക്കും ഉന്നമനവും നന്മയും ഉണ്ടാവരുതെന്നോ ഇവിടെ ഒരു ഹിന്ദു പോലും കരുതുന്നുണ്ടാവില്ല. മുസ്ലിം ഉന്നമനത്തിന്റെ ബ്രാൻഡ്‌ അംബസ്സഡോർമാരായ ദേശീയ പാർട്ടി പോലും നിലനിലക്കുന്നതു മുസ്ലിംകൾക്ക് നല്ല കാലം വരും എന്ന മലർപൊടിക്കാരന്റെ സ്വപ്നം സജീവമായി നിലനിർത്താൻ പറ്റുന്നത് കൊണ്ടാണ്. തുല്ല്യദൂര സിദ്ധാന്തം വിജയകരമായി പാലിക്കുന്നത് കൊണ്ട് ഒന്നിലധികം തോണികളിൽ കാലൂന്നി കൂട്ടത്തോടെ പൊട്ടന്മാരക്കുന്ന പുരാതന പാർട്ടികൾ അത് കൂസലന്ന്യേ ചെയ്തു കൊണ്ടിരിക്കുന്നു. ആം ആദ്മി പാർട്ടിയുടെ നിലപാടുകളിൽ ഒരു പ്രത്യേക വിഭാഗത്തിനോ തൊഴിലിനോ പരിഗണ ഇല്ലെന്നിരിക്കെ അവർ ലക്ഷ്യമിടുന്നത് ഭാരതത്തിലെ മുഴുവൻ പൌരന്മാരെയും ആണെന്ന് വ്യക്തം. അങ്ങിനെയെങ്കിൽ ഭിന്നിപ്പിച്ചു ഭരിക്കുന്നവർക്കും  ഭരിക്കാൻ ശ്രമിക്കുന്നവർക്കും ഇനി എന്ത് പ്രസക്തിയാണുള്ളത് ?
 ആം ആദ്മി പാർട്ടി മുന്നോട്ടു വെക്കുന്ന ആശയങ്ങൾ ഒരു സാധാരണക്കാരന് താൻ നല്കുന്ന നികുതികൾ രാഷ്ട്രനന്മക്കും  ജന പുരോഗതിക്കും  വിനിയോഗിക്കപ്പെടും എന്ന ഉറപ്പ് നല്കുകയും അഴിമതി മുക്തമായ ഭരണം ഉണ്ടാവുമെന്നുള്ള പ്രതീക്ഷ നല്കുകയും ചെയുന്നു. ആം ആദ്മി ഗവർമെന്റിന്റെ ഭാവി എന്തായാലും അവർ തുടങ്ങി വെച്ചിട്ടുള്ളത്‌ ആരോഗ്യകരമായ ഒരു സമൂലമാറ്റത്തിന്റെ നാന്ദിയാണ്.
സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത് മുതൽ ആം ആദ്മി കാണിക്കുന്ന ജാഗ്രത മാതൃകാപരമാണ്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനഹിതമറിയുകയും അതനുസരിച്ച് സ്ഥാനാർഥികളെ നിർണ്ണയിക്കുകയും ചെയ്യുമ്പോൾ നിർണയിച്ചവരുടെ യോഗ്യത അവർ ഉറപ്പ് വരുത്തുന്നുണ്ടെന്നു നമുക്ക് ന്യായമായും പ്രതീക്ഷിക്കാം. ജനഹിതം അറിഞ്ഞു തിരഞ്ഞെടുത്ത യോഗ്യരും സുതാര്യരും ആയ സ്ഥാനാർഥികൾക്ക് എതിരാളികളെ നിർത്തുമ്പോൾ മറ്റു രാഷ്ട്രീയ പാർട്ടികൾ ഇനി ഒരല്പം ആലോചിക്കേണ്ടി വരും. സ്ഥാനാർഥിയാവുന്ന  ഒരാളുടെ യോഗ്യത ജനങ്ങൾ മാനിക്കുന്ന കാലത്ത്  യോഗ്യരായ ഭരണകർത്താക്കൾ വരും, യോഗ്യതയുള്ള ഭരണം വരും.  കള്ളനും കൊള്ളരുതാത്തവനും,  പെണ്പിടിയനും കൊലയാളിയും സാധാരണക്കാരെ ഭരിക്കുകയും അവരുടെ സ്വത്തു കൊള്ളയടിക്കുകയും പോരാത്തതിനു അവരുടെ നെഞ്ചത്ത് കുതിരകേറുകയും ചെയ്യുന്ന ആനുകാലിക രാഷ്ട്രീയത്തിന് ആം ആദ്മി അഥവാ സാധാരണ മനുഷ്യൻ കൊടുത്ത കനത്ത പ്രഹരമാണിത്. ആം ആദ്മി പാർട്ടിയുടെ ഉദ്ധേശ ലക്ഷ്യങ്ങൾ ച്ചുഴിഞ്ഞന്വേഷിക്കുന്നതിനു മുൻപ് കുത്തഴിഞ്ഞു കിടന്നിരുന്ന ഒരു വ്യവസ്ഥയുടെ പുനരുദ്ധാരണം ആയി ഇതിനെ കാണാം. രാഷ്ട്രീയം എന്നാൽ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും വേറെ വേറെയാണെന്ന തെറ്റിദ്ധാരണയുടെ ഉന്മൂല നാശവും, രാഷ്ട്രീയം എന്നാൽ ഓരോ പൗരനും തന്റെ രാഷ്ട്രത്തോടുള്ള കടപ്പടാണെന്ന വ്യക്തമായ സന്ദേശവും നല്കുന്നു ആം ആദ്മി പാർട്ടി.

3 comments:

  1. വളര്‍ന്ന് വരട്ടെ
    ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടിട്ട് ഒന്നു നക്കാത്തവരില്ല എന്ന പഴഞ്ചൊല്ലില്‍ പതിരുണ്ടാകുമോ എന്ന് അറിയാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഇത്

    ReplyDelete
  2. (പോക്ക്രിത്തരം വേണോ? പോക്രിത്തരം പോരേ?)

    ReplyDelete
  3. കാത്തിരിക്കാം കുറ്റിചൂല്‍ വിപ്ലവം എവിടെ വരെയെന്ന്

    ReplyDelete