Monday, March 12, 2012

ഒരു മിഡ്നൈറ്റ്‌ ആത്മഗതം

                                        ജോലിയും അലച്ചിലും, വീട്ടിലെത്തി അത്താഴവും കഴിഞ്ഞു കിടക്കുന്നതിന്റെ മുന്‍പ് തലയിണ ചെരിച്ചുവെച്ച് ചാരി ഇരുന്നു, തീരാന്‍ പോവുന്ന ദിവസത്തിന്റെ കണക്കെടുപ്പിലാണ് ഞാന്‍. ഒരു തിരിഞ്ഞു നോട്ടം പതിവുള്ളതായിരുന്നെങ്കിലും ഇന്ന് അത് ഒരു പാട് മാറിയിരിക്കുന്നു. ജോലികളും ഓഫീസും കുടുംബവും വരവും ചിലവും വിഷയമാവാറുള്ള ആ ഇരുപ്പു അവസാനിക്കാറുള്ളത് " ആ..എന്തേലും ചെയ്യാം.." എന്നാ ആത്മഗത്തോടെയുള്ള ഒരു ദീര്‍ഖ നിശ്വാസവുമായാണ്. ഒരു ദിവസത്തിന്റെ തുടര്‍ച്ച ആയി അടുത്ത ദിവസം, പിന്നെ അടുത്തത്. ഇന്ന് ഈ ഇരുപ്പിന് കൂട്ട്ടായി എന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്..പേരറിയാത്ത ഒരു സുഖമുണ്ട്...കൂടെ ഒരായിരം നിറമാര്‍ന്ന സ്വപ്നങ്ങളുടെ അകമ്പടിയുണ്ട്. പഴയ, ഉത്തരവാദിത്തങ്ങള്‍ എന്നാ അഴിയാകുരുക്ക് ഇതിനിടയില്‍ മാറ്റിവെച്ചതല്ല. കഴിഞ്ഞു പോയ മണിക്കൂറുകളില്‍ അതിനു എനിക്ക് ഒരു പാട് സമയം കിട്ടിയിരിക്കുന്നു.ഒറ്റയ്ക്ക് ഓടി തീര്‍ത്തിരുന്ന വഴികളിലത്രയും എനിക്കിന്ന് അവളുടെ കാല്‍പെരുമാറ്റം കേള്‍ക്കാം. എനിക്ക് വേണ്ടി വഴിക്കണ്ണുമായി അവള്‍ കാത്തിരിപ്പുന്ടെന്നത് എന്റെ വേഗത കൂട്ടി. ഇന്ന്, ഈ ഇരുപ്പില്‍ തെളിയുന്നത് അവളുടെ മുഖവും, ചിരിക്കുമ്പോള്‍ അവളുടെ ഇരു കവിളുകളിലും വിരിയുന്ന ആ ഉണ്ടകളും...!  ഈ ' ഉണ്ടകള്‍ ' എന്ന് ഒരു സ്ത്രീ സൌന്ദര്യ വര്‍ണ്നനകളിലും കണ്ടിട്ടില്ല. ഒരു പക്ഷെ ഇതാദ്യം ആവാം. നാളിതു വരെ അവളോടും ആരും പറഞ്ഞിട്ടില്ലത്രേ, ഈ വിരിയുന്ന 'ഉണ്ട' കളെ പറ്റി. അതെനിക് വേണ്ടി മാത്രം തന്റെ മുഖത്ത് വിരിയുന്നതാണ്  എന്ന ഒരു വീമ്പു പറച്ചിലില്‍ ആണ് അന്ന് ആ സംസാരം നിന്നത്.                            
                    പണ്ട് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്. പെണ്ണ്, ഒരു പിടക്കോഴിയെ പോലെ ആണെന്ന്. (ആണ്‍ ഒരു പൂവന്‍ കോഴിയെ പോലെ ആണ് എന്ന് പറഞ്ഞാല്‍ അടി ഉറപ്പ്- അത് വേറെ കാര്യം.) യജമാനന്‍ പിടിക്കാന്‍ വരുമ്പോള്‍ ചിറകു വിടര്‍ത്തി പതിഞ്ഞിരിക്കുന്ന, ഇഷ്ടമില്ലാത്തവരെ കൊത്തിയോടിക്കുന്ന പിടക്കോഴി..!  അവളുടെ കവിളത്തു കൈ വെച്ച് കണ്ണില്‍ മാത്രം നോക്കിയിരുന്നപ്പോള്‍ അവള്‍ പോലും അറിയാതെ നിറയാറുള്ളതും , അനുസരണയില്ലാതെ അവളുടെ നെറ്റിയിലേക്ക് ഊര്‍ന്നിറങ്ങിയ മുടിയിഴകളെ വകഞ്ഞു മാറ്റി, ഉറങ്ങാന്‍ നേരം ആ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തുമ്പോള്‍ അടയാറുള്ളതുമായ കണ്ണുകളാവം എന്നില്‍ പിടക്കോഴിയുടെ ഓര്‍മ്മകള്‍ കൊണ്ട് വന്നത്. ( മൊത്തത്തില്‍ ഒരു കുറുക്കന്റെ സ്വഭാവം തോന്നുന്നെങ്കില്‍ എന്റെ കുറ്റമല്ല ). പിണങ്ങുമ്പോള്‍ അത് വരെ മനോഹരമായി പറഞ്ഞു വന്നിരുന്ന മലയാളം മറന്നു, തമിഴില്‍ പോരിനിരങ്ങുമ്പോള്‍ അവളുടെ മുഖത്ത് ജയലളിതയുടെ ധാര്‍ഷ്ട്യവും രജനികാന്തിന്റെ വീര്യവും കാണാം.( എനിക്ക് അപ്പോള്‍ മുല്ലപ്പെരിയാറും പുതിയ ഡാം കെട്ടണമെന്നും പറയാന്‍ തോന്നുന്നത് ഒരു കറ കളഞ്ഞ മലയാളിയുടെ ആത്മ രോഷം ആയി കണ്ടാല്‍ മതി ).ഇന്ന് അവളുടെ നെടുവീര്‍പ്പുകള്‍ എന്റെ ശ്വാസഗതി തന്നെ മാറ്റി മറിക്കുന്നു. അവളുടെ ചുണ്ടിലെ നനവും മാറിന്റെ മുഴുപ്പും എന്റെ ഉറക്കം കെടുത്തുന്നു. നെഞ്ചില്‍ നിശ്വാസത്തിന്‍ന്റെ ചൂടേറ്റ് നഗ്നമായ അവളുടെ പുറത്തു താഴുകിയുറങ്ങിയ പകലുകളുടെയും രാത്രികളുടെയും ഓര്‍മ്മകള്‍ ആവാം ഞാന്‍ പറഞ്ഞ ആ പേരറിയാത്ത സുഖത്തിന്റെ ഹേതു.
                               ഇനിയും അവളൊടുത്തു ഉണ്ടാവാന്‍ പോവുന്ന ദിവസങ്ങളേക്കാള്‍ ഓര്‍ത്തു പോവുന്നത് അവളില്ലാതെ പിറക്കാന്‍ പോവുന്ന ദിനരാത്രങ്ങളെ കുറിച്ചാണ്. പ്രണയ പരവശനായ ഒരുത്തന്റെ ആശങ്കയല്ല. മറിച്ചു യാഥാര്‍ത്ഥ്യം ആയേക്കാവുന്ന ഒരു പാട് സ്വപ്നങ്ങളുടെ ചിതയൊരുക്കാന്‍ മനസ്സില്ലാത്തത് കൊണ്ട്, നാളെയും ഇത് പോലെ ബെഡ്ഡില്‍ കാല് നീട്ടിവെച്ച് പിന്നിട്ട ഒരു ദിവസത്തിന്റെ കണക്കെടുക്കുമ്പോള്‍ വൃഥാ പോയ ഒരു ദിവസം എന്ന് സ്വയം വിധി എഴുതാതിരിക്കാന്‍ അവളുണ്ടയെ പറ്റൂ..നേരം പുലരട്ടെ. ഈ രാത്രിയുടെ നീളം കുറയട്ടെ. വഴിയരുകില്‍ കാത്തു നില്‍ക്കുന്ന അവളുടെ മുഖം എന്നില്‍ നാളെയെക്കുറിച്ചുള്ള ആകാംക്ഷ പടര്‍ത്തുന്നു. എന്നെ മാത്രം നോക്കി നില്‍ക്കുന്ന കപട സദാചാരത്തിന്റെ മാലഘമാരെ കൊഞ്ഞനം കുത്തി ഞാന്‍ ജീവിക്കട്ടെ..എനിക്ക് വേണ്ടി..!
                   

Saturday, March 10, 2012

ഗാന്ധിജിയെപ്പറ്റി പറയാതെ പോയത്.

കഴിഞ്ഞുപോയ ഇന്നലെകള്‍ ചരിത്രമാണ്‌. അതറിയാതെ പോയ ഇന്നിനും, അതറിയാന്‍ കൊതിക്കുന്ന നാളെക്കും വേണ്ടി അത്  ബാക്കിയാകുക തന്നെ ചെയ്യും. പക്ഷെ കാലാകാലങ്ങളില്‍ ചരിത്രകാരന്മാര്‍ രേഘപ്പെടുത്തിയ ചരിത്രങ്ങളുടെ വിശ്വാസ്യത അളക്കുക എന്ന പോക്ക്രിത്തരം ഞാന്‍ ചെയ്യുന്നില്ല. എന്നാലും ഈ എളിയവനു ഒരു അഭിപ്രായം ഉണ്ട്. ചരിത്രത്തില്‍,  പൊട്ടന്മാര്‍ ആനയെ കണ്ടത് പോലെ ഒരു ഉള്ള അനുഭവങ്ങള്‍ നിരവധി. വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്ന് സമാനമായ എല്ലാ സംഭവങ്ങളിലും കരുതുക വയ്യ. തനിക്കിഷ്ടമുള്ളത് പോലെ വരച്ചുവെക്കുന്ന ക്യാരികേച്ചരുകളുടെ  ലാഘവത്തോടെ ചരിത്രങ്ങള്‍ രേഘപ്പെടുത്തി വെച്ചതാകാം ഇതിനു കാരണം.  ചരിത്രാതീത കാലഘട്ടം എന്ന് വിളിക്കാറുള്ള കാലത്തെ അനുമാനങ്ങല്‍ക്കാണ് ഒരല്പം കൂടെ വിശ്വാസ്യത ഏറെ. ഇന്ത്യാചരിത്രത്തില്‍, സ്വാതന്ത്ര്യ സമര കാലഘട്ടത്തിനും അതിനു മുന്‍പും ചരിത്രത്തെ കശാപ്പു ചെയ്തിട്ടുണ്ടെങ്കിലും , സ്വാതന്ത്ര്യസമര കാലത്ത് അത് അതിന്റെ സീമയില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍. 
           ഇന്ത്യക്കാരുടെ യശ്സ്സുയര്‍ത്താന്‍, നെഞ്ചും വിരിച്ചു അഭിമാനത്തോടെ നമുക്ക് പറയാന്‍ ഒരു രാഷ്ട്രപിതാവുണ്ട് നമുക്ക്. അഹിംസ കൊണ്ടും സഹനം കൊണ്ടും രാഷ്ട്രം പണിതു തീര്‍ത്ത രാഷ്ട്രപിതാവ്. ചോദ്യം ഇതാണ്. രാഷ്ട്രപിതാവ്,ഗാന്ധിജി,ബാപ്പു, ഈ പേരുകള്‍ എല്ലാം ഗാന്ധിജിയുടെ സ്വഭാവങ്ങളുടെയോ പ്രവര്‍ത്തികളുടെയോ ഫലം തന്നെ. പക്ഷെ മഹാത്മാ ? ചരിത്രം നമ്മളെ എത്ര പേരെ അങ്ങിനെ വിളിക്കാന്‍ പ്രേരിപ്പിക്കും ? 1915-1916 കാലത്ത് സൌത്താഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഗാന്ധിജിയെ രവീന്ദ്രനാഥ ടാഗോര്‍ ' മഹാത്മാ ' എന്ന് വിശേഷിപ്പിച്ചത്‌ ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‌ ഗാന്ധിജി നേതൃത്വം കൊടുക്കുന്നതിനു വളരെ മുന്‍പായിരുന്നു. ടാഗോര്‍ അന്ന് അദ്ദേഹത്തിനെ അങ്ങിനെ വിളിക്കാനുള്ള കാരണം, പിന്നീട് ഗാന്ധിജി എടുക്കാന്‍ പോവുന്ന തീരുമാനങ്ങളെ മുന്‍കൂട്ടി ഗണിച്ചതായിരുന്നില്ല. ഹൈന്ദവ വിശ്വാസങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു നന്മ നിറഞ്ഞ ഹിന്ദു എന്നതായിരുന്നു ടാഗോറിന്റെ ആ അഭിസംബോധനക്ക് കാരണം. പിന്നീട് അത് ഏറ്റെടുത്തത് സ്വാതന്ത്ര്യം നേടാന്‍ പോകുന്ന ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകക്ക് കീഴെ അധികാരം മോഹിച്ചു തടിച്ചു കൂടിയവര്‍ ആയിരുന്നു. സൌത്ത് ആഫ്രിക്കയില്‍ അദ്ധേഹത്തിന്റെ  ' തുല്യ അവകാശങ്ങള്‍ സമരം ' നേരിട്ട ജാന്‍ സ്മട്ട്   ഗാന്ധിജിയെ വേദിയില്‍ ഇരുത്തി പറഞ്ഞത് ' ഇദ്ദേഹം സന്ന്യാസി ആണെന്ന് നിങ്ങള്‍ ആരെങ്കിലും ധരിച്ചെങ്കില്‍ അത് തെറ്റ്, ഇദ്ദേഹം ഒരു നല്ല രാഷ്ട്രീയക്കാരന്‍ ആണ് ' എന്നായിരുന്നു.  ഇത് പ്രശ്നക്കാരനായ ഒരു  കറുത്ത വര്‍ഗക്കാരനെ പറ്റി ഏതു ഇംഗ്ലീഷ് പോലിസ്കാരനും പറയുന്നതെന്ന് വിലയിരുത്താം. പക്ഷെ ഗാന്ധിജിയുടെ സമകാലികനായിരുന്ന ബി.ആര്‍. അംബേദ്‌കര്‍ കൂടെ ഇതേ അഭിപ്രായം പറഞ്ഞിരുന്നു എന്ന് ചരിത്രത്തിന്റെ ഏടുകളില്‍ കാണാം.                       
                            ജന്മം കൊണ്ട് ബ്രാഹ്മണര്‍ക്ക് സമാനമായ വൈശ്യ ഗോത്രത്തില്‍ പെട്ട ബനിയ എന്ന ഉന്നത കുലത്തില്‍ പിറന്ന ഗാന്ധിജിക്ക് സൌത്താഫ്രിക്കയില്‍  നേരിന്ടെണ്ടി വന്നത്  ' കൂലി ' എന്ന കറുത്ത വര്‍ഗക്കാരന് കിട്ടുന്ന നികൃഷ്ടമായ അനുഭവങ്ങള്‍ ആയിരുന്നുവെന്നും, അതു തുടര്‍ന്ന് അനുവദിക്കാതിരിക്കാന്‍ വേണ്ടിയോ അനുഭവിക്കാതിരിക്കാന്‍ വേണ്ടിയോ ആയിരുന്നു തുല്യ അവകാശങ്ങള്‍ സമരം ' ഗന്ധ്ജിയുടെ നേതൃത്വത്തില്‍ നടന്നത് എന്നും പിനീട് ഇന്ത്യയിലേക്ക്‌ മടങ്ങി വരന്‍ തീരുമാനിച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ആയിരുന്നില്ല എന്നതും ചരിത്രം. ഇതിനെ ശക്തിപ്പെടുത്തുന്ന മറുവശം,  'തുല്യ അവകാശങ്ങള്‍ സമരം ' അഥവാ ' തൊട്ടുകൂടായ്മ ' ഇല്ലാതാക്കുക എന്ന ഒരേ ഒരു ആവശ്യത്തിനു വേണ്ടി അഹിംസയുടെ മാര്‍ഗത്തിലൂടെ തന്നെ ശ്രമിച്ചു വന്നിരുന്ന  ബി.ആര്‍. അംബേദ്‌കര്‍, അതിനു സഹായം അഭ്യര്‍ഥിച്ചു ഗാന്ധിജിയുമായി നടന്ന കൂടികാഴ്ച ആണ്.  അന്നത്തെ ആ കൂടിക്കാഴ്ചയില്‍ ബി.ആര്‍. അംബേദ്‌കര്‍, ഗാന്ധിജിയോട് തൊട്ടുകൂടായ്മ ' ഇല്ലാതാക്കാന്‍ വേണ്ടി  ഗാന്ധിജിയും കോണ്‍ഗ്രസ്സും എടുത്ത നിലപാടുകളെ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ചേരാന്‍ തൊട്ടുകൂടായ്മ ' അങ്ങീകരിക്കില്ല എന്ന ഒരു നിബന്ധനയാണ് വേണ്ടതെന്നും അല്ലാതെ ഖദര്‍ ഇടുകയല്ല വേണ്ടത് എന്നും അംബേദ്‌കര്‍ തുറന്നടിച്ചു പറഞ്ഞുവെന്നതും ഗാന്ധിജിയുടെ പക്കല്‍ നിന്നും അനുകൂലമായ നിലപാട് ഉണ്ടായില്ല എന്ന് മാത്രം അല്ല, അംബേദ്‌കര്‍ ഒരു ബ്രാഹ്മന്‍ ആയിരുന്നു എന്ന് ഞാന്‍ ധരിച്ചു എന്നതായിരുന്നു ഗാന്ധിജി തന്റെ സെക്രടറി മഹാദേവ് ദേശായ് മറുപടി പറഞ്ഞത് എന്നും  ഒരു ചരിത്രം. സൌത്ത് ആഫ്രിക്കക്കു സമാനമായ ഒരു അനുഭവം ഗാന്ധിജിക്ക് ഇന്ത്യന്‍ മണ്ണില്‍ ഉണ്ടാവില്ല എന്നത് ഒരു കാരണം അല്ലായിരിക്കാം, പക്ഷെ അദ്ദേഹം ആഹോരാത്രം തൊട്ടുകൂടായ്മ ' ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരാളെ കൈ വെടിയുക ആയിരുന്നു ചെയ്തത്. ഗാന്ധിജി ഒരു ജാതി ഭ്രമം പിടിച്ച ഹിന്ദുത്വ വാതിയനെന്ന വൃത്തികെട്ട വാതം ഇതില്‍ ഇല്ല. അതെ സമയം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു. അതിന്റെ ഒരു പാട് ഉദാഹരങ്ങള്‍ അദ്ധേഹത്തിന്റെ വ്യക്തി ജീവിതത്തിലും പ്രതിഫലിച്ചു കാണാം.  ഇതാണോ മഹാത്മാ ?
              ഗാന്ധിജി എന്ന നേതാവിനെ ആദ്യമായി രാഷ്ട്ര പിതാവ് എന്ന് വിളിച്ച സുഭാഷ് ചന്ദ്ര ബോസ്, കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തപ്പോള്‍ അതിനെ എതിര്‍ത്തത് ഗാന്ധിജി ആയിരുന്നു. അതിന്റെ ഫലം, അന്ന് വരെ ഉള്ള കീഴ്വഴക്കങ്ങള്‍ക്ക് വിപരീദമായി ആദ്യമായി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരികയും ഗാന്ധിജിയുടെ സ്ഥാനാര്‍ഥി ആയിരുന്ന പട്ടാഭി സീതാരാമയ്യ  യെ തോല്‍പ്പിച്ചു ചരിത്രത്തില്‍ ആദ്യമായി സുഭാഷ്‌ ചന്ദ്ര ബോസ് ആദ്യത്തെ തിരഞ്ഞെടുത്ത കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആവുകയും ചെയ്തു. പിന്നീട് ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന്, ആദ്യത്തെ തിരഞ്ഞെടുത്ത കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സുഭാഷ്‌ ചന്ദ്ര ബോസ് പ്രസിഡന്റ്‌ സ്ഥാനം രാജി വെക്കുകയും തുടര്‍ന്ന് ഫോര്‍വേഡ് ബ്ലോക്ക്‌ സ്ഥാപിക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷി. ഗാന്ധിജി സ്വന്തം താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നു എന്നത് ചരിത്രം പറയാതെ പോയതോ, മറച്ചു പിടിച്ചതോ ആയ പരമമായ സത്യം.

ഗാന്ധിജി എന്ന രാഷ്ട്രപിതാവിന്റെ മുന്നില്‍, അദ്ധേഹത്തിന്റെ പരിശ്രമങ്ങളെ പൂര്‍ണമായി മനസ്സിലാക്കി അദ്ദേഹത്തിലെ മുഴുവന്‍ നന്മയും മനസ്സിലാക്കി ശിരസ്സ്‌ നമിക്കുന്നു...
പ്രണാമം...!