Thursday, May 31, 2012

ജീവിതം വേ..പ്രണയം റേ....

ഉയിരും നീയെ...ഉടലും നീയെ...
ഉണര്‍വ്വും നീയെ...തായേ...
ഉണ്ണികൃഷ്ണന്‍ പാടുകയാണ്... കണ്ണടച്ച് കേട്ടുകൊണ്ടെയിരുന്നു..അടുത്ത ജന്മത്തിലെങ്കിലും ഒരു ഉണ്ണികൃഷ്ണന്‍ ആവനെമെന്നോ അല്ലെങ്കില്‍ അവരെ നേരിട്ടറിയണം എന്ന് തോന്നി. അധികമാരും ഇല്ലായിരുന്നു ആ യാത്രയില്‍. എന്നെ പോലെ തന്നെ കണ്ണടച്ച് ആ പാട്ട് ആസ്വദിച്ച് കേട്ട് കൊണ്ടിരുന്ന അവളെ ഞാന്‍ പാട്ടിനിടക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ കണ്ടിരുന്നു. ഇപ്പോഴും കണ്ണടച്ച് തന്നെ ഇരിക്കുന്നു. അവളുടെ വിരലുകള്‍ ഞാന്‍ കേള്‍ക്കാത്ത ഏതോ പാട്ടിനു അപ്പോഴും താളം പിടിച്ചു കൊണ്ടേയിരുന്നു. അവളെത്തന്നെ നോക്കിയിരുന്ന ഞാന്‍ അവള്‍ കണ്ണ് തുറന്നതും എന്നെ നോക്കിയതും ഞാന്‍ അറിയാതെ പോയതെങ്ങിനെ ? അവളുടെ ഒരു ചിരിയാണ് ഞാന്‍ അവളെത്തന്നെയാണ് നോക്കുന്നതെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. തിരിച്ചൊരു ചിരി ചിരിച്ചു ഞാന്‍ എന്റെ ചിന്തകളില്‍ ആണ്ടു. ഇനിയും ഒരു പാട് ദൂരമുണ്ട് ലകഷ്യസ്ഥാനത് എത്താന്‍. ഞാന്‍ ഡ്രൈവ് ചെയ്യാത്ത യാത്രകള്‍ എന്നും എനിക്ക് വിരസമാണ്. മനസ്സില്‍ അതെ പാട്ട് തന്നെ മൂളികൊണ്ടിരുന്നു. " എത്ര നന്നായാണ് ഉണ്ണി പാടുന്നെ...അല്ലെ..."  എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ ചോദ്യം.  മൂളലിന്റെ ഖനം കൂടിയപ്പോള്‍ ആ പാട്ടിന്റെ സുഖം നശിക്കുന്നുവെന്ന തോന്നലാവും അവളെ എന്നോട് മിണ്ടിച്ചത്. അതേതായാലും നന്നായി. യാത്രക്കൊരു കൂട്ടായല്ലോ. തിരിച്ചു ചോദിച്ചു.." ഉണ്ണികൃഷ്ണനെ അറിയുമോ...? " അല്പം അഹങ്കാരത്തോടെ അവളുടെ മറുപടിയും വന്നു.." അമ്മക്ക് അറിയാം..അമ്മയുമായി കൂട്ടാണ്.." എനിക്ക് അവരോടു അസൂയ തോന്നി. അടുത്ത ജന്മത്തില്‍ ഞാന്‍ നേടണമെന്ന് കരുതിയ ഭാഗ്യം ഇവര്‍ ഈ ജന്മത്തില്‍ തന്നെ നേടിയിരിക്കുന്നു. ഹും...എന്നിരുത്തി മൂളി. അവളുടെ മുഖത്ത് ആ പുഞ്ചിരി മായാതെ നില്കുന്നു. ഭാഗ്യവതി. കൂട്ടിനു ഒരു പുഞ്ചിരി എന്നും സ്വന്തമായുള്ളവള്‍. പിന്നെയും ഞാന്‍ എന്തൊക്കെയോ ചോദിച്ചു. ചെറിയ ഉത്തരങ്ങളില്‍ അവളവളുടെ മറുപടി പിശുക്കി. ഇറങ്ങാന്‍ നേരം അവളുടെ അഡ്രസ്‌ ചോദിച്ച എന്നോട് അത് സ്ട്രിക്ട്ലി പേര്‍സണല്‍ എന്ന് പറഞ്ഞു ഒരല്പം ആക്രാന്ത രാമന്‍ ആയതിന്റെ ജാള്യത എന്നില്‍ ബാക്കിയാക്കി അവള്‍ നടന്നകന്നു. 
                        പിന്നെയും വഴിയോരത്ത് വെച്ചും യാത്രകളില്‍ വെച്ചും ഞാന്‍ അവളെ കണ്ടു,സംസാരിച്ചു. പരിചയം സൗഹൃദം ആയി. ഞാന്‍ ഇത് വരെ കാണാത്ത ഒരു സ്ത്രീത്വത്തിന്റെ മറ്റൊരു ഭാവമായി അവളെന്റെ മനസ്സില്‍ അനവസരത്തില്‍ മിന്നി മായാന്‍ തുടങ്ങി. ആരെന്നോ എന്തെന്നോ എവിടെയോ എന്നറിയാത്ത അവള്‍ രംഗബോധമില്ലാതെ എന്റെ മനസ്സിലേക്ക് കയറിയും ഇറങ്ങിയും പോയി. അവളുമായി സംസാരിച്ചു കൊണ്ടിരുന്ന ഒരു ദിവസം അവളുടെ സെല്‍ ഫോണ്‍ ചിലച്ചതും അപ്പുറത്ത് അവളുടെ ഒരു സുഹൃത്ത്‌ മിണ്ടിയതും എനിക്ക് അവളുടെ സെല്‍ നമ്പര്‍ വരമായി ലഭിക്കാന്‍ കാരണമായി. കാണാതിരുന്ന ദിവസങ്ങളില്‍ എന്റെ എസ് എം എസ്സുകളും കല്ലുകളും അവളെ തേടി മുടങ്ങാതെ എത്തി. പണ്ടെന്നോ എന്നെ ആക്രാന്ത രാമന്‍ ആക്കിയ അവളുടെ അഡ്രസ്സും ഞാന്‍ ക്രമേണ അറിഞ്ഞു. തമ്മില്‍ കാണാത്ത ദിവസങ്ങളുടെ എണ്ണം കുറയുകയും അവധി ദിവസങ്ങളില്‍ ടെലിഫോണ്‍ എനിക്ക് പറയാനുള്ളത് അവളില്‍ എത്തിക്കുകയും ചെയ്തു. എന്റെ മനസ്സ് ഞാന്‍ പോലും അറിയാതെ അവളെ പ്രണയിക്കുകയായിരുന്നു. ഇതറിഞ്ഞാണോ അവള്‍ മറ്റൊരു യാത്രയില്‍ അവളെപ്പറ്റി എന്നോട് കൂടുതല്‍ പറഞ്ഞത് ? അറിയില്ല. ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന സന്തുഷ്ട കുടുംബം. അന്നവള്‍ പതിവിലും കൂടുതല്‍ സംസാരിച്ചിരുന്നു. ഭര്‍ത്താവിന്റെ ജോലിയെക്കുറിച്ചും മക്കളുടെ പഠനവും എല്ലാം അവളുടെ സംസാരത്തില്‍ നിറഞ്ഞു. കുഞ്ഞു കുഞ്ഞു സന്തോഷങ്ങളില്‍ അവളുടെ കണ്ണുകള്‍ വിടരുന്നതും നുറുങ്ങു നോവുകളില്‍ കണ്ണുകള്‍ നിറയുന്നതും ഞാന്‍ നോക്കി നിന്നു. എനിക്കെന്തോ പറയാനുണ്ടായിരുന്നു അവളോട്‌. ഇറങ്ങി വഴിപിരിയുന്നതിനു മുന്‍പ് അവളോട്‌ പറഞ്ഞു " എന്റെ സൌഹൃദം മരിച്ചിരിക്കുന്നു..ബാക്കിയാവുന്നത് നിന്നോടുള്ള പ്രണയമാണ്.." എന്റെ മുഖത്തേക്ക് അല്‍പ നേരം നോക്കി തിരിഞ്ഞു നടന്നു. പറയേണ്ടായിരുന്നു എന്ന തോന്നല്‍ എന്നിലെ കുറ്റബോധത്തിന് വളമായി. എന്റെ എടുത്തുചാട്ടം അവളെ എനിക്ക് നഷ്ടപ്പെടുത്തും എന്ന ഭയം എന്നില്‍ കൂടി കൂടി വരികയും ചെയ്തു.  
                       എന്റെ പ്രണയാഭ്യര്‍ത്ഥന കൊണ്ട് ലോകം അവസാനിച്ചില്ല. ഒന്നും സംഭവിക്കാതെ അന്നും പകല്‍ ജനിച്ചു. അന്ന്, അവളുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂടുതലുണ്ടായിരുന്നുവോ..? എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു വരാറുള്ളവല്‍ ഇന്ന് എന്നെ കണ്ടിട്ടും മറ്റെവിടെയോ നോക്കി വരുന്നതെന്തിനു ? ഒരുമിച്ചു നടന്നു. ഇന്നലെ നടന്നതൊന്നും വിഷയമായില്ല. ഒരു ടീനജുകാരിയുടെ പ്രണയ പാരവശ്യങ്ങള്‍ അവളിലുണ്ടാവില്ലെന്നും അങ്ങിനെ ഒരു മറുപടി കിട്ടില്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് ഇന്നലെ അങ്ങിനെ ഒക്കെ പറഞ്ഞത്. എന്നത്തേയും പോലെ ദിവങ്ങള്‍ തുടര്‍ന്നും പോയി. എസ് എം എസ്സുകളുടെ ഉള്ളടക്കത്തില്‍ വന്ന മാറ്റമല്ലാതെ ഞങ്ങളുടെ പ്രണയം ഞങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. കാലം ഞങ്ങളുടെ ജീവിതങ്ങളെ ഉരുക്കിയിണക്കി ഒന്നായി മാറ്റിയിരിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും പറയാതെ തന്നെ മനസ്സിലാകുന്ന ജീവിതം. പരസ്പരം മനസ്സിലാക്കിയ ഒരു പാട് കാലം.
                            ഇന്ന് ഉത്തരവാദിത്തങ്ങള്‍ അവളെ മാറ്റിക്കൊണ്ടിരിക്കുന്നു. അവളിലെ അമ്മയും ഭാര്യവും സജീവമായപ്പോള്‍ യാത്രകളുടെ എണ്ണം കുറഞ്ഞു. ഇടയ്ക്കു എപ്പോഴെങ്കിലും ഉള്ള കണ്ടുമുട്ടലുകളുടെ ഇടവേളകളുടെ ദൈര്‍ഘ്യം കൂടി. എനിക്ക് അവളെ കണ്ടേ തീരൂ. ഉത്തരവാദിതങ്ങള്‍ക്ക് വേണ്ടി ബലിയിടാന്‍ ഉള്ളതല്ല എന്റെ സ്വപ്‌നങ്ങള്‍. പണ്ട് പറഞ്ഞ അഡ്രസ്‌ തപ്പിയെടുത്തു ചെന്ന് കാണാന്‍ തന്നെ തീരുമാനിച്ചു. വീടറിയില്ലെങ്കിലും അറിയാവുന്ന വഴികള്‍. നാളെ ഞായറാഴ്ചയാണ്. നാളെ തന്നെയാവട്ടെ. കാലത്ത് തന്നെ ഇറങ്ങി. യാത്രയിലത്രയും ഓര്‍മ്മകളുടെ റീ വൈണ്ടിംഗ്. കാര്‍ മെയിന്‍ റോഡില്‍ നിര്‍ത്തി അഡ്രസ്‌ പ്രകാരം ഈ ഇടവഴി ചെന്ന് നില്കുന്നത് അവളുടെ മുറ്റത്താണ്. ഇറങ്ങി നടന്നു. അവള്‍ എപ്പോഴോ പറഞ്ഞ വീടിന്റെ ഒരു രൂപം ഉണ്ട് മനസ്സില്‍. ആ ദൂരെ കാണുന്നത് തന്നെയാവും. അടുത്ത് എത്തുന്നതിനനുസരിച്ചു എന്റെ നെഞ്ഞിടിപ്പ്‌ കൂടി വന്നു. എന്ത് പറയും..ഞാന്‍ എങ്ങിനെ എന്നെ അവളുടെ ഭര്‍ത്താവിനു എന്നെ പരിചയപ്പെടുത്തും..? ഉത്തരം കിട്ടാത്ത ഒരു പാട് സംശയങ്ങള്‍ എന്നില്‍ തലപൊക്കി. ഉത്തരുമുള്ള ഒരു ചോദ്യമുണ്ട്..അവള്‍.! അവളെ കാണാന്‍ വേണ്ടിയാണു ഈ വരവ് തന്നെ. ബാക്കിയെല്ലാം എന്തെങ്കിലും ആവട്ടെ. നടത്തത്തിനു വേഗം കൂട്ടി. കഴുത്തറ്റം വരുന്ന ആ മതിലിനോട് അടുക്കാന്‍ പോവുന്നു.അവിടെ എത്തുന്നതിനു മുന്‍പേ എനിക്ക് പരിചയമുള്ള ആ പൊട്ടിച്ചിരി ഞാന്‍ കേട്ടു. നെഞ്ചിനകത്ത് സന്തോഷത്തിന്റെ തിര തള്ളല്‍. മതിലിനു മുകളിലൂടെ എനിക്ക് അവളെ കാണാം. അവളുടെ ചിരി കേള്‍ക്കാം. എന്നെ കാണാതെ ഞാന്‍ കുറച്ചു നേരം അവളെ കണ്ടിരിക്കട്ടെ. വളരെ വിരളമാണ് അവളുടെ ഈ പൊട്ടിച്ചിരികള്‍. ഇടയ്ക്കു മാത്രം കാണാന്‍ പറ്റുന്നത്. അകത്തു കേറുന്നതിനു മുന്‍പ് ഇതൊന്നു കാണട്ടെ. അവളുടെ അടുത്തേക്ക് ഓടി വരുന്ന മകനിലും ഉണ്ട്  ആ പൊട്ടിച്ചിരിയുടെ ബാക്കി പകുതി. ഇതെല്ലം കണ്ടു ആ ചാരുപടിയില്‍ ചാരി ഇരുന്നു ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ സ്വന്തം ഭര്‍ത്താവ്. ഒരു പാട് സന്തോഷം ഉള്ള കുടുംബം. ആദ്യത്തെ ദിവസം അവളോട്‌ തോന്നിയ അതേ അസൂയ അന്നും അവളോട്‌ തോന്നി. അവളുടെ സന്തോഷങ്ങളെ അവിടെ തന്നെ ചേര്‍ത്തുവെച്ചു, ഇനിയൊരിക്കലും ആ സന്തോഷങ്ങളുടെ ഇടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹമില്ലാതെ... ഇടവഴിയില്‍ എനിക്ക് നേരെ നടന്നുവരുന്ന അപരിചിതനില്‍ നിന്നും കറുത്ത കണ്ണട കൊണ്ട് ഞാന്‍ എന്റെ കണ്ണിനെ മറച്ചു മെയിന്‍ റോഡ്‌ ലകഷ്യമാക്കി നടന്നു. 

Tuesday, May 29, 2012

യൂസുഫ്ക്കാ..മാപ്പ്...!

              തലേന്ന് മുഴുവന്‍ ഉറങ്ങാതിരുന്നതിന്റെയും വിമാനത്തിലെ തണുപ്പ് എന്നെ ഉറങ്ങാന്‍ വിടാത്തതിന്റെയും ക്ഷീണമുണ്ടായിരുന്നു അന്നെനിക്ക്. എല്ലാവരെയും പോലെ ഒരു പാട് സ്വപ്‌നങ്ങള്‍ തലയിലേറ്റി വന്നതൊന്നുമല്ല. പക്ഷെ ഇവിടെ വന്നെത്തിയ എന്നെക്കുറിച്ച് എന്റെ അച്ഛനു ഒരു പാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ വന്നു രക്ഷപ്പെടും എന്നതിന്റെ കൂടെ, നാട്ടില്‍ സ്വസ്ഥമായി നടക്കാം. അവിടെ എന്നെക്കുറിച്ചുള്ള ആവല-വെവലാതികള്‍ക്ക് ഒരു ആശ്വാസം ഉണ്ടാവുമെന്ന ഒരു പറയപ്പെടാത്ത സ്വപ്നവും ഉണ്ടായിരുന്നിരികണം. ഇതെന്റെ പുനര്‍ജ്ജന്മം ആണെന്ന് ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു പാട് ശ്രമിച്ചെങ്കിലും ഇതെന്റെ മരണമാണെന്ന് മനസ്സ് എന്നെ പറഞ്ഞു മനസ്സിലാക്കി. ഇന്നലെവരെ നാടിനും നാട്ടുകാര്‍ക്കും മുടങ്ങാതെ പണി കൊടുത്തിരുന്ന ഞാന്‍ ഇന്നിതാ അതെല്ലാം മാറ്റിവെച്ചു പത്തു മണിക്ക് തന്നെ ഉറങ്ങാന്‍ കിടന്നിരിക്കുന്നു. ഓര്‍മ്മ വെച്ചതിനു ശേഷം ഇത്രയും നേരത്തെ ഞാന്‍ കിടന്നിട്ടില്ല. എന്തുചെയ്യാം. പത്തു മണിക് ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നിരിക്കണം എന്നാ അലിഖിത ഭരണഘടനയുള്ള ഒരു മുറിയിലാണ് വന്നു പെട്ടിരിക്കുന്നത്. ഇന്നലെ വരെ ഉള്ളതെല്ലാം സ്വാഹ എന്ന സത്യം തിരിച്ചറിഞ്ഞു സ്വയം ഉറക്കത്തിലേക്കു ഊളിയിട്ടു. 
                            ഇടക്കപ്പെഴോ എഴുന്നേറ്റ ഞാന്‍ ഉള്ളു തുറഞ്ഞു വിളിച്ചു പോയി..അമ്മേ.....ഞാന്‍ വന്നു പെട്ടിരിക്കുന്നത് കാട്ടിലാണോ.. പണ്ടെപ്പോഴോ national geographic channel തുറന്നപ്പോ ഇത് പോലെയുള്ള കോലാഹലങ്ങള്‍ കേട്ടിട്ടുണ്ട്. സിംഹവും, കടുവയും, കരടിയും കഴുതപ്പുലിയും ഒരുമിച്ചു ഒരു സ്റ്റേജ് ഷെയര്‍ ചെയുന്നോ..ഓരോ കട്ടിലും മാറി മാറി നോക്കി..എല്ലായിടത്തുനിന്നും ഉണ്ട് ഓരോരുത്തരെ കൊണ്ട് കഴിയുന്ന അത്രേം ഉച്ചത്തില്‍ മുക്ക്ര ഇടല്‍....ഇടതു ഭാഗത്തെ കട്ടിലില്‍ ഉള്ളതാണ് യഥാര്‍ത്ഥ കഴുതപ്പുലി. ഹോ. സംസ്ഥാന യുവജനോസ്ലാവിതിനു വിട്ടാല്‍ ഇങ്ങേര്‍ക്ക് ഫസ്റ്റ് ഉറപ്പാ..ഈശ്വരാ..ഇതിന്റെ പേരോ കൂര്‍ക്കംവലി..? ഉറക്കം മതിയാക്കി ഇന്നലെ വരെയുള്ള ഓര്‍മ്മകളുടെ റീല്‍ വീണ്ടും കറക്കി. കാലത്ത് എണീറ്റപ്പോ കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള ഒരു മനുഷ്യന്‍ വിശേഷം ഒക്കെ തിരക്കിയപ്പോ ഒരു അകംക്ഷക്ക് ചോദിച്ചു പോയി..  ആരാ ഈ ഇടത്തെ കട്ടിലില്‍ കിടക്കുന്നത് ? "അത് യൂസുഫ്ക്ക മോനെ..ഇവിടെത്തെ പണ്ടാരി( പാചകക്കാരന്‍). കൂര്‍ക്കം വലി കേട്ടിട്ടാവും അല്ലേ..ഭയങ്കര കൂര്‍ക്കം വലിയാ.ഉറങ്ങാന്‍ പറ്റില്ല....അവര്‍ക്ക് വയസായതല്ലേ..നമ്മള്‍ എന്താ പറയാ..? "  ഈ പറയുന്നതു കേട്ടാല്‍ തോന്നും ചെറുപ്പക്കാരന്‍ ചുള്ളന്‍ ആണ്..ഒട്ടും കൂര്‍ക്കം വലിക്കാത്ത ആളാണ്..ഇങ്ങേരുടെ പെര്ഫോമാന്സും ഒട്ടും മോശം ആയിരുന്നില്ലല്ലോ  എന്ന് മനസ്സില്‍ പറഞ്ഞു എണീറ്റു. അഞ്ചു പേരടങ്ങുന്ന ആ മുറിയില്‍ ഞാന്‍  വിചാരിച്ചാല്‍ വിപ്ലവം വരില്ലെന്ന തിരിച്ചറിവ് എന്നെ അച്ചടക്കത്തോടെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കി. പിന്നെയും പലപ്പോഴും യൂസുഫ്ക്കന്റെ കൂര്‍ക്കംവലി എന്റെ ഉറക്കം കളഞ്ഞു. ജോലിയെടുത്തു ക്ഷീണിച്ചു വൈകി വന്ന ഒരു ദിവസം ഈ കൂര്‍ക്കം വലി എന്നെ ഒട്ടും ഉറങ്ങാന്‍ വിടാതിരുന്നപ്പോള്‍ ആത്മാര്‍തമായി ദൈവത്തെ വിളിച്ചു..ആ ബോഡി ഒന്ന് മേലോട്ട് എടുക്കണേ.... എവടെ..യമനെ വരെ പുള്ളി വിറപ്പിച്ചു നിര്ത്തിയെക്കുവല്ലേ കൂര്‍ക്കംവലിച്ച്‌...!  
                             സ്വസ്ഥമായി ഒരിക്കലും എന്നെ ഉറങ്ങനന്‍ അനുവദിക്കാതിരുന്ന യുസുഫ്ക്കനെ ശപിക്കാത്ത ദിവസങ്ങള്‍ കുറവ്. മൂന്ന് വര്‍ഷങ്ങള്‍ക് മുന്‍പ് വേറെ ജോലിസ്ഥലത്തേക്ക് മാറിയ എന്റെ ഓര്‍മ്മകളില്‍ ഒരികലും യൂസുഫ്ക്ക വന്നില്ല. അവരെയൊക്കെ വിട്ടു വേറെ നാട്ടില്‍ വേറെ വീട്ടില്‍ ഞാനും എന്റെ ഭാര്യയും സ്വസ്ഥമായി അന്തിയുറങ്ങി. എന്റെ ഗള്‍ഫ്‌ ജീവിതത്തിന്റെ തുടക്കം  വിവരിച്ചപ്പോഴെപ്പോഴോ അവള്‍ കേട്ട് മറന്ന ഒരു പേരായി യൂസുഫ്ക്ക. ഇന്ന് അതെ യൂസുഫ്ക്ക എന്റെ ഉറക്കം വീണ്ടും കളയുന്നു. അന്ന് അവരോടു പകയുണ്ടായിരുന്നെങ്കില്‍ ഇന്നുള്ളത് ഒരു നിര്‍വികാരത മാത്രം ആണ്. 
             അറിയാത്ത ആ നമ്പരില്‍ നിന്ന് കാള്‍ വന്നപ്പോള്‍ എടുക്കേണ്ട എന്ന് കരുതിയതാണ്. പിന്നെ എന്തോ എടുത്തു. എനിക്ക് മനസ്സില്വാത്ത എന്തൊക്കെയോ പറഞ്ഞെങ്കിലും ഉണ്ണീ എന്നുള്ള വിളി മാത്രം മനസ്സിലായി. അത് യൂസുഫ്ക്കയുടെ ശബ്ദം...! പിന്നീട് ആ ഫോണ്‍ വാങ്ങി വേറെ ആരോ ആണ് എന്നോട് സംസാരിച്ചത്. വായില്‍ അര്‍ബുദം വന്നു ഭക്ഷണം പോലും കഴിക്കാന്‍ വയാതെ യൂസുഫ്ക്ക കിടന്നിട്ടു ആഴ്ചകള്‍ ആയിയെന്നും പാസ്പോര്‍ട്ട്‌ എക്സ്പയര്‍ ആയത് കൊണ്ട് നാട്ടില്‍ പോക്ക് നീണ്ടു.നാളെ നാട്ടിലേക് പറഞ്ഞയക്കുന്നു എന്നും. എല്ലാവര്ക്കും ഭക്ഷണം വെച്ച് വിളമ്പിയിരുന്ന യൂസുഫ്ക്കക്ക് ഒരിക്കലും വരരുതായിരുന്ന അവസ്ഥ...! യൂസുഫ്ക്കക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു ഞാന്‍ പറഞ്ഞത് ഇത്രമാത്രം. ഒന്നുമില്ല ഇക്ക..ഇക്ക വിജാരിച്ച പോലെ എല്ലാം നടക്കും..ഒന്നും നടക്കാതെ പോവില്ല..സുഖായിട്ട് നാട്ടിലോട്ടു പൊക്കോ. മറുപടി കേട്ടില്ല...കേട്ടത് ഒരു വിങ്ങല്‍ മാത്രം.. മനസ്സിന്റെയും ശരീരത്തിന്റെയും വേദന ഒരുമിച്ചു കടിച്ചമാര്‍ത്തിയ വിങ്ങലിന്റെ ശബ്ദം..!  ഉറക്കം ഇപ്പോഴും പോവുന്നു..തിരിച്ചു ആ അഞ്ചു കട്ടിലുകളില്‍ ഒന്നില്‍ ഇക്കാന്റെ കൂര്‍ക്കംവലി കേട്ട് കിടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പക്ഷെ  എനിക്ക് ഒന്നുറങ്ങാന്‍ പറ്റിയേനെ..!

Tuesday, May 8, 2012

മുഖം മാറുന്ന മാതൃത്വം

ഒരു യുവതിയുടെ ബാഗില്‍ നിന്ന് കൈക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഈ അടുത്ത കാലത്താണ് നമ്മള്‍ കേട്ടത്. താമസിച്ചിരുന്ന ഹോസ്റല്‍ ബാത്ത് റൂമില്‍ പ്രസവിച്ച്ചിട്ട കുഞ്ഞു കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നു ബാഗില്‍ കേറ്റിയതാണത്രെ ഈ കലികാല മാതാവ്. ഈ വാര്‍ത്ത കേട്ട് കേരളം ഞെട്ടിത്തരിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് കളവാകും. ഇത് പോലെ ഒരു പാട് അമ്മമാരെ മലയാളം ഇതിനു മുന്‍പും എത്ര കണ്ടിരിക്കുന്നു..! ഏതൊരു വാര്‍ത്തയും വായിച്ചു മറക്കുന്ന പോലെ ഇതും പ്രത്യേകിച്ച് തന്നില്‍ ഒരു  മാറ്റവും വരുത്താതെ മലയാളി വായിച്ചു തള്ളി. ഇത് പോലുള്ള വാര്‍ത്തകള്‍ ഇനിയും വരുമെന്നിരിക്കെ, ഇതില്‍ എന്തിനിത്ര സമയം കളയാന്‍ എന്ന് പ്രബുദ്ധ കേരളം ചിന്തിച്ചാല്‍ ആരെ തെറ്റ് പറയും ? 
        മാതൃത്വം എന്നതിനെക്കാളും അഭിമാനത്തിന് വിലയിടുന്നത് കൊണ്ടാവുമോ ഇങ്ങിനെ എന്ന് സ്വാഭാവികമായ ഒരു സംശയം. എങ്കില്‍ അതിന്റെ പേരല്ലേ ദുരഭിമാനം..? അഭിമാനത്തിന്റെ ബലിക്കല്ലില്‍ വെക്കാന്‍ ഉള്ള ഒന്നാണോ മാതൃത്വവും ജനിച്ച വീണ കുഞ്ഞും ? അതോ ഇതൊക്കെ ഒരു പോക്ക്രിയുടെ വെറും സംശയങ്ങള്‍ ആണോ ? "The child is the father of the man" എന്ന് പണ്ട് വേര്‍ഡ്സ് വര്‍ത്ത് പറഞ്ഞത് ദൈവം കേട്ടിരുന്നെങ്കില്‍ ജനിക്കുന്ന കുഞ്ഞിന്റെ കൂടെ ഒരു ചാട്ടവാര്‍ കൂടെ ദൈവം കൊടുത്തു വിട്ടേനെ. ഇവിടെ 'മാന്‍' എന്ന് പറഞ്ഞത് മനുഷ്യനെ ആണെന്നിരിക്കെ, അവനു നന്നാവാന്‍ ഉള്ള അവസാനത്തെ അവസരം ആയിരുന്നേനെ അത്.  ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒരു അമ്മ ജനിക്കുന്നുവെങ്കിലും തന്‍ അമ്മയാവാന്‍ പോവുന്നുവെന്ന തിരിച്ചറിവ് അവളില്‍ അതിനു മുന്‍പേ ജനിക്കുന്നതാണ്. ഒരമ്മയാവാന്‍ മാനസികമായി തയ്യാറെടുക്കാന്‍ ദൈവം കൊടുത്ത ഒരു അനുഗ്രഹം. ഇതെല്ലം ആണ് ഒരു അമ്മയെ പവിത്രമാക്കുന്നത്. എല്ലാ അമ്മമാരും പവിത്രമാനെന്നുള്ള കാഴ്ചപ്പാടും കലോചിതമായുള്ള മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്. കൈകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുന്നവര്‍, ശ്വാസം മുട്ടിച്ചു കൊന്നു ചാക്കില്‍ കെട്ടുന്നവര്‍, ജീവനോടെ കുഞ്ഞിനെ ചവറ്റു കൊട്ടയില്‍ എറിയുന്നവര്‍, ഇവരും അമ്മമാരോ..?
           മാതൃത്വം ബാധ്യതയാവുന്ന ഒരോ നാരീ ജന്മവും മാനവരാശിക്ക് ബാധ്യതയാണ്. കൊടിയുടെ  നിറം നോക്കി തലയരിഞ്ഞുവീഴ്ത്തുന്ന പാര്‍ട്ടിക്കാരാ..ജനിച്ചു വീഴുമ്പോള്‍ തന്നെ കോന്നൊടുക്കപ്പെടുന്ന ഈ പിഞ്ചു  കുഞ്ഞിനു വേണ്ടി ഒരിറ്റു കണ്ണീര്‍  പൊഴിക്കുക.മാനവരാശിയുടെ അന്തകരാവുന്ന, മനസാക്ഷിയില്ലാത്ത ഈ മഹിളാമണികള്‍ ഈ സമൂഹത്തിന്റെ തന്റെ സൃഷ്ടിയാണ്.കപട സദാചാരത്തിന്റെ വന്മതില്‍തീര്‍ത്തു,ഒരാളുടെ ജീവിതത്തിന്റെ സ്ക്രീന്‍പ്ലേ ഒരുക്കുംബോഴാണ്‌ ജീവിക്കാന്‍ വേണ്ടി  ദുരഭിമാനിയെങ്കിലും ആവേണ്ടി വരുന്നത്. കഴുത്തു ഞെരിക്കപ്പെടുന്ന ശൈശവത്തിനും  വലിച്ചെറിയപ്പെടുന്ന മാത്രുത്വതിനും ഞാനും നീയും  അടങ്ങുന്ന സമൂഹമാണ്‌  ഉത്തരവാദികള്‍. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത എന്ത് സദാചാരമാണ് ഇവിടെ നടപ്പില്‍ വരുത്തേണ്ടത് എന്നാണ് ഇപ്പോഴും മനസ്സിലാവാത്തതും ഉത്തരും കിട്ടാത്തതും ആയ ചോദ്യം..! 




Friday, May 4, 2012

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

കുളത്തിലേക്ക്‌ നീട്ടി തുപ്പി, അത് വിഴുങ്ങാന്‍ വരുന്ന മീനുകളെ എണ്ണി എടുക്കുമ്പോള്‍ ആണ്  എന്നും ആ വിളി വരാറുള്ളത്. "ഉണ്ണിക്കുട്ടാ"..അച്ഛനാണ്. അമ്മയാണെങ്കില്‍ വെറും ഉണ്ണിയെ ഉണ്ടാവുള്ളൂ. ഓഫീസിലേക്ക് ഇറങ്ങാന്‍ ആവുമ്പോള്‍ അച്ഛന്റെ പതിവാണ് എന്നെ ഒന്ന് വിളിച്ചു ബൈ പറഞ്ഞു പോവല്‍. ചേട്ടനും പെങ്ങളും ഒക്കെ ഉണ്ടെങ്കിലും ഞാന്‍ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഈ അച്ഛന് അങ്ങ് പോയാല്‍ പോരെ എന്ന് പലതവണ ആലോചിച്ചതാണ്. പറമ്പിലൂടെ പകുതി ഓടിയും വീടുത്താന്‍ ആവുമ്പോള്‍ നടന്നും ഒരു കണക്കിന്  വീടെത്തുമ്പോള്‍ അമ്മയുടെ ചോദ്യം വരും.."എവിടാരുന്നടാ...? ഒരൂസം നീ ആ കുളത്തിലേക്ക്‌ വീഴാനുള്ളതാ..." പിന്നെ അച്ഛന്‍ ബസ്‌ കേറുന്ന വരെ റോഡില്‍ നോക്കി ഇരിക്കും. ഇടക്കെപ്പോഴോ ഒരു ദിവസം അച്ഛന്‍ കേറുന്ന ബസ്‌ അറിയാമായിരുന്ന  ഉണ്ണി വള്ളി നിക്കറും ഇട്ടു റോഡിലൂടെ ഇറങ്ങി ഓടി ബസില്‍ കേറാന്‍ നിന്ന അച്ഛന്റെ പാന്‍റ്സ് പിടിച്ചതും ആലികുട്ടി എളാപ്പ  തിരിച്ചു വീട്ടില്‍ കൊണ്ട് വന്നാക്കിയതും ചെറിയ ഓര്‍മ്മയായി മനസ്സിലുണ്ട്. അന്ന് രാത്രി അച്ഛന്‍ വന്നത് ഒരു പാട് മിട്ടായി ആയിട്ടായിരുന്നു. ഇതെന്റെ ഉണ്ണിക്കുട്ടന് എന്ന് പറഞ്ഞു കുറെ മിട്ടായികള്‍ രണ്ടുകൈയിലും നിറച്ചു തന്നത് വ്യക്തമായ ഓര്‍മ്മയും.! അച്ഛന് എന്നെയായിരുന്നു ഇഷ്ടം. പാതിരാത്രി വരെ അച്ഛന്റെ മടിയിലിരുന്നു ക്രിക്കറ്റ്‌ കാണലും, കൊണ്ടോട്ടി നേര്ച്ചക്ക് പാതി രാത്രി ആ ചൂണ്ടു വിരല്‍ പിടിച്ചു വരവ് ( എഴുന്നള്ളത് ) കാണാന്‍ കാത്തു നിക്കലും..ഒക്കെ ഉണ്ണികുട്ടനായിരുന്നു. പിന്നെ എപ്പോഴാണ് എന്നെ അച്ഛന് ഇഷ്ടമല്ലാതെ ആയത് ? "ഉണ്ണികുട്ടന്‍"  എന്നാണ് ഉണ്ണി ആയതു ? 
                    അച്ഛന്‍ ഗള്‍ഫിലേക്ക് പോവാന്‍ ഒരുങ്ങി ഇറങ്ങിയപ്പോ കരഞ്ഞു കണ്ണ് കലങ്ങി നിന്ന അമ്മയെ കണ്ടാണ്‌ എല്ലാരും കരഞ്ഞത്. ഉണ്ണികുട്ടന്‍ കരഞ്ഞില്ല. പിന്നെ അച്ഛനെയും കൊണ്ട് ആ കാര്‍ നീങ്ങിയപ്പോ ഉണ്ണികുട്ടന് കരച്ചില്‍ വന്നു. കരഞ്ഞോ ആവോ..ഓര്‍മ്മയില്ല. അവിടന്ന് അങ്ങോട്ടാണ് 'ഉണ്ണികുട്ടന്‍' ഉണ്ണി ആയതു. വര്‍ഷത്തില്‍ ഒരു മാസം ലീവ് നു വരുമ്പോള്‍ ആ ഒരു വര്ഷം ചെയ്ത എല്ലാ കുസൃതികള്‍ക്കും അച്ഛന്റെ കയ്യില്‍ നിന്ന് ശിക്ഷകള്‍ ഏറ്റു വാങ്ങിത്തുടങ്ങി. അതും മുത്തച്ഛന്‍ മോഡല്‍ ശിക്ഷകള്‍. ( മുത്തച്ഛന്‍ സുബേദാര്‍ മേജര്‍ മുഹമ്മദ്‌കുട്ടി ). വര്‍ഷാവര്‍ഷങ്ങളില്‍ കടല്‍ കടന്നു ഒരാള്‍ എന്നെ തല്ലാന്‍ വരുന്നു എന്നാ തോന്നലായിരുന്നു അച്ഛന്റെ നാട്ടിലേക്കുള്ള വരവുകള്‍. ഒരുപാട് പേടിയോടെ മാത്രം അച്ഛനെ ഓര്‍ക്കാന്‍ പറ്റിയിരുന്ന നാളുകള്‍. വളരുന്നതിനൊപ്പം ആയ പേടിയും കൂടി. അച്ഛന്റെ മുന്നില്‍ ചെല്ലാന്‍ പേടി, മിണ്ടാന്‍ പേടി, അച്ഛന്‍ ഇരിക്കുന്ന റൂമിന്റെ മുന്നിലൂടെ പോവാന്‍ പേടി, ആ ഒരു മാസം റൂം അടച്ചു ബുക്സും പാട്ടും ആയി കൂടും. എന്തിനെങ്കിലും ഒക്കെ എന്നാലും കിട്ടും.  ഉണ്ണി വാങ്ങിക്കും എന്ന് പറയുന്നതാവും കുറച്ചു കൂടെ ശരി. അച്ഛന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ അച്ഛന്‍ എത്രയും വേഗം തിരിച്ചു പോവണം എന്ന്  ഉണ്ണി മാത്രം ആഗ്രഹിച്ചു. അച്ഛന്റെ സംസാരത്തില്‍ 'ഉണ്ണി' എന്നാ പുകഞ്ഞ കൊള്ളി എന്നും വിഷയമാവുകയും ഉണ്ണിക്കു തന്റെ ബെഡ് റൂമിന് പുറത്തേക്കു ലോകമില്ലതവുകയും ചെയ്തു. ഒരിക്കലെങ്കിലും അച്ഛന്റെ വായില്‍ നിന്ന് "ഉണ്ണികുട്ടാ" എന്നാ പഴയ വിളി കൊതിച്ച എത്രയോ ദിവസങ്ങള്‍. 
                            പഠിത്തം ഉഴപ്പിയ ഉണ്ണിക്കു ഇത്തവണ കിട്ടിയ ശിക്ഷ കൊറച്ചു കൂടെ കഠിനമായിരുന്നു. അച്ഛന്റെ അടുത്തേക്ക്, ഗള്‍ഫിലേക്ക് ഒരു വിസ ! ഇവിടെയെത്തിയ ഉണ്ണിക്കു ഇതൊരു ദുര്‍ഗുണ പരിഹാര പാഠശാലയായിരുന്നു. ശിക്ഷയും ശിക്ഷണവും മാറി ഉപദേശങ്ങളില്‍ ഒതുങ്ങി. ഉണ്ണിക്കു കൊള്ളാവുന്ന ജോലി ആയതും, ഉണ്ണി ജോലിയിലേക്കും അച്ഛന്‍ വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേക്കും.! 
                           ഫോണ്‍വിളികള്‍ എല്ലാം അമ്മയോടായിരുന്നു. അച്ഛനോട് വിശേഷങ്ങള്‍ ചോദിക്കും. അച്ഛന് വരുമാനതിനും ആരോഗ്യത്തിനും ഒരു കുറവും ഇല്ല.  വിളിക്കുമ്പോള്‍ ഒക്കെ മക്കളെക്കാള്‍ ആരോഗ്യവും ധനസ്ഥിതിയും ഉള്ള അച്ഛന്റെ സ്വരം.  നിങ്ങള്‍ടെ സഹായം ഇല്ലാതെ ജീവിച്ചു മരിച്ച മതി എന്നാ സ്ഥിരം പല്ലവിയും. അച്ഛന് സന്തോഷം..ഉണ്ണിക്കും സന്തോഷം..! ഇന്ന് കാലം ഒരു പാട് മാറിയിരിക്കുന്നു. ഉണ്ണിയും അഛനായിരിക്കുന്നു. എന്നും അച്ഛനും അമ്മയ്ക്കും വിളി.എന്നെങ്കിലും സൌകര്യപ്പെടുമ്പോള്‍ നാട്ടിലേക് ഒരു പോക്ക്. അത്രയേ ഉള്ളൂ ഇപ്പൊ. അത് മതി അച്ഛനും. അമ്മ വിളിച്ചാണ് കാര്യം അറിഞ്ഞത്. അച്ഛന്റെ കാലിനു വയ്യ. നടക്കാന്‍ വയ്യ. ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. പരസഹായം കൂടാതെ നടക്കാന്‍ വയ്യ. അധികം കിടപ്പില്‍ തന്നെ. ഇതെല്ലം കൂടെ കേട്ടപ്പോള്‍ അപ്പോള്‍ തന്നെ അച്ഛനോട് മിണ്ടണം എന്ന് തോന്നി ഉണ്ണിക്ക്. അമ്മ വൈകീട്ട്  വിളിക്കാന്‍ പറഞ്ഞു. കാത്തിരുന്ന് വൈകീട്ട് വിളിച്ചു. പതിവ് പോലെ ഫോണ്‍ എടുത്തത്‌ അമ്മ. അച്ഛന് കൊടുക്കാന്‍ പറഞ്ഞു. മറു തലക്കല്‍ അച്ഛന്റെ ശബ്ദം." ഉണ്ണിക്കുട്ടാ...." പിന്നെ അച്ഛന്‍ പറഞ്ഞതൊന്നും ഉണ്ണി കേട്ടില്ല. കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അന്ന് ഉണ്ണി ശരിക്കും ആഗ്രഹിച്ചു. അച്ഛന്‍ പണ്ടത്തെ പ്രതാപത്തോടെ തന്നെ ' ഉണ്ണീ' എന്ന് തന്നെ വിളിച്ചാല്‍ മതിയെന്ന്..!