Friday, May 4, 2012

ഉണ്ണിക്കുട്ടന്റെ അച്ഛന്‍

കുളത്തിലേക്ക്‌ നീട്ടി തുപ്പി, അത് വിഴുങ്ങാന്‍ വരുന്ന മീനുകളെ എണ്ണി എടുക്കുമ്പോള്‍ ആണ്  എന്നും ആ വിളി വരാറുള്ളത്. "ഉണ്ണിക്കുട്ടാ"..അച്ഛനാണ്. അമ്മയാണെങ്കില്‍ വെറും ഉണ്ണിയെ ഉണ്ടാവുള്ളൂ. ഓഫീസിലേക്ക് ഇറങ്ങാന്‍ ആവുമ്പോള്‍ അച്ഛന്റെ പതിവാണ് എന്നെ ഒന്ന് വിളിച്ചു ബൈ പറഞ്ഞു പോവല്‍. ചേട്ടനും പെങ്ങളും ഒക്കെ ഉണ്ടെങ്കിലും ഞാന്‍ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തണം. ഈ അച്ഛന് അങ്ങ് പോയാല്‍ പോരെ എന്ന് പലതവണ ആലോചിച്ചതാണ്. പറമ്പിലൂടെ പകുതി ഓടിയും വീടുത്താന്‍ ആവുമ്പോള്‍ നടന്നും ഒരു കണക്കിന്  വീടെത്തുമ്പോള്‍ അമ്മയുടെ ചോദ്യം വരും.."എവിടാരുന്നടാ...? ഒരൂസം നീ ആ കുളത്തിലേക്ക്‌ വീഴാനുള്ളതാ..." പിന്നെ അച്ഛന്‍ ബസ്‌ കേറുന്ന വരെ റോഡില്‍ നോക്കി ഇരിക്കും. ഇടക്കെപ്പോഴോ ഒരു ദിവസം അച്ഛന്‍ കേറുന്ന ബസ്‌ അറിയാമായിരുന്ന  ഉണ്ണി വള്ളി നിക്കറും ഇട്ടു റോഡിലൂടെ ഇറങ്ങി ഓടി ബസില്‍ കേറാന്‍ നിന്ന അച്ഛന്റെ പാന്‍റ്സ് പിടിച്ചതും ആലികുട്ടി എളാപ്പ  തിരിച്ചു വീട്ടില്‍ കൊണ്ട് വന്നാക്കിയതും ചെറിയ ഓര്‍മ്മയായി മനസ്സിലുണ്ട്. അന്ന് രാത്രി അച്ഛന്‍ വന്നത് ഒരു പാട് മിട്ടായി ആയിട്ടായിരുന്നു. ഇതെന്റെ ഉണ്ണിക്കുട്ടന് എന്ന് പറഞ്ഞു കുറെ മിട്ടായികള്‍ രണ്ടുകൈയിലും നിറച്ചു തന്നത് വ്യക്തമായ ഓര്‍മ്മയും.! അച്ഛന് എന്നെയായിരുന്നു ഇഷ്ടം. പാതിരാത്രി വരെ അച്ഛന്റെ മടിയിലിരുന്നു ക്രിക്കറ്റ്‌ കാണലും, കൊണ്ടോട്ടി നേര്ച്ചക്ക് പാതി രാത്രി ആ ചൂണ്ടു വിരല്‍ പിടിച്ചു വരവ് ( എഴുന്നള്ളത് ) കാണാന്‍ കാത്തു നിക്കലും..ഒക്കെ ഉണ്ണികുട്ടനായിരുന്നു. പിന്നെ എപ്പോഴാണ് എന്നെ അച്ഛന് ഇഷ്ടമല്ലാതെ ആയത് ? "ഉണ്ണികുട്ടന്‍"  എന്നാണ് ഉണ്ണി ആയതു ? 
                    അച്ഛന്‍ ഗള്‍ഫിലേക്ക് പോവാന്‍ ഒരുങ്ങി ഇറങ്ങിയപ്പോ കരഞ്ഞു കണ്ണ് കലങ്ങി നിന്ന അമ്മയെ കണ്ടാണ്‌ എല്ലാരും കരഞ്ഞത്. ഉണ്ണികുട്ടന്‍ കരഞ്ഞില്ല. പിന്നെ അച്ഛനെയും കൊണ്ട് ആ കാര്‍ നീങ്ങിയപ്പോ ഉണ്ണികുട്ടന് കരച്ചില്‍ വന്നു. കരഞ്ഞോ ആവോ..ഓര്‍മ്മയില്ല. അവിടന്ന് അങ്ങോട്ടാണ് 'ഉണ്ണികുട്ടന്‍' ഉണ്ണി ആയതു. വര്‍ഷത്തില്‍ ഒരു മാസം ലീവ് നു വരുമ്പോള്‍ ആ ഒരു വര്ഷം ചെയ്ത എല്ലാ കുസൃതികള്‍ക്കും അച്ഛന്റെ കയ്യില്‍ നിന്ന് ശിക്ഷകള്‍ ഏറ്റു വാങ്ങിത്തുടങ്ങി. അതും മുത്തച്ഛന്‍ മോഡല്‍ ശിക്ഷകള്‍. ( മുത്തച്ഛന്‍ സുബേദാര്‍ മേജര്‍ മുഹമ്മദ്‌കുട്ടി ). വര്‍ഷാവര്‍ഷങ്ങളില്‍ കടല്‍ കടന്നു ഒരാള്‍ എന്നെ തല്ലാന്‍ വരുന്നു എന്നാ തോന്നലായിരുന്നു അച്ഛന്റെ നാട്ടിലേക്കുള്ള വരവുകള്‍. ഒരുപാട് പേടിയോടെ മാത്രം അച്ഛനെ ഓര്‍ക്കാന്‍ പറ്റിയിരുന്ന നാളുകള്‍. വളരുന്നതിനൊപ്പം ആയ പേടിയും കൂടി. അച്ഛന്റെ മുന്നില്‍ ചെല്ലാന്‍ പേടി, മിണ്ടാന്‍ പേടി, അച്ഛന്‍ ഇരിക്കുന്ന റൂമിന്റെ മുന്നിലൂടെ പോവാന്‍ പേടി, ആ ഒരു മാസം റൂം അടച്ചു ബുക്സും പാട്ടും ആയി കൂടും. എന്തിനെങ്കിലും ഒക്കെ എന്നാലും കിട്ടും.  ഉണ്ണി വാങ്ങിക്കും എന്ന് പറയുന്നതാവും കുറച്ചു കൂടെ ശരി. അച്ഛന്‍ വരണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ അച്ഛന്‍ എത്രയും വേഗം തിരിച്ചു പോവണം എന്ന്  ഉണ്ണി മാത്രം ആഗ്രഹിച്ചു. അച്ഛന്റെ സംസാരത്തില്‍ 'ഉണ്ണി' എന്നാ പുകഞ്ഞ കൊള്ളി എന്നും വിഷയമാവുകയും ഉണ്ണിക്കു തന്റെ ബെഡ് റൂമിന് പുറത്തേക്കു ലോകമില്ലതവുകയും ചെയ്തു. ഒരിക്കലെങ്കിലും അച്ഛന്റെ വായില്‍ നിന്ന് "ഉണ്ണികുട്ടാ" എന്നാ പഴയ വിളി കൊതിച്ച എത്രയോ ദിവസങ്ങള്‍. 
                            പഠിത്തം ഉഴപ്പിയ ഉണ്ണിക്കു ഇത്തവണ കിട്ടിയ ശിക്ഷ കൊറച്ചു കൂടെ കഠിനമായിരുന്നു. അച്ഛന്റെ അടുത്തേക്ക്, ഗള്‍ഫിലേക്ക് ഒരു വിസ ! ഇവിടെയെത്തിയ ഉണ്ണിക്കു ഇതൊരു ദുര്‍ഗുണ പരിഹാര പാഠശാലയായിരുന്നു. ശിക്ഷയും ശിക്ഷണവും മാറി ഉപദേശങ്ങളില്‍ ഒതുങ്ങി. ഉണ്ണിക്കു കൊള്ളാവുന്ന ജോലി ആയതും, ഉണ്ണി ജോലിയിലേക്കും അച്ഛന്‍ വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലേക്കും.! 
                           ഫോണ്‍വിളികള്‍ എല്ലാം അമ്മയോടായിരുന്നു. അച്ഛനോട് വിശേഷങ്ങള്‍ ചോദിക്കും. അച്ഛന് വരുമാനതിനും ആരോഗ്യത്തിനും ഒരു കുറവും ഇല്ല.  വിളിക്കുമ്പോള്‍ ഒക്കെ മക്കളെക്കാള്‍ ആരോഗ്യവും ധനസ്ഥിതിയും ഉള്ള അച്ഛന്റെ സ്വരം.  നിങ്ങള്‍ടെ സഹായം ഇല്ലാതെ ജീവിച്ചു മരിച്ച മതി എന്നാ സ്ഥിരം പല്ലവിയും. അച്ഛന് സന്തോഷം..ഉണ്ണിക്കും സന്തോഷം..! ഇന്ന് കാലം ഒരു പാട് മാറിയിരിക്കുന്നു. ഉണ്ണിയും അഛനായിരിക്കുന്നു. എന്നും അച്ഛനും അമ്മയ്ക്കും വിളി.എന്നെങ്കിലും സൌകര്യപ്പെടുമ്പോള്‍ നാട്ടിലേക് ഒരു പോക്ക്. അത്രയേ ഉള്ളൂ ഇപ്പൊ. അത് മതി അച്ഛനും. അമ്മ വിളിച്ചാണ് കാര്യം അറിഞ്ഞത്. അച്ഛന്റെ കാലിനു വയ്യ. നടക്കാന്‍ വയ്യ. ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. പരസഹായം കൂടാതെ നടക്കാന്‍ വയ്യ. അധികം കിടപ്പില്‍ തന്നെ. ഇതെല്ലം കൂടെ കേട്ടപ്പോള്‍ അപ്പോള്‍ തന്നെ അച്ഛനോട് മിണ്ടണം എന്ന് തോന്നി ഉണ്ണിക്ക്. അമ്മ വൈകീട്ട്  വിളിക്കാന്‍ പറഞ്ഞു. കാത്തിരുന്ന് വൈകീട്ട് വിളിച്ചു. പതിവ് പോലെ ഫോണ്‍ എടുത്തത്‌ അമ്മ. അച്ഛന് കൊടുക്കാന്‍ പറഞ്ഞു. മറു തലക്കല്‍ അച്ഛന്റെ ശബ്ദം." ഉണ്ണിക്കുട്ടാ...." പിന്നെ അച്ഛന്‍ പറഞ്ഞതൊന്നും ഉണ്ണി കേട്ടില്ല. കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അന്ന് ഉണ്ണി ശരിക്കും ആഗ്രഹിച്ചു. അച്ഛന്‍ പണ്ടത്തെ പ്രതാപത്തോടെ തന്നെ ' ഉണ്ണീ' എന്ന് തന്നെ വിളിച്ചാല്‍ മതിയെന്ന്..!

4 comments:

  1. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്..
    എത്തുന്ന നല്ല എഴുത്ത്..
    ഭാവുകങ്ങള്‍ ഉണ്ണിക്കും കുടുംബത്തിനും !

    ReplyDelete
  2. കൊള്ളാം കെട്ടോ... ആശംസകൾ. ഇനിയും എഴുതുക

    ReplyDelete
  3. വളരെ നാളുകള്‍ക്ക് ശേഷം അച്ഛനും ആഗ്രഹിച്ചിരിക്കാം ഉണ്ണികുട്ടന്റെ സാമീപ്യം :)

    ReplyDelete
  4. manassil orupadu touch cheythu.Good iniyum ezhuthanam

    ReplyDelete