Wednesday, April 30, 2014

ഇൻവിറ്റേഷൻ



തുറന്നു വെച്ച ഓഫീസിൻറെ ചില്ല് വാതിൽ ചാരിനിന്ന് അവൻ തിമിർത്തു പെയ്യുന്ന മഴ നോക്കി നിന്നു.  മഴയെ കീറി മുറിച്ചു പായുന്ന തീവണ്ടി ഇന്ന് തൻറെ ചിന്തകളെ പോലെ നിശ്ശബ്ദമായതായി അവനു തോന്നി. പിന്നിൽ അശ്വതിയുടെ കാൽപെരുമാറ്റം കേട്ടപ്പോഴാണ് എവിടെയൊക്കെയോ മേഞ്ഞു നടന്നിരുന്ന  സ്വബോധത്തെ പെറുക്കി കൂട്ടി എടുത്തു തിരിഞ്ഞു നിന്നു അവളോട്‌ ചിരിച്ചെന്നു വരുത്തി.
ഹായ് ഉണ്ണി,
എന്തെ അശ്വതി..?
നല്ല മഴ..
ഉം..
ഒട്ടും മുഖവുര ഇല്ലാതെ അവൾ തുടർന്നു, എൻറെ വിവാഹമാണ്..
ആ..ഞാൻ അറിഞ്ഞു.  ഏപ്രിൽ 28 നു അല്ലേ..
അതെ, ഉണ്ണി വരണം..
ഇല്ല..ഞാൻ ഉണ്ടാവില്ല..എനിക്ക്... അവൻ വാക്കുകൾക്ക് വേണ്ടി പരതി,
അത് പറ്റില്ല, ഗിഫ്റ്റ് തരേണ്ടി വരും എന്ന് കരുതീട്ടല്ലേ..?
വീണ്ടും മഴയിലേക്ക്‌ നോക്കി അവൻ അതിനു മറുപടി നല്കി. അല്ല, അത് വേണേൽ ഞാൻ ഇപ്പൊ തരാം.
എന്നാ താ.. ഇപ്പൊ തന്നേക്ക്‌.
അവൻ തിരിഞ്ഞു അൽപ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
എന്താ തരണില്ലേ...?
ഉം..
അവൻ അവളുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.. പറയാതെ വെച്ച ഒരു വർഷത്തെ പ്രണയം വലതു കൈ കൊണ്ട് അവളുടെ നിറുകയിൽ  തുടച്ചു കളഞ്ഞു അവൻ ആർത്തുപെയുന്ന മഴയിലേക്കിറങ്ങി നടന്നു. മഴയുടെ പുകമറയിൽ അവൻ അലിഞ്ഞില്ലാതാവുന്നത് വരെ അശ്വതി അവനെ കണ്ടു. ഇടക്കെപ്പോഴോ വഴി തെറ്റി വന്നൊരു മഴതുള്ളി അവളുടെ കണ്ണുകളിൽ വീണു കവിളിലൂടെ ഒലിച്ചിറങ്ങി.