Saturday, April 14, 2012

ആത്മീയത എന്ന ശുദ്ധ പോക്രിത്തരം

പാണ്ഡിത്യം ഉള്ളവരേയാണല്ലോ പണ്ഡിതര്‍ എന്ന് പറയുന്നത്. അല്ലേ..? ഇനി ഇടക്കാലത്ത് അതെങ്ങാനും മാറ്റിയോ ? എന്റെ അറിവില്‍ ഇല്ല എന്നാണ് വിശ്വാസം. അങ്ങിനെ ആണെങ്കില്‍ ഈ പണ്ഡിതര്‍ക്കു സമൂഹത്തിനോട് ഒരു ബാധ്യത ഇല്ലേ ? അതോ സമൂഹത്തിനു ഈ പണ്ഡിതര്‍ ബാധ്യതയാവണം എന്ന് അവര്‍ക്ക് നിര്‍ബന്ധം ഉണ്ടോ ? ഉണ്ടെന്നാണ് പുതിയ നാട്ടുനടപ്പെന്നു സാധാരണക്കാര്‍ പറയും. ഇതെന്താടാ..ഈ പോക്ക്രി പണ്ഡിതര്‍ക്കു നേരെ കുതിര കേറുകയണോ എന്നാണ് ചോദ്യമെങ്കില്‍ അല്ല എന്ന് തന്നെയാണ് ഉത്തരം. പക്ഷെ..ചില കാര്യങ്ങള്‍ക്കു ഈ പണ്ഡിത വര്‍ഗം ഉത്തരം പറഞ്ഞേ തീരൂ..പ്രത്യേകിച്ചും ഈ മത പണ്ഡിത വര്‍ഗം..!
                                              ഒരു ചൂടന്‍ വിഷയം പുറത്തെടുത്തു കുറേ തല്ലു വാങ്ങികൂട്ടാന്‍ ഉദ്ദേശം ഇല്ലാത്തതു കൊണ്ടും മതം എന്ന് കേട്ടാല്‍  തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് മാറ്റിപാടിയ ആളുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്‌ കൊണ്ടും എല്ലാവരെയും പറ്റി പറയുന്നില്ലെങ്കിലും പറയുന്നത് എല്ലാര്ക്കും ബാധകമാണെന്നതില്‍ തര്‍ക്കം ഇല്ല. ഹല്ലാ...എനിക്കൊരു സംശയം..  എന്റെ പാഴ്മനസ്സില്‍ തോന്നിയ സംശയമാണ്...ഒരു വെള്ള തുണി കൊണ്ട് തലയില്കെട്ടി താടി വെടിപ്പായി വളര്‍ത്തിയാല്‍ ഒരു മുസ്ലിം പണ്ഡിതന്‍...കാവിയുടുത്ത്‌ ജടയും കാട് കെട്ടി വളര്‍ന്ന താടിയും ഉണ്ടെങ്കില്‍ അതൊരു ഹിന്ദു പണ്ഡിതന്‍...പിന്നെ അലക്കിതേച്ച ഒരു ലോഹ വെടിപ്പായി ഇട്ടു ഒരു തലപ്പാവും കൂടി ആയാല്‍ ഒരു ക്രിസ്ത്യന്‍  പണ്ഡിതന്‍.ഇങ്ങിനെ ഒക്കെ ആണോ മത പണ്ഡിതന്മാരെ തരംതിരിക്കുന്നത്‌ ? പാണ്ടിത്യം അളക്കാന്‍ ഒരു പാണ്ടിത്യോമീറ്റെര്‍ കണ്ടു പിടിച്ചില്ലെന്നതാണ് എനിക്ക്  ഇങ്ങിനെ ഒരു ധാരണ വരാന്‍ കാരണം. മേല്പറഞ്ഞ പണ്ഡിതരേക്കാളും ശാസ്ത്രത്തില്‍ വിശ്വാസം ഉള്ളത് കൊണ്ട് അങ്ങിനെ ഒന്ന് വരുന്ന വരെ ഇവരെ ഒക്കെ സഹിച്ചാല്‍ മതിയാവും എന്നാ ശുഭാപ്തി വിശ്വാസം ബാക്കിയുണ്ട്.
                              കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഒരു മൊസ്ലിയാര് മുടിപ്പള്ളിയുണ്ടാക്കാനും അത് വഴി കോടികളുടെ ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിയാനും തെണ്ടല്‍ തുടങ്ങിയെന്ന വാര്‍ത്ത‍ എന്നില്‍ കുറച്ചൊന്നും അല്ല അമ്പരപ്പുണ്ടാക്കിയത്. ആത്മീയത വില്പനച്ചരക്കാവുമ്പോള്‍ ക്രമേണ എങ്കിലും ഇല്ലാതാവുന്നത് അവരെ പിന്തുടരുന്ന ഒരു വലിയ സമൂഹത്തിന്റെ ബാക്കിയുള്ള നന്മ കൂടിയാണ്. രാജ്യത്തിനോടോ ജനങ്ങളോടോ ഒരല്പം പോലും പ്രതിപത്തി ഇല്ലാത്ത ഇവരില്‍ ആത്മീയതയോ വിശ്വാസമോ അല്പം പോലും ഇല്ലെന്നു നമ്മള്‍ എന്ന് തിരിച്ചറിയും? ഖുര്‍ആന്‍ പഠിച്ചെങ്കില്‍ നല്ലത്..ഗീതയും ഉപനിഷത്തും ബൈബിളും പഠിച്ചെങ്കില്‍ അത്യുത്തമം. പക്ഷേ.. ജനിച്ച നാടിന്‍റെ ചരിത്രം ഒരല്‍പമെങ്കിലും അറിയുക. ജനിച്ച വീണ മണ്ണിനെ പറ്റി പഠിക്കാന്‍ പറ്റിയില്ലെങ്കിലും ഏറ്റവും കുറഞ്ഞത്‌ തന്‍റെ പൂര്‍വികര്‍ ഈ രാജ്യത്തിന്‌ വേണ്ടി ചെയ്തതെങ്കിലും അറിയുക. തിരുവിതാംകൂര്‍ ദിവാനെതിരെ ശബ്ദം ഉയര്‍ത്തിയ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള  എന്ന ഒരു ധീര ദേശാഭിമാനിയെ ചരിത്രത്തിനു സമ്മാനിച്ച, ഇന്ന് കാശുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ മുറുകെ പിടിക്കുന്ന ഖുര്‍ആന്‍ എല്ലാരും വായിക്കാനും പഠിക്കാനും സ്വന്തം പത്രത്തില്‍ അതിന്റെ വിവര്‍ത്തനം എഴുതി ജനങ്ങളിലേക്കെത്തിച്ച,  സ്വന്തം ജീവിതാന്ത്യം വരെ രാജ്യത്തിനും വേണ്ടി കൂടെ ജീവിച്ച ഒരു വക്കം അബ്ദുല്‍ ഖാദര്‍ മൌലവി യെ അറിയുക. ബ്രിട്ടീഷ്‌ മേലാളന്മാരോട് സ്വന്തം രാജ്യത്തിന്‌ വേണ്ടി പടപൊരുതി ജീവിച്ചു മരിച്ച അലി മുസ്ലിയാരെയും മുഹമെദ് അബ്ദുല്‍ റഹ്മാന്‍ സാഹിബ്‌ നെയും പോലുള്ളവരുടെ ജീവിതവും അവര്‍ക്ക് സമൂഹത്തിനോടുണ്ടായിരുന്ന പ്രതിബദ്ധതയും അറിയുക. സ്വന്തം കീശ വീര്‍പ്പിക്കുന്നതിന്റെ പകുതി സമയം സമൂഹത്തിനു വേണ്ടി, രാജ്യത്തിന്‌ വേണ്ടി ചിലവാക്കുക. തന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന രാഷ്ട്രീയ എമ്പോക്കികള്‍ക്ക് വോട്ട് മറിച്ചു കൊടുക്കുന്ന കൂട്ടികൊടുപ്പുകാരാവാതിരിക്കുക. ഈ മുസ്ലിയാക്കന്മാരുടെയും കപട സ്വാമിമാരുടെയും നല്ല കാലമാ ഇത്. ഇല്ലെങ്കില്‍ ജനങ്ങളുടെ വിശ്വാസം കാശാക്കി മാറ്റി GMC കാറില്‍ നാട് തെണ്ടാന്‍ ഇറങ്ങുമ്പോള്‍, ആകാശ നൌകയില്‍ ഇരുന്നു മദ്യസേവ നടത്തുമ്പോള്‍ എപ്പോഴേ ജനങ്ങള്‍ നിങ്ങളെ മുക്കാലിയില്‍ കെട്ടി അടിച്ചേനെ. ഹല്ലേ...നിങ്ങള് തന്നെ പറ. ഇതിന്റെ ഒക്കെ പേരല്ലേ ശരിക്കും പോക്രിത്തരം ? അല്ലായിരിക്കാം...ഇവരെ ഒക്കെ  ഇത്രയൊക്കെ സഹിച്ചിട്ടും പ്രതികരിക്കാതെ ഇരിക്കുന്ന നമ്മളൊക്കെ ചെയ്യുന്നതാണ്‌ ശുദ്ധ പോക്രിത്തരം..!


Saturday, April 7, 2012

പലായനം

കീശയിലെ നോട്ടുകെട്ടുകളുടെ ഖനം ഒന്ന് കൂട്ടിക്കളയാം എന്ന് കരുതി എടുത്ത ഒരു തീരുമാനം. അതായിരുന്നു ഈ സ്ഥലം മാറ്റത്തിന്റെ കാരണം. നോട്ടുകെട്ടുകള്‍ക്ക് തിരിച്ചു തരാന്‍ പറ്റാത്ത പലതും നഷ്ടമാവും എന്ന തിരിച്ചറിവ് ഉണ്ടായപ്പോള്‍, എല്ലാം തിരിച്ചു പിടിക്കാന്‍ പറ്റാത്തത്രയും കൈ വിട്ടു പോയിരുന്നു. ഒരു നാട് കടത്തലും, സ്ഥലം മാറ്റവും ഒരാളില്‍ ഉണ്ടാക്കുന്നത് ഒരേ മാറ്റങ്ങള്‍ ആണ്. പണത്തിന്റെ അളവുകോല്‍ വെച്ച് അളക്കുമ്പോള്‍ ഒന്ന് ശിക്ഷയും പിന്നെയൊന്ന് രക്ഷയും ആയി വിധിയെഴുതുന്നു എന്ന് മാത്രം.
                 ജിദ്ദ.. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുകയും തിരിച്ചു പോവുകയും ചെയ്യുന്ന നഗരം. ചെങ്കടലിന്റെ, മക്കയുടെ, മദീനയുടെ, മലയാളികളുടെയും ആഫ്രിക്കന്‍ പിടിച്ചു പറിക്കാരുടെയും മണ്ണ്. ആറു വര്‍ഷത്തോളമായി ഇവിടെ വന്നിട്ട്. വൃത്തിയില്ലാത്ത, ഇടുങ്ങിയ ഇടവഴികളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഉള്ള ഈ  നഗരത്തെ വെറുപ്പായിരുന്നു. ഒരു തുടക്കക്കാരന് ജിദ്ദ നല്കിയതും നല്‍കുന്നതും തിക്താനുഭവങ്ങള്‍ ആണ്. അത് തുടങ്ങുന്നത്, ഇഷ്ടമുള്ള കാര്‍ വാങ്ങാന്‍ കമ്പനി തന്ന കാശുമായി പോവുന്ന വഴിക്ക്, കയ്യില്‍ കൂടുതല്‍ കാശു കണ്ടതിനു പോലിസ് കൊണ്ട് പോയി 24  മണിക്കൂര്‍ ജയിലില്‍ അടച്ചത് മുതല്‍ ആണ്. അന്ന് ഹെഡ് ഓഫീസില്‍ നിന്ന് ആള് വരേണ്ടി വന്നു തിരിച്ചു ആകാശം കാണാന്‍. പിന്നെയും എത്ര എത്ര അനുഭങ്ങള്‍. പക്ഷെ..ഇവിടെ വരുന്ന ഓരോരുത്തനും പിന്നീട് ഈ നഗരത്തിനോട് ഇഴുകി ചേരുന്നു. എനിക്ക് ഭാഗ്യമാണ് ഈ നഗരം. എന്റെ കരിയര്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഇന്ന് ഞാന്‍ എന്താണോ (എന്താണ്  എന്ന് ഇങ്ങോട്ട് ചോദിക്കല്ലേ..), അത് ഞാന്‍ നേടിയെടുത്തതും ഇവിടെ നിന്ന് തന്നെ. എന്നും കൂടെ ഉള്ള കുറെ സുഹൃത്തുക്കള്‍, കണ്ടാല്‍ അറിയുന്ന  പേരറിയാവുന്ന കുറെ പേര്‍, പേരറിയാത്ത കുറെ പേര്‍, പിന്നെ....അവള്‍..! പകലന്തിയോളം എന്റെ കൂടെ, ഞാന്‍ ചെയ്യുന്നതും നോക്കി, എന്നോട് മിണ്ടിക്കൊണ്ടിരുന്ന അവളെയും എനിക്ക് തന്നത് ഈ നഗരമാണ്.
                              ഇന്ന് പുറപ്പെടാന്‍ തയ്യാറാവുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് മനസ്സില്‍. എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്ന ആ സുഹൃത്തുക്കള്‍, വൈകുന്നേരങ്ങളിലെ പന്ത് കളി, കളി കഴിഞ്ഞു റൂമിന്റെ പൂമുഖപ്പടിയില്‍ റോഡും നോക്കി മണിക്കൂറുകളോളം ഉള്ള വെടി പറച്ചില്‍. എന്തായിരുന്നു അത്രയും ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ? സാധാരണ പ്രവാസികളുടെ വിഷയങ്ങള്‍ ഒന്നും ഒരിക്കലും വരാതിരുന്ന ആ ഇരിപ്പില്‍ പറഞ്ഞത് മാത്രം ഇന്നും ഓര്‍മ്മയില്ല. പ്രവാസിയുടെ വെടി പറച്ചിലിന് ഇപ്പോഴും കൂട്ടാവുന്ന കുറെ വിഷയങ്ങള്‍ ഉണ്ട്. മാറി മാറി വരുന്ന തിരെഞ്ഞെടുപ്പുകള്‍, നാട്ടിലെ ഇല്ലായ്മകളും ഉത്തരവാദിത്തങ്ങളും,പുതിയ സിനിമകള്‍, പ്രിഥ്വിരാജപ്പന്‍ പിന്നെ സന്തോഷ്‌ പണ്ഡിതനും കേരളത്തിന്റെ അഞ്ചാം മന്ത്രിയും, അങ്ങിനെ അങ്ങിനെ. ഇതൊന്നും വിഷയമാവതിരുന്ന ആ ഇരുപ്പു ഇനി ഓര്‍മ്മകള്‍ മാത്രം ആവുന്നു. 1000  കിലോമീറ്റര്‍ കാറോടിച്ചു റിയാദിലേക്ക് ഒരു ഇന്റര്‍വ്യൂ നു പോവുമ്പോള്‍, നീ പോകുന്ന വഴിക്ക് ഉറങ്ങും എന്ന് പറഞ്ഞു എന്റെ കൂടെ കാറില്‍ കേറിയ നൌഷാദിന്റെ ആത്മാര്‍ത്ഥത ഞാന്‍ ഇവിടെ ഇട്ടേച്ചു പോവുന്നു. അല്‍പ ദിവസത്തെ ലീവ് കഴിഞ്ഞു തിരിച്ചു വരുന്നതിന്റെ തലേ ദിവസം വീട് തൂത്തു വാരി എയര്‍ കണ്ടിഷന്‍ ഓണ്‍ ചെയ്തു പോവുന്ന മുസ്തഫയുടെയും യകൂബിന്റെയും സ്നേഹം ഇവിടെ വെച്ച് പോവുന്നു. ഇനിയും എത്രയോ പേര്‍.
          ഒരു തെറ്റായ തീരുമാനത്തിന്റെ കുറ്റബോധവും പേറിയാണ് ഈ നാട് വിടുന്നത്. പക്ഷെ അനിവാര്യമായ ഒരു നാടുവിടല്‍..! ഞാന്‍ എന്നെ ന്യായീകരിക്കാന്‍ ഒരു കാരണം പറഞ്ഞോട്ടെ ? എന്നെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടി, ഞാന്‍ ആശ്രയിക്കുന്നവരെ എനിക്ക് കൈ വിട്ടേ പറ്റൂ..! പക്ഷെ ഞാന്‍ അവളെ കൂടെ കൂട്ടുന്നു. എനിക്ക് വേണ്ടിയാണു നാളെ നേരം പുലരുന്നതെന്ന തോന്നല്‍ എന്നിലുണ്ടാക്കാന്‍... പിറക്കാന്‍ പോവുന്ന നാളെകള്‍ക്കു ഇന്നലെകളുടെ ആവര്‍ത്തന വിരസത ഇല്ലാതിരിക്കാന്‍...!