Thursday, May 31, 2012

ജീവിതം വേ..പ്രണയം റേ....

ഉയിരും നീയെ...ഉടലും നീയെ...
ഉണര്‍വ്വും നീയെ...തായേ...
ഉണ്ണികൃഷ്ണന്‍ പാടുകയാണ്... കണ്ണടച്ച് കേട്ടുകൊണ്ടെയിരുന്നു..അടുത്ത ജന്മത്തിലെങ്കിലും ഒരു ഉണ്ണികൃഷ്ണന്‍ ആവനെമെന്നോ അല്ലെങ്കില്‍ അവരെ നേരിട്ടറിയണം എന്ന് തോന്നി. അധികമാരും ഇല്ലായിരുന്നു ആ യാത്രയില്‍. എന്നെ പോലെ തന്നെ കണ്ണടച്ച് ആ പാട്ട് ആസ്വദിച്ച് കേട്ട് കൊണ്ടിരുന്ന അവളെ ഞാന്‍ പാട്ടിനിടക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോള്‍ കണ്ടിരുന്നു. ഇപ്പോഴും കണ്ണടച്ച് തന്നെ ഇരിക്കുന്നു. അവളുടെ വിരലുകള്‍ ഞാന്‍ കേള്‍ക്കാത്ത ഏതോ പാട്ടിനു അപ്പോഴും താളം പിടിച്ചു കൊണ്ടേയിരുന്നു. അവളെത്തന്നെ നോക്കിയിരുന്ന ഞാന്‍ അവള്‍ കണ്ണ് തുറന്നതും എന്നെ നോക്കിയതും ഞാന്‍ അറിയാതെ പോയതെങ്ങിനെ ? അവളുടെ ഒരു ചിരിയാണ് ഞാന്‍ അവളെത്തന്നെയാണ് നോക്കുന്നതെന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. തിരിച്ചൊരു ചിരി ചിരിച്ചു ഞാന്‍ എന്റെ ചിന്തകളില്‍ ആണ്ടു. ഇനിയും ഒരു പാട് ദൂരമുണ്ട് ലകഷ്യസ്ഥാനത് എത്താന്‍. ഞാന്‍ ഡ്രൈവ് ചെയ്യാത്ത യാത്രകള്‍ എന്നും എനിക്ക് വിരസമാണ്. മനസ്സില്‍ അതെ പാട്ട് തന്നെ മൂളികൊണ്ടിരുന്നു. " എത്ര നന്നായാണ് ഉണ്ണി പാടുന്നെ...അല്ലെ..."  എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ ചോദ്യം.  മൂളലിന്റെ ഖനം കൂടിയപ്പോള്‍ ആ പാട്ടിന്റെ സുഖം നശിക്കുന്നുവെന്ന തോന്നലാവും അവളെ എന്നോട് മിണ്ടിച്ചത്. അതേതായാലും നന്നായി. യാത്രക്കൊരു കൂട്ടായല്ലോ. തിരിച്ചു ചോദിച്ചു.." ഉണ്ണികൃഷ്ണനെ അറിയുമോ...? " അല്പം അഹങ്കാരത്തോടെ അവളുടെ മറുപടിയും വന്നു.." അമ്മക്ക് അറിയാം..അമ്മയുമായി കൂട്ടാണ്.." എനിക്ക് അവരോടു അസൂയ തോന്നി. അടുത്ത ജന്മത്തില്‍ ഞാന്‍ നേടണമെന്ന് കരുതിയ ഭാഗ്യം ഇവര്‍ ഈ ജന്മത്തില്‍ തന്നെ നേടിയിരിക്കുന്നു. ഹും...എന്നിരുത്തി മൂളി. അവളുടെ മുഖത്ത് ആ പുഞ്ചിരി മായാതെ നില്കുന്നു. ഭാഗ്യവതി. കൂട്ടിനു ഒരു പുഞ്ചിരി എന്നും സ്വന്തമായുള്ളവള്‍. പിന്നെയും ഞാന്‍ എന്തൊക്കെയോ ചോദിച്ചു. ചെറിയ ഉത്തരങ്ങളില്‍ അവളവളുടെ മറുപടി പിശുക്കി. ഇറങ്ങാന്‍ നേരം അവളുടെ അഡ്രസ്‌ ചോദിച്ച എന്നോട് അത് സ്ട്രിക്ട്ലി പേര്‍സണല്‍ എന്ന് പറഞ്ഞു ഒരല്പം ആക്രാന്ത രാമന്‍ ആയതിന്റെ ജാള്യത എന്നില്‍ ബാക്കിയാക്കി അവള്‍ നടന്നകന്നു. 
                        പിന്നെയും വഴിയോരത്ത് വെച്ചും യാത്രകളില്‍ വെച്ചും ഞാന്‍ അവളെ കണ്ടു,സംസാരിച്ചു. പരിചയം സൗഹൃദം ആയി. ഞാന്‍ ഇത് വരെ കാണാത്ത ഒരു സ്ത്രീത്വത്തിന്റെ മറ്റൊരു ഭാവമായി അവളെന്റെ മനസ്സില്‍ അനവസരത്തില്‍ മിന്നി മായാന്‍ തുടങ്ങി. ആരെന്നോ എന്തെന്നോ എവിടെയോ എന്നറിയാത്ത അവള്‍ രംഗബോധമില്ലാതെ എന്റെ മനസ്സിലേക്ക് കയറിയും ഇറങ്ങിയും പോയി. അവളുമായി സംസാരിച്ചു കൊണ്ടിരുന്ന ഒരു ദിവസം അവളുടെ സെല്‍ ഫോണ്‍ ചിലച്ചതും അപ്പുറത്ത് അവളുടെ ഒരു സുഹൃത്ത്‌ മിണ്ടിയതും എനിക്ക് അവളുടെ സെല്‍ നമ്പര്‍ വരമായി ലഭിക്കാന്‍ കാരണമായി. കാണാതിരുന്ന ദിവസങ്ങളില്‍ എന്റെ എസ് എം എസ്സുകളും കല്ലുകളും അവളെ തേടി മുടങ്ങാതെ എത്തി. പണ്ടെന്നോ എന്നെ ആക്രാന്ത രാമന്‍ ആക്കിയ അവളുടെ അഡ്രസ്സും ഞാന്‍ ക്രമേണ അറിഞ്ഞു. തമ്മില്‍ കാണാത്ത ദിവസങ്ങളുടെ എണ്ണം കുറയുകയും അവധി ദിവസങ്ങളില്‍ ടെലിഫോണ്‍ എനിക്ക് പറയാനുള്ളത് അവളില്‍ എത്തിക്കുകയും ചെയ്തു. എന്റെ മനസ്സ് ഞാന്‍ പോലും അറിയാതെ അവളെ പ്രണയിക്കുകയായിരുന്നു. ഇതറിഞ്ഞാണോ അവള്‍ മറ്റൊരു യാത്രയില്‍ അവളെപ്പറ്റി എന്നോട് കൂടുതല്‍ പറഞ്ഞത് ? അറിയില്ല. ഭര്‍ത്താവും കുഞ്ഞും അടങ്ങുന്ന സന്തുഷ്ട കുടുംബം. അന്നവള്‍ പതിവിലും കൂടുതല്‍ സംസാരിച്ചിരുന്നു. ഭര്‍ത്താവിന്റെ ജോലിയെക്കുറിച്ചും മക്കളുടെ പഠനവും എല്ലാം അവളുടെ സംസാരത്തില്‍ നിറഞ്ഞു. കുഞ്ഞു കുഞ്ഞു സന്തോഷങ്ങളില്‍ അവളുടെ കണ്ണുകള്‍ വിടരുന്നതും നുറുങ്ങു നോവുകളില്‍ കണ്ണുകള്‍ നിറയുന്നതും ഞാന്‍ നോക്കി നിന്നു. എനിക്കെന്തോ പറയാനുണ്ടായിരുന്നു അവളോട്‌. ഇറങ്ങി വഴിപിരിയുന്നതിനു മുന്‍പ് അവളോട്‌ പറഞ്ഞു " എന്റെ സൌഹൃദം മരിച്ചിരിക്കുന്നു..ബാക്കിയാവുന്നത് നിന്നോടുള്ള പ്രണയമാണ്.." എന്റെ മുഖത്തേക്ക് അല്‍പ നേരം നോക്കി തിരിഞ്ഞു നടന്നു. പറയേണ്ടായിരുന്നു എന്ന തോന്നല്‍ എന്നിലെ കുറ്റബോധത്തിന് വളമായി. എന്റെ എടുത്തുചാട്ടം അവളെ എനിക്ക് നഷ്ടപ്പെടുത്തും എന്ന ഭയം എന്നില്‍ കൂടി കൂടി വരികയും ചെയ്തു.  
                       എന്റെ പ്രണയാഭ്യര്‍ത്ഥന കൊണ്ട് ലോകം അവസാനിച്ചില്ല. ഒന്നും സംഭവിക്കാതെ അന്നും പകല്‍ ജനിച്ചു. അന്ന്, അവളുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂടുതലുണ്ടായിരുന്നുവോ..? എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു വരാറുള്ളവല്‍ ഇന്ന് എന്നെ കണ്ടിട്ടും മറ്റെവിടെയോ നോക്കി വരുന്നതെന്തിനു ? ഒരുമിച്ചു നടന്നു. ഇന്നലെ നടന്നതൊന്നും വിഷയമായില്ല. ഒരു ടീനജുകാരിയുടെ പ്രണയ പാരവശ്യങ്ങള്‍ അവളിലുണ്ടാവില്ലെന്നും അങ്ങിനെ ഒരു മറുപടി കിട്ടില്ലെന്നും അറിഞ്ഞു കൊണ്ടുതന്നെയാണ് ഇന്നലെ അങ്ങിനെ ഒക്കെ പറഞ്ഞത്. എന്നത്തേയും പോലെ ദിവങ്ങള്‍ തുടര്‍ന്നും പോയി. എസ് എം എസ്സുകളുടെ ഉള്ളടക്കത്തില്‍ വന്ന മാറ്റമല്ലാതെ ഞങ്ങളുടെ പ്രണയം ഞങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. കാലം ഞങ്ങളുടെ ജീവിതങ്ങളെ ഉരുക്കിയിണക്കി ഒന്നായി മാറ്റിയിരിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും പറയാതെ തന്നെ മനസ്സിലാകുന്ന ജീവിതം. പരസ്പരം മനസ്സിലാക്കിയ ഒരു പാട് കാലം.
                            ഇന്ന് ഉത്തരവാദിത്തങ്ങള്‍ അവളെ മാറ്റിക്കൊണ്ടിരിക്കുന്നു. അവളിലെ അമ്മയും ഭാര്യവും സജീവമായപ്പോള്‍ യാത്രകളുടെ എണ്ണം കുറഞ്ഞു. ഇടയ്ക്കു എപ്പോഴെങ്കിലും ഉള്ള കണ്ടുമുട്ടലുകളുടെ ഇടവേളകളുടെ ദൈര്‍ഘ്യം കൂടി. എനിക്ക് അവളെ കണ്ടേ തീരൂ. ഉത്തരവാദിതങ്ങള്‍ക്ക് വേണ്ടി ബലിയിടാന്‍ ഉള്ളതല്ല എന്റെ സ്വപ്‌നങ്ങള്‍. പണ്ട് പറഞ്ഞ അഡ്രസ്‌ തപ്പിയെടുത്തു ചെന്ന് കാണാന്‍ തന്നെ തീരുമാനിച്ചു. വീടറിയില്ലെങ്കിലും അറിയാവുന്ന വഴികള്‍. നാളെ ഞായറാഴ്ചയാണ്. നാളെ തന്നെയാവട്ടെ. കാലത്ത് തന്നെ ഇറങ്ങി. യാത്രയിലത്രയും ഓര്‍മ്മകളുടെ റീ വൈണ്ടിംഗ്. കാര്‍ മെയിന്‍ റോഡില്‍ നിര്‍ത്തി അഡ്രസ്‌ പ്രകാരം ഈ ഇടവഴി ചെന്ന് നില്കുന്നത് അവളുടെ മുറ്റത്താണ്. ഇറങ്ങി നടന്നു. അവള്‍ എപ്പോഴോ പറഞ്ഞ വീടിന്റെ ഒരു രൂപം ഉണ്ട് മനസ്സില്‍. ആ ദൂരെ കാണുന്നത് തന്നെയാവും. അടുത്ത് എത്തുന്നതിനനുസരിച്ചു എന്റെ നെഞ്ഞിടിപ്പ്‌ കൂടി വന്നു. എന്ത് പറയും..ഞാന്‍ എങ്ങിനെ എന്നെ അവളുടെ ഭര്‍ത്താവിനു എന്നെ പരിചയപ്പെടുത്തും..? ഉത്തരം കിട്ടാത്ത ഒരു പാട് സംശയങ്ങള്‍ എന്നില്‍ തലപൊക്കി. ഉത്തരുമുള്ള ഒരു ചോദ്യമുണ്ട്..അവള്‍.! അവളെ കാണാന്‍ വേണ്ടിയാണു ഈ വരവ് തന്നെ. ബാക്കിയെല്ലാം എന്തെങ്കിലും ആവട്ടെ. നടത്തത്തിനു വേഗം കൂട്ടി. കഴുത്തറ്റം വരുന്ന ആ മതിലിനോട് അടുക്കാന്‍ പോവുന്നു.അവിടെ എത്തുന്നതിനു മുന്‍പേ എനിക്ക് പരിചയമുള്ള ആ പൊട്ടിച്ചിരി ഞാന്‍ കേട്ടു. നെഞ്ചിനകത്ത് സന്തോഷത്തിന്റെ തിര തള്ളല്‍. മതിലിനു മുകളിലൂടെ എനിക്ക് അവളെ കാണാം. അവളുടെ ചിരി കേള്‍ക്കാം. എന്നെ കാണാതെ ഞാന്‍ കുറച്ചു നേരം അവളെ കണ്ടിരിക്കട്ടെ. വളരെ വിരളമാണ് അവളുടെ ഈ പൊട്ടിച്ചിരികള്‍. ഇടയ്ക്കു മാത്രം കാണാന്‍ പറ്റുന്നത്. അകത്തു കേറുന്നതിനു മുന്‍പ് ഇതൊന്നു കാണട്ടെ. അവളുടെ അടുത്തേക്ക് ഓടി വരുന്ന മകനിലും ഉണ്ട്  ആ പൊട്ടിച്ചിരിയുടെ ബാക്കി പകുതി. ഇതെല്ലം കണ്ടു ആ ചാരുപടിയില്‍ ചാരി ഇരുന്നു ചിരിച്ചു കൊണ്ടിരിക്കുന്ന അവളുടെ സ്വന്തം ഭര്‍ത്താവ്. ഒരു പാട് സന്തോഷം ഉള്ള കുടുംബം. ആദ്യത്തെ ദിവസം അവളോട്‌ തോന്നിയ അതേ അസൂയ അന്നും അവളോട്‌ തോന്നി. അവളുടെ സന്തോഷങ്ങളെ അവിടെ തന്നെ ചേര്‍ത്തുവെച്ചു, ഇനിയൊരിക്കലും ആ സന്തോഷങ്ങളുടെ ഇടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹമില്ലാതെ... ഇടവഴിയില്‍ എനിക്ക് നേരെ നടന്നുവരുന്ന അപരിചിതനില്‍ നിന്നും കറുത്ത കണ്ണട കൊണ്ട് ഞാന്‍ എന്റെ കണ്ണിനെ മറച്ചു മെയിന്‍ റോഡ്‌ ലകഷ്യമാക്കി നടന്നു. 

4 comments:

  1. പോസ്റ്റില്‍ വീണ്ടും ആവര്‍ത്തനം വന്നോ ?രണ്ടു വട്ടം ഉണ്ടല്ലോ ,അല്ലെങ്കില്‍ എനിക്ക് തോനിയതാണോ ..ഒന്നുകൂടെ നോക്കൂ

    ReplyDelete
  2. രൈഹാന പറഞ്ഞത് ശരിയാണ്. പോസ്റ്റ്‌ രണ്ടു തവണ ആവര്‍ത്തിക്കുന്നുണ്ട്. കട്ട്‌ & പേസ്റ്റില്‍ വന്ന പിഴവാണ്. ഇനിയും തിരുത്താം.
    പോസ്റ്റ്‌ കൊള്ളാം. നല്ല ഭാഷ. പക്ഷെ പറഞ്ഞിരിക്കുന്ന വിഷയത്തിനു പുതുമയില്ല. ഇനിയും എഴുതുക. ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  3. മെയിന്‍ റോഡ് ലക്ഷ്യമാക്കി നടന്നത് എന്തായാലും നന്നായി. അല്ലെങ്കില്‍ ആരെങ്കിലും എടുത്തുകൊണ്ടുപോകേണ്ടിവന്നേനെ. (ഒന്ന് എഡിറ്റ് ചെയ്യൂ കേട്ടോ. രണ്ടാവര്‍ത്തി വന്നിരിക്കുന്നു ടെക്സ്റ്റ്)

    ReplyDelete
  4. ടൈറ്റില്‍ കലക്കി

    പച്ച പരമാര്‍ത്ഥം

    ReplyDelete