Tuesday, May 29, 2012

യൂസുഫ്ക്കാ..മാപ്പ്...!

              തലേന്ന് മുഴുവന്‍ ഉറങ്ങാതിരുന്നതിന്റെയും വിമാനത്തിലെ തണുപ്പ് എന്നെ ഉറങ്ങാന്‍ വിടാത്തതിന്റെയും ക്ഷീണമുണ്ടായിരുന്നു അന്നെനിക്ക്. എല്ലാവരെയും പോലെ ഒരു പാട് സ്വപ്‌നങ്ങള്‍ തലയിലേറ്റി വന്നതൊന്നുമല്ല. പക്ഷെ ഇവിടെ വന്നെത്തിയ എന്നെക്കുറിച്ച് എന്റെ അച്ഛനു ഒരു പാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ വന്നു രക്ഷപ്പെടും എന്നതിന്റെ കൂടെ, നാട്ടില്‍ സ്വസ്ഥമായി നടക്കാം. അവിടെ എന്നെക്കുറിച്ചുള്ള ആവല-വെവലാതികള്‍ക്ക് ഒരു ആശ്വാസം ഉണ്ടാവുമെന്ന ഒരു പറയപ്പെടാത്ത സ്വപ്നവും ഉണ്ടായിരുന്നിരികണം. ഇതെന്റെ പുനര്‍ജ്ജന്മം ആണെന്ന് ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ഒരു പാട് ശ്രമിച്ചെങ്കിലും ഇതെന്റെ മരണമാണെന്ന് മനസ്സ് എന്നെ പറഞ്ഞു മനസ്സിലാക്കി. ഇന്നലെവരെ നാടിനും നാട്ടുകാര്‍ക്കും മുടങ്ങാതെ പണി കൊടുത്തിരുന്ന ഞാന്‍ ഇന്നിതാ അതെല്ലാം മാറ്റിവെച്ചു പത്തു മണിക്ക് തന്നെ ഉറങ്ങാന്‍ കിടന്നിരിക്കുന്നു. ഓര്‍മ്മ വെച്ചതിനു ശേഷം ഇത്രയും നേരത്തെ ഞാന്‍ കിടന്നിട്ടില്ല. എന്തുചെയ്യാം. പത്തു മണിക് ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നിരിക്കണം എന്നാ അലിഖിത ഭരണഘടനയുള്ള ഒരു മുറിയിലാണ് വന്നു പെട്ടിരിക്കുന്നത്. ഇന്നലെ വരെ ഉള്ളതെല്ലാം സ്വാഹ എന്ന സത്യം തിരിച്ചറിഞ്ഞു സ്വയം ഉറക്കത്തിലേക്കു ഊളിയിട്ടു. 
                            ഇടക്കപ്പെഴോ എഴുന്നേറ്റ ഞാന്‍ ഉള്ളു തുറഞ്ഞു വിളിച്ചു പോയി..അമ്മേ.....ഞാന്‍ വന്നു പെട്ടിരിക്കുന്നത് കാട്ടിലാണോ.. പണ്ടെപ്പോഴോ national geographic channel തുറന്നപ്പോ ഇത് പോലെയുള്ള കോലാഹലങ്ങള്‍ കേട്ടിട്ടുണ്ട്. സിംഹവും, കടുവയും, കരടിയും കഴുതപ്പുലിയും ഒരുമിച്ചു ഒരു സ്റ്റേജ് ഷെയര്‍ ചെയുന്നോ..ഓരോ കട്ടിലും മാറി മാറി നോക്കി..എല്ലായിടത്തുനിന്നും ഉണ്ട് ഓരോരുത്തരെ കൊണ്ട് കഴിയുന്ന അത്രേം ഉച്ചത്തില്‍ മുക്ക്ര ഇടല്‍....ഇടതു ഭാഗത്തെ കട്ടിലില്‍ ഉള്ളതാണ് യഥാര്‍ത്ഥ കഴുതപ്പുലി. ഹോ. സംസ്ഥാന യുവജനോസ്ലാവിതിനു വിട്ടാല്‍ ഇങ്ങേര്‍ക്ക് ഫസ്റ്റ് ഉറപ്പാ..ഈശ്വരാ..ഇതിന്റെ പേരോ കൂര്‍ക്കംവലി..? ഉറക്കം മതിയാക്കി ഇന്നലെ വരെയുള്ള ഓര്‍മ്മകളുടെ റീല്‍ വീണ്ടും കറക്കി. കാലത്ത് എണീറ്റപ്പോ കൂട്ടത്തില്‍ മനുഷ്യപ്പറ്റുള്ള ഒരു മനുഷ്യന്‍ വിശേഷം ഒക്കെ തിരക്കിയപ്പോ ഒരു അകംക്ഷക്ക് ചോദിച്ചു പോയി..  ആരാ ഈ ഇടത്തെ കട്ടിലില്‍ കിടക്കുന്നത് ? "അത് യൂസുഫ്ക്ക മോനെ..ഇവിടെത്തെ പണ്ടാരി( പാചകക്കാരന്‍). കൂര്‍ക്കം വലി കേട്ടിട്ടാവും അല്ലേ..ഭയങ്കര കൂര്‍ക്കം വലിയാ.ഉറങ്ങാന്‍ പറ്റില്ല....അവര്‍ക്ക് വയസായതല്ലേ..നമ്മള്‍ എന്താ പറയാ..? "  ഈ പറയുന്നതു കേട്ടാല്‍ തോന്നും ചെറുപ്പക്കാരന്‍ ചുള്ളന്‍ ആണ്..ഒട്ടും കൂര്‍ക്കം വലിക്കാത്ത ആളാണ്..ഇങ്ങേരുടെ പെര്ഫോമാന്സും ഒട്ടും മോശം ആയിരുന്നില്ലല്ലോ  എന്ന് മനസ്സില്‍ പറഞ്ഞു എണീറ്റു. അഞ്ചു പേരടങ്ങുന്ന ആ മുറിയില്‍ ഞാന്‍  വിചാരിച്ചാല്‍ വിപ്ലവം വരില്ലെന്ന തിരിച്ചറിവ് എന്നെ അച്ചടക്കത്തോടെ അവിടെ തുടരാന്‍ നിര്‍ബന്ധിതനാക്കി. പിന്നെയും പലപ്പോഴും യൂസുഫ്ക്കന്റെ കൂര്‍ക്കംവലി എന്റെ ഉറക്കം കളഞ്ഞു. ജോലിയെടുത്തു ക്ഷീണിച്ചു വൈകി വന്ന ഒരു ദിവസം ഈ കൂര്‍ക്കം വലി എന്നെ ഒട്ടും ഉറങ്ങാന്‍ വിടാതിരുന്നപ്പോള്‍ ആത്മാര്‍തമായി ദൈവത്തെ വിളിച്ചു..ആ ബോഡി ഒന്ന് മേലോട്ട് എടുക്കണേ.... എവടെ..യമനെ വരെ പുള്ളി വിറപ്പിച്ചു നിര്ത്തിയെക്കുവല്ലേ കൂര്‍ക്കംവലിച്ച്‌...!  
                             സ്വസ്ഥമായി ഒരിക്കലും എന്നെ ഉറങ്ങനന്‍ അനുവദിക്കാതിരുന്ന യുസുഫ്ക്കനെ ശപിക്കാത്ത ദിവസങ്ങള്‍ കുറവ്. മൂന്ന് വര്‍ഷങ്ങള്‍ക് മുന്‍പ് വേറെ ജോലിസ്ഥലത്തേക്ക് മാറിയ എന്റെ ഓര്‍മ്മകളില്‍ ഒരികലും യൂസുഫ്ക്ക വന്നില്ല. അവരെയൊക്കെ വിട്ടു വേറെ നാട്ടില്‍ വേറെ വീട്ടില്‍ ഞാനും എന്റെ ഭാര്യയും സ്വസ്ഥമായി അന്തിയുറങ്ങി. എന്റെ ഗള്‍ഫ്‌ ജീവിതത്തിന്റെ തുടക്കം  വിവരിച്ചപ്പോഴെപ്പോഴോ അവള്‍ കേട്ട് മറന്ന ഒരു പേരായി യൂസുഫ്ക്ക. ഇന്ന് അതെ യൂസുഫ്ക്ക എന്റെ ഉറക്കം വീണ്ടും കളയുന്നു. അന്ന് അവരോടു പകയുണ്ടായിരുന്നെങ്കില്‍ ഇന്നുള്ളത് ഒരു നിര്‍വികാരത മാത്രം ആണ്. 
             അറിയാത്ത ആ നമ്പരില്‍ നിന്ന് കാള്‍ വന്നപ്പോള്‍ എടുക്കേണ്ട എന്ന് കരുതിയതാണ്. പിന്നെ എന്തോ എടുത്തു. എനിക്ക് മനസ്സില്വാത്ത എന്തൊക്കെയോ പറഞ്ഞെങ്കിലും ഉണ്ണീ എന്നുള്ള വിളി മാത്രം മനസ്സിലായി. അത് യൂസുഫ്ക്കയുടെ ശബ്ദം...! പിന്നീട് ആ ഫോണ്‍ വാങ്ങി വേറെ ആരോ ആണ് എന്നോട് സംസാരിച്ചത്. വായില്‍ അര്‍ബുദം വന്നു ഭക്ഷണം പോലും കഴിക്കാന്‍ വയാതെ യൂസുഫ്ക്ക കിടന്നിട്ടു ആഴ്ചകള്‍ ആയിയെന്നും പാസ്പോര്‍ട്ട്‌ എക്സ്പയര്‍ ആയത് കൊണ്ട് നാട്ടില്‍ പോക്ക് നീണ്ടു.നാളെ നാട്ടിലേക് പറഞ്ഞയക്കുന്നു എന്നും. എല്ലാവര്ക്കും ഭക്ഷണം വെച്ച് വിളമ്പിയിരുന്ന യൂസുഫ്ക്കക്ക് ഒരിക്കലും വരരുതായിരുന്ന അവസ്ഥ...! യൂസുഫ്ക്കക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു ഞാന്‍ പറഞ്ഞത് ഇത്രമാത്രം. ഒന്നുമില്ല ഇക്ക..ഇക്ക വിജാരിച്ച പോലെ എല്ലാം നടക്കും..ഒന്നും നടക്കാതെ പോവില്ല..സുഖായിട്ട് നാട്ടിലോട്ടു പൊക്കോ. മറുപടി കേട്ടില്ല...കേട്ടത് ഒരു വിങ്ങല്‍ മാത്രം.. മനസ്സിന്റെയും ശരീരത്തിന്റെയും വേദന ഒരുമിച്ചു കടിച്ചമാര്‍ത്തിയ വിങ്ങലിന്റെ ശബ്ദം..!  ഉറക്കം ഇപ്പോഴും പോവുന്നു..തിരിച്ചു ആ അഞ്ചു കട്ടിലുകളില്‍ ഒന്നില്‍ ഇക്കാന്റെ കൂര്‍ക്കംവലി കേട്ട് കിടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പക്ഷെ  എനിക്ക് ഒന്നുറങ്ങാന്‍ പറ്റിയേനെ..!

3 comments:

  1. എന്തുണ്ട് പ്രവാസകാലം
    നല്‍കുന്ന സമ്പാദ്യം
    ദുഖമോ വേദനയോ
    രോഗമോ വാര്‍ദ്ദക്ക്യമോ
    മനസ്സുകള്‍ മരിക്കുന്നു
    മരുഭൂമിയില്‍ ആശകള്‍
    വിട്ടിട്ടു പോകുന്നു
    ദുഖമേ കൂട്ട് .....!

    ReplyDelete
  2. വായിച്ചു കഴിഞ്ഞപ്പോള്‍ ആകെ ഒരു അസ്വസ്ഥത .. സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ലല്ലോ..
    എഴുത്തിന്റെ ശക്തി !!!

    ReplyDelete
  3. പറഞ്ഞാലും പറഞ്ഞാലും തീരില്ല പ്രവാസകാര്യങ്ങള്‍. ഓരോ തവണ പറയുമ്പോഴും അത് എവിടെയോ കണ്ട അനുഭവം തന്നെ.

    ReplyDelete