Wednesday, April 30, 2014

ഇൻവിറ്റേഷൻ



തുറന്നു വെച്ച ഓഫീസിൻറെ ചില്ല് വാതിൽ ചാരിനിന്ന് അവൻ തിമിർത്തു പെയ്യുന്ന മഴ നോക്കി നിന്നു.  മഴയെ കീറി മുറിച്ചു പായുന്ന തീവണ്ടി ഇന്ന് തൻറെ ചിന്തകളെ പോലെ നിശ്ശബ്ദമായതായി അവനു തോന്നി. പിന്നിൽ അശ്വതിയുടെ കാൽപെരുമാറ്റം കേട്ടപ്പോഴാണ് എവിടെയൊക്കെയോ മേഞ്ഞു നടന്നിരുന്ന  സ്വബോധത്തെ പെറുക്കി കൂട്ടി എടുത്തു തിരിഞ്ഞു നിന്നു അവളോട്‌ ചിരിച്ചെന്നു വരുത്തി.
ഹായ് ഉണ്ണി,
എന്തെ അശ്വതി..?
നല്ല മഴ..
ഉം..
ഒട്ടും മുഖവുര ഇല്ലാതെ അവൾ തുടർന്നു, എൻറെ വിവാഹമാണ്..
ആ..ഞാൻ അറിഞ്ഞു.  ഏപ്രിൽ 28 നു അല്ലേ..
അതെ, ഉണ്ണി വരണം..
ഇല്ല..ഞാൻ ഉണ്ടാവില്ല..എനിക്ക്... അവൻ വാക്കുകൾക്ക് വേണ്ടി പരതി,
അത് പറ്റില്ല, ഗിഫ്റ്റ് തരേണ്ടി വരും എന്ന് കരുതീട്ടല്ലേ..?
വീണ്ടും മഴയിലേക്ക്‌ നോക്കി അവൻ അതിനു മറുപടി നല്കി. അല്ല, അത് വേണേൽ ഞാൻ ഇപ്പൊ തരാം.
എന്നാ താ.. ഇപ്പൊ തന്നേക്ക്‌.
അവൻ തിരിഞ്ഞു അൽപ നേരം അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
എന്താ തരണില്ലേ...?
ഉം..
അവൻ അവളുടെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു.. പറയാതെ വെച്ച ഒരു വർഷത്തെ പ്രണയം വലതു കൈ കൊണ്ട് അവളുടെ നിറുകയിൽ  തുടച്ചു കളഞ്ഞു അവൻ ആർത്തുപെയുന്ന മഴയിലേക്കിറങ്ങി നടന്നു. മഴയുടെ പുകമറയിൽ അവൻ അലിഞ്ഞില്ലാതാവുന്നത് വരെ അശ്വതി അവനെ കണ്ടു. ഇടക്കെപ്പോഴോ വഴി തെറ്റി വന്നൊരു മഴതുള്ളി അവളുടെ കണ്ണുകളിൽ വീണു കവിളിലൂടെ ഒലിച്ചിറങ്ങി.

13 comments:

  1. "ഇടക്കെപ്പോഴോ വഴി തെറ്റി വന്നൊരു മഴതുള്ളി അവളുടെ കണ്ണുകളിൽ വീണു കവിളിലൂടെ ഒലിച്ചിറങ്ങി." - ആ പ്രയോഗം എനിക്ക് ഇഷടമായി.

    :)

    ReplyDelete
  2. പ്രണയം തുറന്നു പറയാന്‍ ധൈര്യം ഇല്ലാത്തവന്‍ മഴയും മഞ്ഞും കൊണ്ടിട്ടു കാര്യമില്ല. നല്ല കഥ.

    ReplyDelete
  3. പ്രണയവും നൈരാശ്യവുമെല്ലാം ആവർത്തിച്ചു പഴകിയ വിഷയങ്ങളാണ്. എങ്കിലും ഒതുക്കി പറഞ്ഞതിന്റെ ഭംഗി കഥയ്ക്കുണ്ട്.

    തുറന്നു വെച്ച ഓഫീസിൻറെ ചില്ല് വാതിൽ ചാരിനിന്ന് അവൻ തിമിർത്തു പെയ്യുന്ന മഴ നോക്കി നിന്നു. മഴയെ കീറി മുറിച്ചു പായുന്ന തീവണ്ടി ഇന്ന് എൻറെ ചിന്തകളെ പോലെ നിശ്ശബ്ദമായതായി അവനു തോന്നി >>... തീവണ്ടി ഇന്ന് തന്റെ ചിന്തകളെ.... എന്നാണ് അനുയോജ്യം.

    ReplyDelete
  4. കഥ പറച്ചിലില്‍ ഒരു സുഖമുണ്ട്..പക്ഷെ പ്രണയം പറയാന്‍ കെല്‍പില്ലാത്തവന് അത് പ്രവര്‍ത്തിച്ചു കാണിക്കാന്‍ ധൈര്യ മേറെ അല്ലെ?/rr

    ReplyDelete
  5. "ಕಣ್ಣು ದೊಡ್ಡದು ಮಾಡಿ ಸೌಹಾರ್ದಯುತ ಸಂಬಂದ ಬೆಳೆಸಲು ಸಾಧ್ಯವಿಲ್ಲ
    ಕಣ್ಣು ಮುಚ್ಚಿಕೊಂಡು ಸೌಹಾರ್ದಯುತ ಸಂಬಂದ ಬೆಳೆಸಲು ಸಾಧ್ಯವಿಲ್ಲ
    ಕಣ್ಣಿಗೆ ಕಣ್ಣು ಸೇರಿಸಿದರೆ ಮಾತ್ರ ಸೌಹಾರ್ದಯುತ ಸಂಬಂದ ಬೆಳೆಯುತ್ತದೆ "
    ಆಹಾ ಎಂಥ ಮಾತು ನಮ್ಮ ಗುರುಗಳು ಹೇಳಿದ್ದು ಯಾರೆಂದು ನೀವೇ ಊಹಿಸಿ

    ReplyDelete
  6. എല്ലാവര്ക്കും പച്ചയണിഞ്ഞ സുപ്രഭാതം
    സ്വന്തം Riyadhil നിന്നും ഞാന്‍
    Top10

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. പാടിപ്പതിഞ്ഞതാണെങ്കിലും കയ്യടക്കം കൊണ്ട് ഇഷ്ടായി

    ReplyDelete
  10. കല്യാണത്തിനുള്ള ക്ഷണം വേണ്ടി വന്നു പ്രണയം പറയാന്‍ ല്ലേ

    ReplyDelete
  11. അത് വേണ്ടാരുന്നു.
    അല്ലെങ്കില്‍ മുമ്പേ പറയണമായിരുന്നു

    ReplyDelete
  12. ലേബലുകളില്‍ അനുഭവവും കഥയും കാണുന്നു. ഒരിയ്ക്കലെങ്കിലും സ്‌നേഹിക്കപ്പെട്ട് ഉപേക്ഷിക്കപ്പെടുന്നതാണ് ഒരിയ്ക്കല്‍പ്പോലും സ്‌നേഹിക്കപ്പെടാതെ പോകുന്നതിനേക്കാള്‍ നല്ലതെന്നാണ് ഏതോ മഹാന്‍ എഴുതിയതായി വായിച്ചിട്ടുളളത്. സഫലമാകാതെപ്പോയ പ്രണയങ്ങളുടെ സൗന്ദര്യവും മൂല്യവും തിരിച്ചറിയുവാന്‍ മാധവികുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയും എം.ടി.യുടെ വാനപ്രസ്ഥവും വായിച്ചിരിക്കണം.

    ReplyDelete