Monday, March 12, 2012

ഒരു മിഡ്നൈറ്റ്‌ ആത്മഗതം

                                        ജോലിയും അലച്ചിലും, വീട്ടിലെത്തി അത്താഴവും കഴിഞ്ഞു കിടക്കുന്നതിന്റെ മുന്‍പ് തലയിണ ചെരിച്ചുവെച്ച് ചാരി ഇരുന്നു, തീരാന്‍ പോവുന്ന ദിവസത്തിന്റെ കണക്കെടുപ്പിലാണ് ഞാന്‍. ഒരു തിരിഞ്ഞു നോട്ടം പതിവുള്ളതായിരുന്നെങ്കിലും ഇന്ന് അത് ഒരു പാട് മാറിയിരിക്കുന്നു. ജോലികളും ഓഫീസും കുടുംബവും വരവും ചിലവും വിഷയമാവാറുള്ള ആ ഇരുപ്പു അവസാനിക്കാറുള്ളത് " ആ..എന്തേലും ചെയ്യാം.." എന്നാ ആത്മഗത്തോടെയുള്ള ഒരു ദീര്‍ഖ നിശ്വാസവുമായാണ്. ഒരു ദിവസത്തിന്റെ തുടര്‍ച്ച ആയി അടുത്ത ദിവസം, പിന്നെ അടുത്തത്. ഇന്ന് ഈ ഇരുപ്പിന് കൂട്ട്ടായി എന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്..പേരറിയാത്ത ഒരു സുഖമുണ്ട്...കൂടെ ഒരായിരം നിറമാര്‍ന്ന സ്വപ്നങ്ങളുടെ അകമ്പടിയുണ്ട്. പഴയ, ഉത്തരവാദിത്തങ്ങള്‍ എന്നാ അഴിയാകുരുക്ക് ഇതിനിടയില്‍ മാറ്റിവെച്ചതല്ല. കഴിഞ്ഞു പോയ മണിക്കൂറുകളില്‍ അതിനു എനിക്ക് ഒരു പാട് സമയം കിട്ടിയിരിക്കുന്നു.ഒറ്റയ്ക്ക് ഓടി തീര്‍ത്തിരുന്ന വഴികളിലത്രയും എനിക്കിന്ന് അവളുടെ കാല്‍പെരുമാറ്റം കേള്‍ക്കാം. എനിക്ക് വേണ്ടി വഴിക്കണ്ണുമായി അവള്‍ കാത്തിരിപ്പുന്ടെന്നത് എന്റെ വേഗത കൂട്ടി. ഇന്ന്, ഈ ഇരുപ്പില്‍ തെളിയുന്നത് അവളുടെ മുഖവും, ചിരിക്കുമ്പോള്‍ അവളുടെ ഇരു കവിളുകളിലും വിരിയുന്ന ആ ഉണ്ടകളും...!  ഈ ' ഉണ്ടകള്‍ ' എന്ന് ഒരു സ്ത്രീ സൌന്ദര്യ വര്‍ണ്നനകളിലും കണ്ടിട്ടില്ല. ഒരു പക്ഷെ ഇതാദ്യം ആവാം. നാളിതു വരെ അവളോടും ആരും പറഞ്ഞിട്ടില്ലത്രേ, ഈ വിരിയുന്ന 'ഉണ്ട' കളെ പറ്റി. അതെനിക് വേണ്ടി മാത്രം തന്റെ മുഖത്ത് വിരിയുന്നതാണ്  എന്ന ഒരു വീമ്പു പറച്ചിലില്‍ ആണ് അന്ന് ആ സംസാരം നിന്നത്.                            
                    പണ്ട് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്. പെണ്ണ്, ഒരു പിടക്കോഴിയെ പോലെ ആണെന്ന്. (ആണ്‍ ഒരു പൂവന്‍ കോഴിയെ പോലെ ആണ് എന്ന് പറഞ്ഞാല്‍ അടി ഉറപ്പ്- അത് വേറെ കാര്യം.) യജമാനന്‍ പിടിക്കാന്‍ വരുമ്പോള്‍ ചിറകു വിടര്‍ത്തി പതിഞ്ഞിരിക്കുന്ന, ഇഷ്ടമില്ലാത്തവരെ കൊത്തിയോടിക്കുന്ന പിടക്കോഴി..!  അവളുടെ കവിളത്തു കൈ വെച്ച് കണ്ണില്‍ മാത്രം നോക്കിയിരുന്നപ്പോള്‍ അവള്‍ പോലും അറിയാതെ നിറയാറുള്ളതും , അനുസരണയില്ലാതെ അവളുടെ നെറ്റിയിലേക്ക് ഊര്‍ന്നിറങ്ങിയ മുടിയിഴകളെ വകഞ്ഞു മാറ്റി, ഉറങ്ങാന്‍ നേരം ആ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തുമ്പോള്‍ അടയാറുള്ളതുമായ കണ്ണുകളാവം എന്നില്‍ പിടക്കോഴിയുടെ ഓര്‍മ്മകള്‍ കൊണ്ട് വന്നത്. ( മൊത്തത്തില്‍ ഒരു കുറുക്കന്റെ സ്വഭാവം തോന്നുന്നെങ്കില്‍ എന്റെ കുറ്റമല്ല ). പിണങ്ങുമ്പോള്‍ അത് വരെ മനോഹരമായി പറഞ്ഞു വന്നിരുന്ന മലയാളം മറന്നു, തമിഴില്‍ പോരിനിരങ്ങുമ്പോള്‍ അവളുടെ മുഖത്ത് ജയലളിതയുടെ ധാര്‍ഷ്ട്യവും രജനികാന്തിന്റെ വീര്യവും കാണാം.( എനിക്ക് അപ്പോള്‍ മുല്ലപ്പെരിയാറും പുതിയ ഡാം കെട്ടണമെന്നും പറയാന്‍ തോന്നുന്നത് ഒരു കറ കളഞ്ഞ മലയാളിയുടെ ആത്മ രോഷം ആയി കണ്ടാല്‍ മതി ).ഇന്ന് അവളുടെ നെടുവീര്‍പ്പുകള്‍ എന്റെ ശ്വാസഗതി തന്നെ മാറ്റി മറിക്കുന്നു. അവളുടെ ചുണ്ടിലെ നനവും മാറിന്റെ മുഴുപ്പും എന്റെ ഉറക്കം കെടുത്തുന്നു. നെഞ്ചില്‍ നിശ്വാസത്തിന്‍ന്റെ ചൂടേറ്റ് നഗ്നമായ അവളുടെ പുറത്തു താഴുകിയുറങ്ങിയ പകലുകളുടെയും രാത്രികളുടെയും ഓര്‍മ്മകള്‍ ആവാം ഞാന്‍ പറഞ്ഞ ആ പേരറിയാത്ത സുഖത്തിന്റെ ഹേതു.
                               ഇനിയും അവളൊടുത്തു ഉണ്ടാവാന്‍ പോവുന്ന ദിവസങ്ങളേക്കാള്‍ ഓര്‍ത്തു പോവുന്നത് അവളില്ലാതെ പിറക്കാന്‍ പോവുന്ന ദിനരാത്രങ്ങളെ കുറിച്ചാണ്. പ്രണയ പരവശനായ ഒരുത്തന്റെ ആശങ്കയല്ല. മറിച്ചു യാഥാര്‍ത്ഥ്യം ആയേക്കാവുന്ന ഒരു പാട് സ്വപ്നങ്ങളുടെ ചിതയൊരുക്കാന്‍ മനസ്സില്ലാത്തത് കൊണ്ട്, നാളെയും ഇത് പോലെ ബെഡ്ഡില്‍ കാല് നീട്ടിവെച്ച് പിന്നിട്ട ഒരു ദിവസത്തിന്റെ കണക്കെടുക്കുമ്പോള്‍ വൃഥാ പോയ ഒരു ദിവസം എന്ന് സ്വയം വിധി എഴുതാതിരിക്കാന്‍ അവളുണ്ടയെ പറ്റൂ..നേരം പുലരട്ടെ. ഈ രാത്രിയുടെ നീളം കുറയട്ടെ. വഴിയരുകില്‍ കാത്തു നില്‍ക്കുന്ന അവളുടെ മുഖം എന്നില്‍ നാളെയെക്കുറിച്ചുള്ള ആകാംക്ഷ പടര്‍ത്തുന്നു. എന്നെ മാത്രം നോക്കി നില്‍ക്കുന്ന കപട സദാചാരത്തിന്റെ മാലഘമാരെ കൊഞ്ഞനം കുത്തി ഞാന്‍ ജീവിക്കട്ടെ..എനിക്ക് വേണ്ടി..!
                   

No comments:

Post a Comment